കേളകം: കൊടുംവേനലിൽ കാടുകൾ വരണ്ടു തുടങ്ങിയതോടെ വന്യമൃഗങ്ങൾ നാടുകളിലേക്ക് ഇറങ്ങിത്തുടങ്ങി. വനത്തിനുള്ളിലെ ജലാശയങ്ങൾ വറ്റിയതും തളിരിലകളും മറ്റും ഇല്ലാതായതുമാണ് മൃഗങ്ങൾ കാടിറങ്ങാനുള്ള കാരണം.
കാട്ടാനയും പുലിയും കാട്ടുപന്നിയും കടുവ, കുരങ്ങ്, കുറുക്കൻ തുടങ്ങിയ വന്യമൃഗങ്ങളും കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുകയാണ്. വനാതിർത്തിയിലുള്ള കാർഷിക ഗ്രാമങ്ങളിലും മറ്റും ഭക്ഷ്യവസ്തുക്കൾ തേടിയാണ് മൃഗങ്ങൾ എത്തുന്നത്.
വനാതിർത്തികളിൽ മാത്രമല്ല മലയോര മേഖലകളിലെ ടൗണുകളിലേക്കും ഇവയുടെ ശല്യം രൂക്ഷമാണ്. ആറളം, കൊട്ടിയൂർ, കണ്ണവം വനങ്ങളിൽനിന്നാണ് വന്യമൃഗങ്ങൾ നാട്ടിലേെക്കത്തുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് ഇവ നശിപ്പിക്കുന്നത്. രാത്രിയിലും പകലും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന ആളുകളുടെ എണ്ണം നിരവധിയാണ്. വേനൽ കടുക്കുന്നതോടെയാണ് വന്യമൃഗശല്യം അതിരൂക്ഷമായത്. കുടിവെള്ള സ്രോതസ്സുകൾ കുറയുന്നതും വനത്തിൽ തീറ്റ ഇല്ലാതാകുന്നതുമാണ് ഇതിന് കാരണമാകുന്നത്. കുടക്, ബ്രഹ്മഗിരി വനമേഖലകളിൽനിന്നു കൂട്ടമായെത്തുന്ന കാട്ടാനകളും മറ്റു വന്യജീവികളും ആറളം, കൊട്ടിയൂർ വനാതിർത്തികളിലെ ചീങ്കണ്ണിപ്പുഴ താവളമാക്കിയത് കർഷകർക്ക് കനത്ത ഭീഷണിയായി.
കേളകം: ശാന്തിഗിരി രാജമലയിൽ കടുവയെ കണ്ടതായി ടാപ്പിങ് തൊഴിലാളികൾ. നിരന്തരമായി കടുവയുടെ സാന്നിധ്യമുള്ള പ്രദേശത്ത് ടാപ്പിങ് ജോലികൾ തൊഴിലാളികൾ നിർത്തിവെച്ചു. കടുവയും പുലിയും പ്രദേശവാസികൾക്ക് ഭീഷണിയായിട്ടും വനം അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ. ബുധനാഴ്ച പുലർച്ചയാണ് തൊഴിലാളികൾ കടുവയുടെ മുന്നിൽപെട്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊട്ടിയൂർ റേഞ്ച് വനപാലകർ സ്ഥലത്തെത്തി അന്വേഷണം നടത്തി.
പ്രദേശത്ത് നിരന്തരം കടുവകളെ കണ്ടെത്തുന്നതായും കൂടുവെച്ച് കടുവയെ പിടികൂടിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും നാട്ടുകാർ പറഞ്ഞു. ആദ്യഘട്ടമായി പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ ഡി.എഫ്.ഒ അറിയിച്ചു. കഴിഞ്ഞ ദിവസം ശാന്തിഗിരിയിൽ പുലിയെ കണ്ടതും പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.