കേളകം: തകർന്നടിഞ്ഞ മാനന്തവാടി -നിടുംപൊയിൽ ചുരം പാത അടിയന്തരമായി പുനർനിർമിക്കണമെന്ന് ആവശ്യവുമായി കണിച്ചാർ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകൾ സർക്കാറിനോട് ആവശ്യപ്പെട്ടു.
വിള്ളലുകൾ വീണ് തകർന്നടിഞ്ഞ തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിൽ ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ച സാഹചര്യത്തിൽ സർവകക്ഷി യോഗം ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ജൂലൈ 30നാണ് തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിൽ ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്.
കനത്ത മഴയെ തുടർന്ന് തലശ്ശേരി ബാവലി റോഡിലെ വയനാട് അതിർത്തിയോട് ചേർന്നുള്ള ഭാഗത്ത് റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അപകടസാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം ജില്ല ഭരണകൂടം നിരോധിച്ചു. 40 മീറ്ററോളം നീളത്തിൽ നാലടിയോളമാണ് റോഡ് താഴ്ന്നത്.
റോഡിന്റെ സംരക്ഷണഭിത്തി ഉൾപ്പെടെ താഴ്ന്ന് റോഡിന് കുറുകെ വലിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് വിദഗ്ധസംഘം പരിശോധന നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
ഗതാഗത നിരോധനം ജനജീവിതത്തെ സാരമായി ബാധിച്ചതായും അടിയന്തിരമായി പുനർനിർമാണം നടത്തണമെന്നും നാട്ടുകാരും കണിച്ചാർ, തവിഞ്ഞാൽ പഞ്ചായത്ത് ഭാരവാഹികളും അധികൃതരോട് ആവശ്യപ്പെട്ടു.
വിദ്യാർഥികൾ ആശ്രയിച്ചിരുന്നത് ഇതുവഴിയുള്ള ബസുകളെയാണ് പേര്യമേഖലയും ഏലപ്പീടിക, 29 മൈൽ പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലായ സാഹചര്യത്തിൽ പെട്ടെന്ന് ശാശ്വത പരിഹാരം കാണാൻ നടപടിയുണ്ടാവണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.