കേളകം: മാവോവാദി ഭീഷണിയുളള ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് സുരക്ഷ ശക്തമാക്കി. മാവോവാദി ആക്രമണ ഭീഷണിയെ തുടർന്ന് മതിൽ നിർമിച്ച് തണ്ടർബോൾട്ട് സുരക്ഷ നിലവിലുള്ള കരിക്കോട്ടക്കരി, ആറളം, കേളകം, ഉളിക്കൽ, പേരാവൂർ സ്റ്റേഷനുകളിലാണ് സുരക്ഷ ശക്തമാക്കിയത്. പ്രവേശന കവാടങ്ങളിൽ ഉരുക്ക് ഗേറ്റുകൾ അടച്ചിട്ട് കാവൽ ഏർപ്പെടുത്തി. യന്ത്ര തോക്കേന്തിയ കമാന്‍ഡോകളെ രാപ്പകല്‍ ഈ സ്റ്റേഷനുകളില്‍ സുരക്ഷക്കായി നിയോഗിച്ചു. നിലവിലു ള്ള സുരക്ഷ ഇരട്ടിയാക്കി.
വയനാട് പേരിയ ചപ്പാരത്തും ആറളം വനത്തിലും മാവോവാദികൾ തണ്ടര്‍ബോള്‍ട്ടും വനംവകുപ്പ് വാച്ചർമാരുമായും ഏറ്റുമുട്ടലുകളുണ്ടായിരുന്നു. തുടർന്ന് ചപ്പാരത്ത് രണ്ട് മാവോവാദികൾ പിടിയിലാവുകയും മൂന്ന് പേർ രക്ഷപ്പെടുകയും ചെയ്തിരുന്നു. കമ്പമലയിൽ വനംഓഫിസ് തകർക്കപ്പെട്ടതിന് ശേഷം മാവോവാദികൾ കൂടുതൽ സ്ഥലങ്ങളിൽ അക്രമം നടത്താൻ സാധ്യതയുണ്ടെന്ന പൊലീസ് നിഗമനത്തെ തുടർന്നാണ് സ്റ്റേഷനുകൾക്ക് സുരക്ഷ ഒരുക്കിയത്.
കര്‍ശന നിരീക്ഷണത്തോടെ മാത്രമേ ജനങ്ങളെ രാത്രിയിൽ സ്റ്റേഷനില്‍ പ്രവേശിപ്പിക്കുകയുളളു. മാവോവാദി ഭീഷണി നേരിടാൻ കനത്ത ജാഗ്രതയിലാണ് പൊലീസ്. മാവോവാദി സാന്നിധ്യമുണ്ടായിട്ടുള്ള കോളനികളിലും നിരീക്ഷണത്തിലാണ്. വനപാലകർക്കും ജാഗ്രത നിർദേശമുണ്ട്.
വയനാട്ടില്‍ മാവോവാദി സംഘത്തിലെ രണ്ടുപേര്‍ പൊലീസ് പിടിയിലായിരുന്നു. കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രുവിനെയും ഉണ്ണിമായയെയുമാണ് പിടികൂടിയത്. ഈ സംഘത്തിലെ രക്ഷപ്പെട്ട മൂന്നംഗങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. മാവോവാദികള്‍ക്ക് സഹായമെത്തിക്കുന്നതായും സംശയിക്കുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. ഏറ്റുമുട്ടലുണ്ടായ സ്ഥലങ്ങളിൽ എ.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ ഉന്നതതല കൂടിയാലോചനകൾക്ക് ശേഷമാണ് തിരച്ചിൽ ഊർജിതമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.