കേളകം: തുടർച്ചയായ ഉരുൾപൊട്ടൽ ഭീഷണിയിൽ കണിച്ചാർ പഞ്ചായത്തിലെ സെമിനാരിവില്ല, പൂളക്കുറ്റി പ്രദേശവാസികൾ ഭീതിയിൽ. സെമിനാരിവില്ലയിൽ ഒരുമാസത്തിനുള്ളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത് അഞ്ചുതവണ. ബുധനാഴ്ച വൈകീട്ടും അഞ്ചോടെ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. 27-ാം മൈലിൽ കണ്ണവം ഫോറസ്റ്റ് റേഞ്ച് വനമേഖലയിലാണ് ഈ തുടർ ഉരുൾപൊട്ടൽ ഉണ്ടാവുന്നത്.
ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രമായി 27ാം മൈൽ സെമിനാരിവില്ല മാറി. മഴപെയ്താൽ എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടാവുന്ന സ്ഥിതിയിലാണ് ഈ പ്രദേശം. മുമ്പ് ഉരുൾപൊട്ടിയ ഭാഗങ്ങളിൽ തന്നെയാണ് വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായത്.
വനത്തിനുള്ളിലെ പ്രദേശമായതിനാൽ ഉരുൾപൊട്ടലിന് തീവ്രത എത്രകണ്ട് ഉണ്ട് എന്നും, അതിന്റെ ഭീഷണി എത്രയുണ്ടെന്നും പ്രദേശവാസികൾക്ക് മനസ്സിലാക്കാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. പഠനം നടത്താനോ താമസക്കാരെ മാറ്റിപ്പാർപ്പിക്കാനോ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കാത്തതിൽ നാട്ടുകാരിൽ കടുത്ത അമർഷമുണ്ട്. ആഗസ്റ്റ് ഒന്ന്, 27, 28, 30 ,31 ദിവസങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്.
പെയ്യുന്ന മഴയെക്കാളും കനത്തവെള്ളമാണ് ഉരുൾപൊട്ടലിൽ മലവെള്ളപ്പാച്ചിലായി എത്തുന്നത്. പ്രദേശത്തെ ജനങ്ങളെല്ലാം കടുത്ത ഭീതിയിലാണ് കഴിയുന്നതെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.