കേളകം: പ്രളയകാലത്ത് മലയോരത്തെ കരകയറ്റിയ കേന്ദ്രസേന തലവന് നാടിന്റെ യാത്രാമൊഴി. ലെഫ്റ്റനന്റ് കേണൽ(റിട്ട.) എം.കെ. സുരേന്ദ്രന്റെ വിയോഗം കൊട്ടിയൂർ ജനതക്കും ഇരട്ടി നൊമ്പരമായി. 2018 ആഗസ്റ്റിലുണ്ടായ ഉരുൾപൊട്ടൽ പരമ്പരകളിൽപ്രളയത്തിൽ തകർന്ന കൊട്ടിയൂരിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കേന്ദ്രസേനയുടെ തലവൻ എം.കെ. സുരേന്ദ്രനായിരുന്നു. പ്രളയത്തിൽ തകർന്ന കൊട്ടിയൂരിലെ പാതകളും പാലങ്ങളും ഗതാഗത യോഗ്യമാക്കി കേണൽ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള കേന്ദ്രസേന നാട്ടുകാരുടെ കൈയടി നേടിയിരുന്നു. കൊട്ടിയൂർ മന്ദം ചേരിയിലെ ദേവസ്വത്തിന്റെ ഇരുമ്പുപാലവും പാമ്പറപ്പാൻ പാലവും മലവെള്ളപ്പാച്ചിലിൽ തകർന്നപ്പോൾ പ്രതിസന്ധി മറികടക്കാൻ മലയോര ജനതക്ക് താങ്ങും തണലുമായിനിന്നത് ജനമനസ്സുകൾ അനുസ്മരിക്കുന്നു. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മുളകളും കമുകുതടികളും കൊണ്ട് താൽക്കാലിക പാലങ്ങൾ കെട്ടിയുണ്ടാക്കി നാട്ടുകാരെ മറുകരയെത്തിക്കാൻ യത്നിച്ചതും കേന്ദ്രസേനയായിരുന്നു. കൂടാതെ കൊട്ടിയൂർ പരിസരത്തെ തകർന്ന പാതകളും കല്ലിട്ട് നികത്തി ഗതാഗതയോഗ്യമാക്കിയും, കൊട്ടിയൂർ ജുമാമസ്ജിദിന്റെ തകർന്ന സുരക്ഷാ മതിൽ താൽക്കാലികമായി കല്ലുനിറച്ച് പുനസ്ഥാപിച്ചതും നാട്ടുകാർ ഓർക്കുന്നു. പള്ളിയുടെ പുഴയോരത്തെ സംരക്ഷണഭിത്തി തകർന്നത് മസ്ജിദിന് ഭീഷണിയാണെന്നറിഞ്ഞാണ് ലഫ്. കേണൽ എം.കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ നിർമാണം നടത്തിയത്.
പ്രളയത്തിൽ മുങ്ങിയ കൊട്ടിയൂരിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട നാൽപതംഗ കേന്ദ്രസേനയെ അഭിവാദ്യങ്ങളോടെയാണ് നാട്ടുകാർ സേവനങ്ങൾക്കുശേഷം തിരികെയാത്രയാക്കിയത്. കേന്ദ്രസേന നടത്തിയ സാഹസിക പ്രവർത്തനങ്ങളിൽ തകർച്ചയിലേക്ക് നീങ്ങിയ മൂന്ന് പാലങ്ങൾ സംരക്ഷിക്കുകയും നിരവധി പാതകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കുകയും ചെയ്തിരുന്നു. 18ാമത്തെ വയസ്സിൽ ഒരു സാധാരണ പട്ടാളക്കാരനായി ഔദ്യോഗിക ജീവിതം തുടങ്ങിയ എം.കെ. സുരേന്ദ്രൻ കണ്ണൂർ ഡി.എസ്.സി. സെന്ററിലടക്കം വിവിധ മിലിട്ടറി യൂനിറ്റുകളിൽ 40 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.