കേളകം: ആറളം വനാതിർത്തിയിൽ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാൻ ആന മതിലിനോടുചേർന്ന് വൈദ്യുതി തൂക്കുവേലി സ്ഥാപിച്ചു. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ മുട്ടുമാറ്റി -വാളുമുക്ക് മുതൽ കരിയംകാപ്പ് വരെ മൂന്നു കി.മീറ്റർ ദൂരത്തിലാണ് ആനമതിലിന് മുകളിലൂടെ സോളാർ തൂക്കുവേലി സ്ഥാപിച്ചത്.
ആറളം വനാതിർത്തിയിലെ ആന മതിൽ മറികടന്ന് കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലെത്തി നാശനഷ്ടം വരുത്തുന്നതിനെതുടർന്നാണ് തൂക്ക് വൈദ്യുതി വേലി സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിന് 3.25 ലക്ഷം രൂപയാണ് അനുവദിച്ചത്. ആനയും മറ്റ് വന്യജീവികളും നിരന്തരം മതിൽ ചാടിക്കടന്ന് ശല്യം ഉണ്ടാക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ഡി.എഫ്.ഒ വൈശാഖ് ശശിധരന്റെ നിർദേശപ്രകാരം പാലുകാച്ചി വനസംരക്ഷണ സമിതിയാണ് നിർമാണം നടത്തിയത്.
കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നേരോത്ത്, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ മണത്തണ, കിഴ്പള്ളി സെക്ഷൻ സ്റ്റാഫും വാച്ചർമാരും സംയുക്തമായി പരിശ്രമിച്ചാണ് അടിയന്തരമായി നിർമാണം പൂർത്തിയാക്കിയത്.
കൊട്ടിയൂർ റെയിഞ്ച് ഓഫിസർ സുധീർ നെരോത്ത് സ്വിച്ച് ഓൺ നടത്തി. സോളാർ തൂക്കുവേലി ചാർജ് ചെയ്തതായും ഷോക്കേൽക്കാതിരിക്കാൻ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.