കേളകം: ദിവസങ്ങളായി കനത്തമഴ തുടരുന്ന മലയോരത്ത് ഉരുൾപൊട്ടൽ ഭീതിയിൽ ജനങ്ങൾ. കേളകം, കൊട്ടിയൂർ, കണിച്ചാർ, കോളയാട്, ആറളം, അയ്യംകുന്ന് പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളാണ് ഉരുൾപൊട്ടൽ ഭീതിയിലുള്ളത്. തുടരുന്ന കനത്ത മഴയിൽ മേഖലയിലെ പുഴകളിൽ ജലവിതാനം ഉയർന്നിട്ടുണ്ട്.
മഴ കനത്ത് പെയ്യുന്നതിനാൽ കൊട്ടിയൂർ-വയനാട്, നിടുംപൊയിൽ-വയനാട് ചുരം റോഡുകളിൽ മണ്ണിടിച്ചിൽ -പാറയിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. കൊട്ടിയൂർ, ആറളം വനങ്ങളിൽ ഉൾപ്പെടെ കനത്തമഴ തുടരുന്നതിനാൽ ചീങ്കണ്ണി, കക്കുവ, ബാവലിപ്പുഴകൾ, തോടുകളും കരകവിഞ്ഞൊഴുകുകയാണ്.
പുഴയോരങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം കയറിത്തുടങ്ങി. കനത്തമഴയെ തുടർന്ന് മേഖലയിലെ റോഡുകളിൽ വെള്ളം നിറഞ്ഞ് വാഹനയാത്ര ദുഷ്കരമായി. മലയടിവാരങ്ങളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ ഭീതിയിലാണ്. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് അധികൃതർ ജാഗ്രത നിർദേശം നൽകി.
ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും അധികൃതർ നിർദേശം നൽകി.
കേളകം: കനത്ത കാറ്റിൽ പൂളക്കുറ്റിയിലെ പാറക്കല്‍ ത്രേസ്യാമ്മയുടെ വീടീന്റെ മേല്‍ക്കൂരയും ജനലുകളും മരം വീണ് തകര്‍ന്നു. സംഭവ സമയം വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി.
പെരിങ്ങത്തൂർ: മയ്യഴി പുഴയുടെ ഭാഗമായ പെരിങ്ങത്തൂർ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പെരിങ്ങത്തൂരിൽ നിർമിച്ച ബോട്ടുജെട്ടി വെള്ളത്തിലായി. ജെട്ടി പ്രവർത്തനം ആരംഭിച്ചില്ലെങ്കിലും ദിനേന നിരവധിപേർ ഈ ബോട്ട്ജെട്ടിയിലെത്താറുണ്ട്. ജലനിരപ്പ് നല്ലവണ്ണം ഉയർന്നതിനാൽ ജെട്ടിയിലേക്ക് പ്രവേശിക്കരുതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.