കേളകം: മലയോരത്തെ കൃഷിയിടങ്ങളിൽ വാനരപ്പട കൈയടക്കി വിളകൾ നശിപ്പിച്ച് വിഹരിക്കുമ്പോൾ പ്രതിഷേധവും നൊമ്പരവും ഉള്ളിലൊതുക്കി കർഷകർ. ആറളം കാർഷിക ഫാമിലെ തെങ്ങിൻതോട്ടങ്ങളിപ്പോൾ വിളവെടുക്കുന്നതിപ്പോൾ വാനരപ്പടയാണ്. കണിച്ചാർ, കൊട്ടിയൂർ, ആറളം, കോളയാട്, കേളകം പഞ്ചായത്തുകളിൽ കർഷകരുടെ പാടത്ത് വിളയുന്നതിപ്പോൾ നൊമ്പരം മാത്രം.
ആറളം വന്യജീവി സങ്കേതത്തില്‍നിന്ന് കൂട്ടത്തോടെയെത്തുന്ന കുരങ്ങുകളാണ് കര്‍ഷകന്റെ ജീവിതത്തിലെ വില്ലന്മാരാകുന്നത്. കുരങ്ങിന് കൂട്ടം തെങ്ങിന്‍തോപ്പിലെത്തി കരിക്കും ഇളനീരുമെല്ലാം നശിപ്പിക്കുകയാണ്. കുരങ്ങിന്‍കൂട്ടം ബാക്കിയാക്കി പോകുന്ന തേങ്ങകള്‍ പറിക്കാന്‍ പിന്നെ ആളെ വിളിക്കാറില്ല. കാരണം തെങ്ങുകയറ്റ കൂലി കൊടുത്തു കഴിഞ്ഞാല്‍ നഷ്ടമായിരിക്കും ഫലം. ഇനി പൊഴിഞ്ഞുവീഴുന്ന തേങ്ങ ശേഖരിക്കാമെന്നുവച്ചാല്‍ അതു കാട്ടുപന്നിയും തിന്നും.
മടപ്പുരച്ചാല്‍, ഓടന്തോട്, പെരുമ്പുന്ന ഭാഗത്തെ എല്ലാ കര്‍ഷകരുടെയും സ്ഥിതി സമാനമാണ്. വാഴ, മരച്ചീനി, ഫലവര്‍ഗങ്ങള്‍ തുടങ്ങിയവയും കുരങ്ങുകള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. വാഴക്കന്നുകള്‍ കീറി കാമ്പ് തിന്നുകയാണു പതിവ്. കൂടാതെ മൂപ്പെത്താത്ത വാഴക്കുലകളും തിന്ന് നശിപ്പിക്കുകയും ഇലകള്‍ കീറിക്കളയുകയും ചെയ്യും. രണ്ടു മൂന്നു ദിവസം ഒരു തോട്ടത്തില്‍ തമ്പടിച്ച് കൃഷി നശിപ്പിച്ച് കഴിയുമ്പോള്‍ അടുത്ത തോട്ടം ലക്ഷ്യമാക്കി നീങ്ങും. കൃത്യമായ ഇടവേളകളില്‍ ഓരോ തോട്ടത്തിലേക്കും കുരങ്ങുകളെത്തും. ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിച്ചാല്‍ അക്രമാസക്തരായി കൂട്ടത്തോടെ പിന്തുടര്ന്ന് ആക്രമിക്കുകയും ചെയ്യും.
കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടികയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ വീടുകളിലെ ജനലുകളും വാതിലുകളും തുറന്നിടാന്‍ കഴിയാത്ത സ്ഥിതിയാണ്. വീടിനുള്ളില്‍ കയറി ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും തിന്നുക മാത്രമല്ല വസ്ത്രമുള്പ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്യും. ഇവിടെ കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്നതും പതിവാണ്. ശാന്തിഗിരി മേഖലയിലെ വാഴത്തോട്ടങ്ങളിൽ നാശം വിതച്ച കുരങ്ങു കൂട്ടം നിലവിൽ കൊക്കോ കൃഷിക്കും ഭീഷണിയായി. കൊക്കോയുടെ പച്ചക്കായകൾ തിന്ന് തീർക്കുകയാണ് വാനരപ്പട.
കൃഷിചെയ്യുന്ന വിളകള്‍ പന്നിയും ആനയും മലമാനും കാട്ടുപോത്തും മത്സരിച്ചു നശിപ്പിക്കുമ്പോള്‍ ബാക്കിയുള്ളവ കുരങ്ങും നശിപ്പിക്കുകയാണ്. ശല്യക്കാരായ കുരങ്ങുകളെ കൂടുവച്ചു പിടിച്ച് ഉള്‍വനത്തില്‍ വിടണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വനപാലകര്‍ നടപടി സ്വീകരിക്കുന്നില്ല. വനപാലകരുടെ നിസ്സംഗതയിൽ പ്രതിഷേധിച്ചും ഇതിനെ മറികടക്കാൻ സംഘടിക്കുകയാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.