കേളകം: സംസ്ഥാനത്തിന് മാതൃകയായി സ്ഥാപിച്ച ആറളം കാർഷിക ഫാമിൽ കാട്ടാനക്കൂട്ടം വിള നാശം വരുത്തുമ്പോൾ അവയെ പ്രതിരോധിക്കാനുള്ള നടപടികൾക്ക് ഒച്ചിഴയും വേഗം. വന്യമൃഗങ്ങൾ ഫാമിലേക്കും ജനവാസകേന്ദ്രത്തിലേക്കും പ്രവേശിക്കുന്നത് തടയാൻ ആറളം വന്യജീവിസങ്കേതത്തിെൻറ അതിരായ വളയംചാൽമുതൽ പൊട്ടിച്ചിപ്പാറവരെ 10.50 കിലോമീറ്റർ നീളത്തിൽ ആനമതിൽ നിർമാണത്തിന് അനുവദിച്ചത് 22 കോടി രൂപയാണ്.
ഒരുവർഷം മുമ്പ് പണം അനുവദിച്ചുവെങ്കിലും ടെൻഡർ നടപടിപോലും ആരംഭിച്ചിട്ടില്ല. റെയിൽ വേലിക്ക് മൂന്നുകോടി രൂപയും ട്രഞ്ചിങ്ങിനും വൈദ്യുതി വേലിക്കുമായി ഒരുകോടിയിലധികം രൂപയുമാണ് അനുവദിച്ചത്. വനംവകുപ്പിന് കീഴിൽ വന്യമൃഗങ്ങളെ ഓടിക്കുന്നതിനുള്ള ദ്രുതകർമസേനയുടെ യൂനിറ്റൊക്കെ ഉണ്ടെങ്കിലും ഫാമിനുള്ളിലെ കൃഷിയിടത്തിൽ ആനക്കൂട്ടങ്ങൾ തമ്പടിച്ചിരിക്കുകയാണ്. വൈവിധ്യവത്കരണ പാതയിലുള്ള ആറളം ഫാമിനെ ചവിട്ടിമെതിക്കുകയാണ് ഇവ.
ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുന്നത് 40ഓളം ആനകളാണ്. ആനകളുടെ പ്രസവവും കൃഷിയിടത്തിൽതന്നെ. കഴിഞ്ഞദിവസം മൂന്നുമാസം പ്രായമായ ആനക്കുട്ടി ഫാമിലെ കുളത്തിൽ വീണ് ചരിഞ്ഞിരുന്നു. നാലുവർഷത്തിനിടയിൽ നിറയെ കായ്ഫലമുള്ള 7986 തെങ്ങുകളാണ് ആനക്കൂട്ടം കുത്തിവീഴ്ത്തിയത്. 8726 തെങ്ങിൻതൈകൾ പിഴുതെറിഞ്ഞു. കഴിഞ്ഞ രാത്രി മാത്രം നശിപ്പിച്ചത് 60 തെങ്ങുകളാണ്. ഫാമിെൻറ നട്ടെല്ലായ തെങ്ങുകളുടെ നാശം എങ്ങനെ പ്രതിരോധിക്കും എന്നറിയാതെ പകച്ചുനിൽക്കുകയാണ് ഫാം അധികൃതർ. ഇതോടൊപ്പം കശുമാവും കവുങ്ങും എല്ലാം തീർന്നുകൊണ്ടിരിക്കുന്നു.
20 ഹെക്ടറിൽ ഉണ്ടായിരുന്ന കവുങ്ങുകൃഷി ഇപ്പോൾ രണ്ട് ഹെക്ടറിൽപോലും ഇല്ല. കൊക്കോകൃഷി ഫാമിന് അന്യമായി. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ 25 ഏക്കറിലെ മഞ്ഞൾ കൃഷി സംരക്ഷിക്കാൻ രാവും പകലും കാവലിരിക്കുന്നത് 15ഓളം ജീവനക്കാരാണ്. എല്ലാം കൂടി 16 കോടിയുടെ നഷ്ടമെങ്കിലും നാലുവർഷംകൊണ്ട് കാട്ടാനമൂലം ഉണ്ടായെന്നാണ് ഫാം മാർക്കറ്റിങ് മാനേജർ പറയുന്നത്. ഓരോ ദിവസവും നശിപ്പിക്കുന്ന തെങ്ങുകളുടെയും കശുമാവിെൻറയും കവുങ്ങിെൻറയും ഒക്കെ ചുവടെണ്ണിയുള്ള കണക്കാണിത്. വൈവിധ്യവത്കരണത്തിലൂടെ ഫാമിെൻറ വരുമാനം വർധിപ്പിക്കാൻ സർക്കാർ ഈ വർഷം 14 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ മൂന്നുകോടി രൂപ തെങ്ങുകൃഷിക്ക് മാത്രമാണ്.
മാസങ്ങൾക്ക് മുമ്പ് നീണ്ടശ്രമത്തിനൊടുവിൽ ഫാമിൽനിന്ന് 22ഓളം ആനകളെയാണ് വനത്തിലേക്ക് തുരത്തിയത്. വനാതിർത്തിയിൽ നിരീക്ഷണം നടക്കുന്നതിനിടെയാണ് ആനക്കൂട്ടം ഫാമിലേക്ക് വീണ്ടും തിരികെ എത്തിയിരിക്കുന്നത്. നേരത്തേ രാത്രിയായിരുന്നു ആനഭീഷണിയെങ്കിൽ ഇപ്പോൾ പകലും എത്തുന്നു. ഫാമിെൻറ ഭാഗങ്ങൾ കാടുകയറിക്കിടക്കുന്നതും വനത്തിനുള്ളിലെ ഭക്ഷണക്ഷാമവുമാണ് കാട്ടാനകളെ കൃഷിയിടത്തിലേക്ക് ആകർഷിക്കുന്നത്. നാലുവർഷത്തിനിടയിൽ രണ്ട് തൊഴിലാളികളെയാണ് ആറളം ഫാമിൽ കാട്ടാന കുത്തിക്കൊന്നത്. നിരവധി പേരാണ് ആനയുടെ പിടിയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. രാവിലെ തൊഴിലാളികൾ ജോലിസ്ഥലത്ത് എത്തുന്നത് ആനയെ പേടിച്ചാണ്. കാട്ടിലല്ല, വഴിയരികിലായിരിക്കും ആനയുടെ കത്തുനിൽപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.