കേളകം: കാട്ടാനകൾ വിഹരിക്കുന്ന വനത്തിനുസമീപം ഓലഷെഡിലും വീടിനുസമീപത്തെ കാപ്പിമരച്ചുവട്ടിലുമൊക്കെയിരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയാണ് കൊട്ടിയൂർ പഞ്ചായത്തിൽ കൂനംപള്ളയിലെ വിദ്യാർഥികൾ. വെള്ളൂന്നി മലമുകളിലെ വനാതിർത്തി ഗ്രാമമായ കൂനംപള്ള കുറിച്യ കോളനിയിൽ 46 വീടുകളാണുള്ളത്. ഒന്നാം ക്ലാസ് മുതൽ 12 വരെ പഠിക്കുന്ന 26 കുട്ടികൾ കോളനിയിലുണ്ട്. മൊബൈൽ നെറ്റ്വർക്കുകൾ തീരെ ലഭ്യമല്ലാത്ത ഇവിടെ പഠനത്തിനായി വിദ്യാർഥികൾ അനുഭവിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്.
പത്താം ക്ലാസ് വിദ്യാർഥികളായ സൂരജും നന്ദനും കാടിനരികെ ഷെഡിലിരുന്നാണ് ക്ലാസുകൾ കാണുന്നത്. രാവിലെ ഏഴുമുതൽ ഒമ്പതുവരെ സൂം വഴി സ്കൂളിൽനിന്ന് കിട്ടുന്ന ക്ലാസ് കൂടാൻ എന്നും രാവിലെ ഷെഡിലെത്തും. ആനയൊക്കെ വരുന്ന സ്ഥലത്ത് കുട്ടികൾ ഷെഡിലിരിക്കുമ്പോൾ സമാധാനമായി വീട്ടിലിരിക്കാനാവില്ലെന്ന് സൂരജിന്റെ അമ്മ ശാന്ത പറയുന്നു. ഒമ്പതിൽ പഠിക്കുന്ന ഋഷി പറമ്പിലെ കാപ്പിച്ചുവട്ടിൽ പലക നിരത്തി ഇരുന്നാണ് ക്ലാസ് കാണുന്നത്. ജ്യേഷ്ഠൻ ആദിത്യൻ കഴിഞ്ഞതവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയതും കാപ്പിച്ചുവട്ടിലിരുന്ന് ക്ലാസുകേട്ടാണ്. കോളനിയിലെ എട്ട് വീടുകളിൽ ഒരു നെറ്റ്വർക്കിന്റെയും സിഗ്നൽ കിട്ടുന്നില്ല.
ടി.വിയില്ലാത്ത അഞ്ച് വീടുകളുമുണ്ട്. സ്മാർട്ട് ഫോണോ ടി.വിയോ ഇല്ലാതെ ഈ വർഷം ക്ലാസുകൾ മുടങ്ങിയ കുട്ടികളുമുണ്ട്. ആറാം ക്ലാസിൽ പഠിക്കുന്ന ആദ്യ ബിനുവിന് ഈ വർഷം ഒരുദിവസം മാത്രമാണ് ക്ലാസ് കാണാനായത്. വീട്ടിലെ ടി.വി തകരാറിലാണ്. അച്ഛൻ ബിനുവിന്റെ സ്മാർട്ട് ഫോണും കഴിഞ്ഞദിവസം വെള്ളത്തിൽ വീണ് നശിച്ചതോടെ ആദ്യക്കും അനിയനും ക്ലാസ് കൂടാനാകുന്നില്ല. പ്ലസ് ടുവിൽ പഠിക്കുന്ന മൂന്നുപേരും പത്തിൽ രണ്ടുപേരുമടക്കമുള്ള കോളനിയിലെ കുട്ടികളുടെ എല്ലാവരുടെയും അവസ്ഥയിതാണ്. മഴപെയ്ത് സിഗ്നൽ പോയും ഇടക്കിടെ വൈദ്യുതിബന്ധം നിലച്ചും ടി.വി ക്ലാസുകളും കൃത്യമായി ഇവർക്ക് കിട്ടുന്നില്ല. വനത്താൽ ചുറ്റപ്പെട്ട കോളനിയിലേക്ക് വനം കടന്നെത്തേണ്ടതിനാൽ ബ്രോഡ് ബാൻഡ് കണക്ഷനുകളും പ്രദേശത്തില്ല. ചുങ്കക്കുന്നിലെ ടവറിൽനിന്നാണ് കുറച്ചെങ്കിലും റേഞ്ച് ഈ പ്രദേശത്ത് എത്തുന്നത്. ടവറിന്റെ സിഗ്നൽ പരിധി കൂട്ടിയാൽ പ്രശ്ന പരിഹാരമാകുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.