കേളകം: രാമച്ചി കോളനിയിൽ സായുധരായ മാവോവാദികൾ എത്തി മടങ്ങിയതിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ തണ്ടർബോൾട്ട് സേന തിരച്ചിൽ നടത്തി. പത്തംഗ തണ്ടർബോൾട്ട് സേന രാമച്ചി കോളനിയിലും സമീപ പ്രദേശങ്ങളിലുമാണ് മാവോവാദികൾക്കായി തിരച്ചിൽ നടത്തിയത്.
ദിവസങ്ങൾക്ക് മുമ്പ് കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ വനാതിർത്തി പ്രദേശമായ രാമച്ചി ആദിവാസി കോളനിയിൽ മാവോവാദി സായുധ സംഘം എത്തി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മടങ്ങിയിരുന്നു. സംഭവത്തിൽ കേളകം പൊലീസും അന്വേഷണം നടത്തുന്നുണ്ട്.
പേരാവൂർ: കണ്ണൂർ-വയനാട് അതിർത്തി പ്രദേശങ്ങളിൽ മാവോവാദി സംഘം സ്ഥിരസാന്നിധ്യമായതോടെ ജില്ലയിൽ പൊലീസ് ജാഗ്രതയിൽ. കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമച്ചി കോളനിയിൽ 14ാം തീയതി മാവോവാദി സംഘം എത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് വനാതിർത്തി പ്രദേശങ്ങളിലും കോളനി പ്രദേശങളിലും പൊലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി.
വയനാട് വനാതിർത്തി പ്രദേശങ്ങളിൽ വയനാട് പൊലീസും പരിശോധന നടത്തി. കഴിഞ്ഞ ദിവസം ആറളം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിയറ്റ്നാം കോളനിയിലും മാവോവാദികളുടെ സായുധസംഘം എത്തിയ സംഭവത്തിലും പൊലീസ് കേസെടുത്തിരുന്നു.
കൊട്ടിയൂർ, വയനാട് അതിർത്തി വനപ്രദേശങ്ങൾ, പ്രധാന പാതകൾ എന്നിവിടങ്ങളിലും മാവോവാദി സംഘം എത്താൻ സാധ്യതയുള്ള കോളനി പ്രദേശങ്ങളിലുമെല്ലാം പ്രത്യോക പരിശീലനം നേടിയ തണ്ടർബോൾട്ട് സേനയും ലോക്കൽ പൊലീസും വിവിധ അന്വേഷണ ഏജൻസികളും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
മുമ്പ് മാവോവാദി സംഘങ്ങൾ എത്തിയിട്ടുള്ള സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കി. കൂടാതെ പാതകളിൽ വാഹന പരിശോധനയും പൊലീസ് ഊർജിതമാക്കി. മാവോവാദി സംഘങ്ങള്‍ കേരളത്തെ ലക്ഷ്യമിടുന്നതായി കേന്ദ്ര ഏജന്‍സികള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആദിവാസി വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വാധീനമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഇത് തടയാൻ ഈ ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ജില്ലയിൽ മാവോവാദി സാന്നിധ്യമുണ്ടായ കോളനികൾ സന്ദർശിച്ച് ജില്ല ഭരണകൂടം തുടക്കമിട്ടിരുന്നു. കോളനികൾ കേന്ദ്രീകരിച്ച് മാവോവാദികളുടെ സാന്നിധ്യം വർധിച്ചതിനെ തുടർന്ന് അവിടങ്ങളിൽ നിരീക്ഷണവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.