കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനോടനുബന്ധിച്ച് കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി വിളിച്ചുചേർത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗം ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് ചേർന്നു. കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി എം ഹേമലത യോഗം ഉദ്ഘാടനം ചെയ്തു. പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ, കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, സെപ്ഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ് കുമാർ, ദേവസ്വം ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, പ്രശാന്ത്, രവീന്ദ്രൻ പൊയിലൂർ, കേളകം, കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ തങ്കമ്മ മേലെക്കുറ്റ്, ഷാന്റി തോമസ്, കേളകം എസ്.എച്ച്.ഒ ജാൻസി മാത്യു എന്നിവർ സംസാരിച്ചു. ഇക്കരെ കൊട്ടിയൂരിലും പരിസരത്തും കഴിഞ്ഞ വർഷങ്ങളെക്കാൾ സിസിടിവി കാമറകൾ സ്ഥാപിക്കും.
പാർക്കിങ്ങിനായി സ്വകാര്യ വ്യക്തികളുടേതടക്കം സ്ഥലങ്ങൾ സജ്ജീകരിക്കും. എന്നാൽ കേളകം ടൗണിൽ പാർക്കിങ് നിയന്ത്രിക്കാനായി കയർ കെട്ടി തിരിക്കാൻ അനുവദിക്കില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. ഇക്കരെ അക്കരെ കൊട്ടിയൂരിൽ വാച്ച് ടവർ സ്ഥാപിക്കും. ഉത്സവ നഗരി യാചക നിരോധന മേഖലയായിരിക്കും. പെർമിറ്റ് ഇല്ലാതെ കൊട്ടിയൂരിലേക്ക് ബസ് സസ്വിസ് നടത്തിയാൽ പിടികൂടും.
ഉത്സവ നഗരിയിൽ പൊലീസ് റിക്കവറി വാൻ എത്തിക്കാനും ആംബുലൻസിന് സ്ഥിരമായി ഡ്രൈവർമാരെ നിയമിക്കണമെന്നും യോഗത്തിൽ ആവശ്യമുന്നയിച്ചു. പൊലീസ്, റവന്യൂ, കെ.എസ്.ഇ.ബി, എക്സൈസ്, ആരോഗ്യ, വനം, മോട്ടോർ വാഹന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.