കേളകം: കാലങ്ങളായി നിലച്ച മാനന്തവാടിയിൽനിന്ന് കോട്ടയത്തേക്കുള്ള കെ.എസ്.ആർ.ടി.സി ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചർ സർവിസ് കൊട്ടിയൂർ ഉത്സവകാലമായിട്ടും പുനരാരംഭിക്കാത്തതിൽ പ്രതിഷേധം ശക്തം.
വൈശാഖ മഹോത്സവ കാലത്ത് തെക്കൻ ജില്ലയിൽ നിന്നുള്ളവർക്കും മലയോരത്തെ മറ്റനേകം യാത്രക്കാർക്കും ഉപകാരപ്പെടുന്ന ദീർഘദൂര സർവിസ് പുനരാരംഭിക്കാൻ കേളകം ആസ്ഥാനമായ കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതി ഗതാഗതമന്ത്രിക്കും, വകുപ്പ് മേധാവികൾക്കും, സണ്ണി ജോസഫ് എം.എൽ.എക്കും നിവേദനം നൽകിയിരുന്നു. കേളകം കെ.എസ്.ആർ.ടി.സി. സംരക്ഷണസമിതി ഭാരവാഹികളായ അഡ്വ. ഇ.ജെ. റോയി, ബിന്റോ കറുകയിൽ എന്നിവരാണ് ആഴ്ച്ചകൾ മുമ്പ് നിവേദനം നൽകിയത്.
മാനന്തവാടി ഡിപ്പോയിൽ തന്നെ കൂടുതൽ വരുമാനമുള്ള (30,000 രൂപ-40,000 രൂപ) ഈ സർവിസ് പുനരാരംഭിക്കാത്തതിന്റെ കാരണം അവ്യക്തമാണ്. രാത്രി 7.45ന് മാനന്തവാടിയിൽനിന്ന് കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചർ കൊട്ടിയൂർ-ഇരിട്ടി -തലശ്ശേരി-കോഴിക്കോട്-എടപ്പാൾ-തൃശൂർ-മൂവാറ്റുപുഴ വഴി രാവിലെ കോട്ടയത്തെത്തുന്ന സർവിസാണിത്. വൈകീട്ട് 5:20ന് കോട്ടയത്തുനിന്നും പുറപ്പെട്ട് രാവിലെ തിരിച്ചെത്തും.
കൊട്ടിയൂർ തീർഥാടകർക്കൊപ്പം, മേഖലയിലെ വ്യാപാരികൾ, വിദ്യാർഥികൾ, തുടങ്ങി നൂറ് കണക്കിനാളുകൾക്ക് സൗകര്യപ്രദമാകുന്ന സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളു വെട്ടിക്കൽ, കേളകം യൂനിറ്റ് ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ എന്നിവർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.