കേളകം: ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലകളിൽ കാട്ടാനകളുടെ വിളയാട്ടം തുടരുകയാണ്. ഒമ്പതാം ബ്ലോക്കിൽ കാട്ടാനയുടെ പിടിയിൽനിന്ന് നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇവരുടെ വീട് കാട്ടാന തകർത്തു. ഒമ്പതാം ബ്ലോക്കിലെ പുതുശ്ശേരി പി.ആർ. ബാലനും കുടുംബവുമാണ് കാട്ടാനയുടെ പിടിയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആനക്കൂട്ടം പി.ആർ. ബാലന്റെ വീടിനു മുന്നിലെത്തിയത്. വീട്ടുമുറ്റത്തെ വാഴ ഒടിക്കുന്ന ശബ്ദം കേട്ട് ബാലൻ വീട്ടിൽനിന്ന് പുറത്തിറങ്ങി ടോർച്ച് തെളിയിച്ചപ്പോൾ ആന വീട്ടിനുള്ളിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഓടി വീടിനകത്തേക്കു കയറിയ ബാലന്റെ പിന്നാലെ പാഞ്ഞടുത്ത ആന വീടിന്റെ മുൻഭാഗത്തെ ഷെഡ് തകർത്തു. തുറന്നിട്ട മുൻ വാതിലിനു സമീപം ഉറങ്ങുകയായിരുന്ന മകൻ ആറു വയസ്സുകാരൻ ദേവനന്ദിനെ വാതിലിനുള്ളിലൂടെ തുമ്പിക്കൈ നീട്ടി പിടിക്കാൻ ശ്രമം നടത്തി. അമ്മ രജിത കുട്ടിയുടെ കാലിൽ പിടിച്ചുവലിച്ച് ആനയുടെ പിടിയിൽനിന്ന് മകനെ രക്ഷിച്ചു.
ദേവനന്ദിനെയും കൂടെ ഉറങ്ങുകയായിരുന്ന മൂത്തമകൻ ദേവദാസിനെയും വാരിയെടുത്ത് വീടിനു പിറകുവശത്തെ വാതിൽ വഴി ഓടിരക്ഷപ്പെടുകയായിരുന്നു. ഏറെനേരം ആന വീട്ടുമുറ്റത്തുതന്നെ തമ്പടിച്ചുനിന്നശേഷമാണ് തിരിച്ചുപോയത്. അതുവരെ ദൂരെ മാറി ഇരുട്ടിൽ കഴിഞ്ഞ കുടുംബാംഗങ്ങൾ ആന മടങ്ങിപ്പോയശേഷമാണ് വീട്ടിൽ തിരികെ എത്തിയത്. ബുധനാഴ്ച പകലും വീട്ടുപരിസരത്തുതന്നെ ആന തമ്പടിച്ചുനിൽക്കുന്ന അവസ്ഥയാണ്. 13 വർഷമായി ആറളം ഫാമിലെ ഒമ്പതാം ബ്ലോക്കിൽ കുടിൽകെട്ടി കഴിയുകയാണ് ബാലനും കുടുംബവും. ഇവർക്ക് സ്വന്തമായി ഭൂമി ലഭിക്കാത്തതിനാൽ കോൺക്രീറ്റ് വീടോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. മേഖലയിൽ ഇപ്പോഴും കാട്ടാനശല്യം വർധിച്ചുവരുകയാണ്. പ്രദേശത്തെ നിരവധി തെങ്ങുകളും കാട്ടാനകൾ നശിപ്പിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഫലം കാണാത്ത അവസ്ഥയിലാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.