കേളകം: ആറളം ഫാമിൽ പതിറ്റാണ്ടുകളായി പുനരധിവാസം കാത്തുകഴിയുന്ന കർഷക കുടുംബങ്ങൾക്ക് ഭൂമി കൈമാറ്റം പൂർത്തിയാക്കുന്നതിൽ താളപ്പിഴ. പട്ടയം നൽകിയിട്ടും ഭൂമി അളന്ന് നൽകാത്തതിനാൽ ആറളത്തെ15 കുടുംബങ്ങളുടെ പുനരധിവാസം ചുവപ്പ് നാടയിലൊതുങ്ങി.
ഇരിട്ടി വള്ളിയാട് വയലിൽ സർവേ നമ്പർ 46ൽ 23.02.2016ൽ ആറളം ഫാം കർഷക കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചു നൽകിയ 15 സെന്റ് സ്ഥലം നാളിതുവരെയായി അളന്നു തിരിച്ചു നൽകാത്ത സർക്കാറിന്റെ നടപടിയിൽ പ്രതിഷേധം നിലനിൽക്കുകയാണ്.
പട്ടയം നൽകിയ ഭൂമി കോടതിവിധിയെ തുടർന്ന് സ്റ്റേ ചെയ്തതായിട്ടാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. കാലാകാലങ്ങളായി അർഹതപ്പെട്ട ഭൂമിക്കു വേണ്ടി നീതിക്കായി കാത്തു നിൽക്കുകയാണ് പുനരധിവാസ കുടുംബങ്ങൾ. ആറളത്ത് ജന്മിയായിരുന്ന എ.കെ. കുഞ്ഞമ്മായൻ ഹാജിയുടെ ജോലിക്കാരായി അരനൂറ്റാണ്ടുമുമ്പ് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിയവരിൽ 15 കുടുംബങ്ങളിലെ അംഗങ്ങളാണ് സർക്കാറുകളുടെ ഉദാസീനത മൂലം ഒരുതുണ്ട് ഭൂമിക്കായി അലയുന്നത്. ഇവരോടൊപ്പം ആറളം ഫാമിലുണ്ടായിരുന്ന ആദിവാസി കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അഞ്ചേക്കറും, രണ്ടാം ഘട്ടത്തിൽ ഒരേക്കറും ഭൂമി വീതം നൽകി പുനരധിവസിപ്പിച്ചിട്ടും 15 പുരാതന കർഷക കുടുംബങ്ങളുടെ പുനരധിവാസം അനിശ്ചിതത്വത്തിലാണ് ഇന്നും.
ആറളത്ത് ജന്മിയായിരുന്ന എ.കെ. കുഞ്ഞമ്മായൻ ഹാജിയുടെ 7500 ഏക്കർ ഭൂമി ആറളം ഫാമിന് വിട്ട് നൽകുമ്പോൾ തങ്ങളോടൊപ്പമുണ്ടായിരുന്ന 32 മുസ്ലിം കുടുംബങ്ങളെയും, ആദിവാസി കുടുംബങ്ങളെയും അർഹമായ ഭൂമി നൽകി പുനരധിവസിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടായിട്ടും ഒരു വിഭാഗം അവഗണിക്കപ്പെട്ടതാണ് ചരിത്രം.
ആയുസ്സിന്റെ ഭൂരിഭാഗവും ആറളത്തെ മണ്ണിൽ രാപ്പകലോളം കഷ്ടപ്പെട്ട് കൃഷി ചെയ്തു ജീവിച്ചു വന്ന പലരും പുനരധിവാസ സ്വപ്നം സഫലമാകാതെ ഇഹലോകവാസം വെടിഞ്ഞു. ഇവരുടെ പിൻമുറക്കാരാണ് ഇന്ന് പരാതിക്കാർ. മാസങ്ങൾക്കു മുമ്പ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ ഇരിട്ടി തഹസിൽദാർ വിളിച്ച് ചേർത്ത യോഗത്തിൽ ഭൂമിപ്രശ്നത്തിൽ സർക്കാർ ഭാഗത്തു നിന്ന് തീരുമാനം ഉണ്ടാകുമെന്നു അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കുടുംബങ്ങൾ പറഞ്ഞു. പുനരധിവാസ പദ്ധതി പ്രകാരം ആകെയുണ്ടായിരുന്ന 32 കുടുംബങ്ങളിൽ തീർത്തും ഭൂരഹിതരായ 12 കുടുംബങ്ങൾക്ക് ആറളം പഞ്ചായത്തിലും, അഞ്ച് കുടുംബങ്ങൾക്ക് പടിയൂർ വില്ലേജിലും 15 സെന്റ് ഭൂമി വീതം വിതരണം ചെയ്തിരുന്നു. ബാക്കിയായ 15 കുടുംബങ്ങൾക്ക് കീഴൂർ വില്ലേജിലാണ് ഭൂമി കണ്ടെത്തി പട്ടയം നൽകിയത്. എന്നാൽ, കീഴൂരിൽ കണ്ടെത്തിയ മിച്ചഭൂമി സംബന്ധിച്ച് നിയമ തടസ്സമുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഭൂമി ലഭിച്ചവർക്ക് വീട് നിർമിക്കാൻ മൂന്ന് ലക്ഷംരൂപ വീതം നൽകുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെന്നാണ് പുനരധിവാസ കുടുംബങ്ങളുടെ പരാതി.
അതേസമയം, ആറളത്തെ 15 കുടുംബങ്ങൾക്ക് പകരം ഭൂമി കണ്ടെത്തി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന നിലപാടാണ് അധികൃതർ ആവർത്തിക്കുന്നത്. ഇരിട്ടി വള്ളിയാട് വയലിൽ നിയമക്കുരുക്കിലുള്ള ഭൂമിക്ക് പകരം മുമ്പ് ആറളം ചെങ്കായത്തോട്ടിൽ കണ്ടെത്തിയ ഭൂമിയോ, പടിയൂർ വില്ലേജിൽ താമസയോഗ്യമായ ഭൂമിയോ അനുവദിക്കണമെന്ന ആവശ്യവും റവന്യൂ അധികാരികളുടെ ഫയലിലെ ചുവപ്പ് നാടയിൽ കുരുങ്ങിയതോടെ ജീവിതം വഴിമുട്ടിയവരുടെ പുനരധിവാസവും അനിശ്ചിതത്വത്തിൽ നീളുകയാണിന്നും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.