കേളകം: തകർന്നടിഞ്ഞ കൊട്ടിയൂർ-വയനാട് ചുരം പാതക്ക് ഇനിയും മോചനമില്ല. തകർന്ന് ഗർത്തങ്ങളായ പാതയിൽ സാഹസികയാത്ര നടത്തുകയാണ് യാത്രക്കാർ. കാലവർഷത്തിൽ തകർന്നടിഞ്ഞ കൊട്ടിയൂർ-പാൽചുരം റോഡിന്റെ അറ്റകുറ്റപ്രവൃത്തി നടത്തിയെങ്കിലും വീണ്ടും റോഡ് തകർന്ന് അപകടഭീഷണി ഇരട്ടിച്ചു. കൊട്ടിയൂർ- പാൽചുരം- അമ്പായത്തോട് റോഡിലെ ഗതാഗതം നിരോധിച്ച് 69.10 ലക്ഷം രൂപക്കാണ് ഇതേ പാത മാസങ്ങൾ മുമ്പ് അറ്റകുറ്റപ്പണി നടത്തിയത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഈ പാതയുടെ വികസനം നടത്തിയത്. 2018- 19 വർഷങ്ങളിലെ പ്രളയത്തിലാണ് കണ്ണൂർ - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരം റോഡ് പൂർണമായി തകർന്നടിഞ്ഞത്. അതിന് ശേഷം ചെറിയ അറ്റകുറ്റപ്പണി ചെയ്തതൊഴിച്ചാൽ പാൽചുരം റോഡ് കാര്യമായി പുനർനിർമിച്ചില്ല. പാൽചുരം റോഡിലൂടെയാണ് ബസ് ഉൾപ്പെടെയുള്ള നൂറുകണക്കിന് വലുതും ചെറുതുമായ വാഹനങ്ങൾ ഓടുന്നത്.
ഇതിനകം ഒട്ടേറെ വാഹനങ്ങളാണ് റോഡിന്റെ തകർച്ചകാരണം അപകടത്തിൽപെട്ടത്. ഏറെ ആശങ്കയോടെയാണ് ഡ്രൈവർമാർ പാൽചുരത്തിലൂടെ വാഹനങ്ങൾ ഓടിക്കുന്നത്. മുമ്പ് വടകര ചുരം ഡിവിഷന് കീഴിലായിരുന്ന പാൽചുരം നിലവിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ നിയന്ത്രണത്തിലാണ്.
അറ്റകുറ്റപ്രവൃത്തി നടത്തിയ റോഡ് ഇപ്പോൾ വീണ്ടും തകർന്നത് യാത്രക്കാരുടെ നെഞ്ചിടിപ്പേറ്റിയിരിക്കുകയാണ്. അന്തർസംസ്ഥാന പാതയുടെ ഭാഗമായ ചുരം പാതയോട് അധികൃതരുടെ അവഗണന തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി. സംസ്ഥാനത്ത് ഇത്രയും അപകടഭീഷണിയുള്ള പാത മറ്റൊന്നില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.