കേളകം: കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ രണ്ടു പുലികളുടെ ദൃശ്യങ്ങൾ പതിഞ്ഞു. മേഖലയിലെ കർഷകന്റെ പശുവിനെ പുലി ആക്രമിച്ചതിന് ശേഷമായിരുന്നു കാമറ സ്ഥാപിച്ചത്. പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് വനാതിർത്തിയിൽ ആണെന്ന് കണ്ണൂർ ഡി.എഫ്.ഒ പി.കാർത്തിക് അറിയിച്ചു. കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിൽ നാളുകളായി പുലിയുടെ സാന്നിധ്യമുണ്ടെന്ന ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചിരുന്നു.
നടാംങ്കണ്ടത്തിൽ ഉലഹന്നാൻ എന്ന കർഷകന്റെ പശുക്കിടാവിനേയും അഞ്ജാത ജീവി ആക്രമിച്ച് കൊലപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. ഇതിൽ പശുക്കിടാവിന്റെ ജഢാവശിഷ്ടങ്ങൾക്ക് സമീപം സ്ഥാപിച്ച കാമറയിലാണ് രണ്ട് പുലികളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. കിടാവിന്റെ അവശിഷ്ടങ്ങൾ വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടു പോകുന്നതും പുലിയുടെ മുരൾച്ചയുടെ ശബ്ദവും ദ്യശ്യത്തിൽ വ്യക്തമാണ്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്ത് പറഞ്ഞു. പ്രദേശത്ത് രാത്രി കാലങ്ങളിൽ നിരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പശ്ചാത്തലത്തിൽ ജനങ്ങൾ വലിയ തോതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ മഹേഷ്,വാച്ചർമാർ എന്നിവരാണ് പാലുകാച്ചിയിലെത്തി കാമറയിലെ ദ്യശ്യങ്ങൾ പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.