കേളകം: കാട്ടാനയെ പ്രതിരോധിക്കാന്‍ ആറളം വനാതിർത്തിയിൽ തൂക്കുവൈദ്യുതി വേലി സ്ഥാപിക്കുന്നതിന് നടപടി ആരംഭിച്ചതായി കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അറിയിച്ചു. ആദ്യഘട്ടത്തിൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളയഞ്ചാലിൽ വേലി സ്ഥാപിക്കും.
നിലവിൽ ആറളം വനാതിർത്തിയിലെ വളയഞ്ചാൽ മുതൽ കരിയംകാപ്പ് വരെ പത്ത് കിലോമീറ്റർ മാത്രമാണ് ആനമതിൽ പൂർത്തിയായത്. അവശേഷിച്ച കരിയംകാപ്പ് മുതൽ രാമച്ചി, ശാന്തിഗിരി, പാലുകാച്ചി, പന്നിയാംമല, അമ്പായത്തോട്, പാൽചുരം വരെ വനാതിർത്തികൾ തുറന്നുകിടക്കുന്നതിനാൽ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കുന്നത് തടയുന്നതിന് ആദ്യഘട്ടത്തിൽ തൂക്കുവൈദ്യുതി വേലി സ്ഥാപിക്കുകയാണ് ലക്ഷ്യം.
നിലവിൽ ആന മതിൽ പൂർത്തിയായ കരിയംകാപ്പ് മുതൽ രണ്ടര കിലോമീറ്റർ വനാതിർത്തി പ്രദേശത്തെ കൃഷിയിടങ്ങളോട് ചേർന്ന് തൂക്ക് വേലി സ്ഥാപിക്കാൻ നടപടി ആവശ്യപ്പെട്ട് വനം വകുപ്പിന് കത്ത് നൽകിയതായും പദ്ധതി നടപ്പാക്കുന്നതിനായി ജനകീയ കമ്മിറ്റി രൂപവത്കരിക്കുകയുമാണ് ലക്ഷ്യമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ചീങ്കണ്ണിപുഴയിലൂടെ കാട്ടാനകൾ സഞ്ചരിക്കുന്നത് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. പുഴ കടന്ന് ആന മതിലും തൂക്ക് വൈദ്യുതി വേലിയും തകർത്ത് കാട്ടാനകൾ വളയഞ്ചാൽ, കാളിക്കയം, അണുങ്ങോട് പ്രദേശങ്ങളിൽ കാർഷിക വിളകൾ നശിപ്പിക്കുമ്പോൾ നിസ്സഹായരായി നെടുവീർപ്പിടുകയാണ് മലയോര കർഷകർ.
37 കോടി രൂപ ചെലവിൽ ആറളം ഫാമിൽ ആനമതിൽ നിർമാണം ആരംഭിക്കുന്നതോടെ ഫാമിലും പുനരധിവാസ ബ്ലോക്കുകളിലും തമ്പടിച്ചിട്ടുള്ള എഴുപതോളം കാട്ടാനകൾ ചീങ്കണ്ണിപ്പുഴയോരത്തേക്ക്ആന മതിൽ ഇല്ലാത്ത കരിയം കാപ്പ് വഴി ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാനുള്ള പ്രതിരോധവേലി നിർമിക്കുകയാണ് ലക്ഷ്യം.
ശാശ്വത പരിഹാരമായി ആനമതിൽ നിർമാണം നടക്കും വരെ താൽക്കാലിക പരിഹാരമായി വേലി സ്ഥാപിച്ച് നിരീക്ഷണത്തിനായി വനപാലകരെ നിയമിക്കണമെന്നും കർഷകരും കർഷക സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.