കേളകം: വയനാട് ജില്ലയിലെ തലപ്പുഴ കമ്പമലയില്‍ മാവോവാദികളും തണ്ടര്‍ബോള്‍ട്ട് സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് മാവോവാദി സംഘം കടന്നെത്താൻ സാധ്യതയുള്ള കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത പൊലീസ് ജാഗ്രത. ചൊവ്വാഴ്ച പുലര്‍ച്ച പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഒമ്പത് റൗണ്ട് വെടിവെപ്പുണ്ടായതായാണ് വിവരം.
തലപ്പുഴ കമ്പമലയിൽ ഏറ്റുമുട്ടലിന് ശേഷം സംഘം കൊട്ടിയൂർ വനമേഖലയിലേക്ക് കടന്നതായ സംശയത്തെ തുടർന്ന് കൊട്ടിയൂർ പാൽചുരം പാതയിലും തണ്ടർബോൾട്ട് സേന തിരച്ചിൽ നടത്തി. മുമ്പ് കമ്പമലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാവോവാദികൾ ആഹ്വാനം നടത്തിയിരുന്നു.
വയനാട് ഏറ്റുമുട്ടലിനെ തുടർന്ന് കണ്ണൂർ ജില്ലയുടെ വനാതിർത്തി പ്രദേശങ്ങൾ, മാവോവാദി ഭീഷണിയുള്ള ആദിവാസി കോളനികൾ, പാതകൾ എന്നിവിടങ്ങളിലും ജില്ല അതിർത്തി പ്രദേശങ്ങളിലും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. മാവോവാദി ഭീഷണിയുള്ള പ്രദേശങ്ങളിൽ പൊലീസിന് കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
അതിർത്തി വനപ്രദേശങ്ങളിലും മാവോവാദി സംഘങ്ങൾ കടന്നെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലും തണ്ടർബോൾട്ട് സേനയെ വിന്യസിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മുമ്പ് മാവോവാദി സാന്നിധ്യമുണ്ടായിട്ടുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഇന്റലിജൻസ് വിഭാഗവും ആന്റി നക്സൽ സ്കോഡും നിരീക്ഷണം ശക്തമാക്കി. മാവോവദികൾ എത്തിയിട്ടുള്ള കണ്ണവം, കോളയാട്, കേളകം, ആറളം, കൊട്ടിയൂർ പഞ്ചായത്തുകളിലെ കോളനികൾ, ആറളം ഫാം ഉൾപ്പെടെ പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.