കേളകം: മലയോരത്തെ ആദിവാസി കോളനികളില്‍ വൈദ്യുതി നിലച്ചിട്ട് മാസങ്ങള്‍. ആദിവാസി കോളനികളിലെ വൈദ്യുതി ബില്‍ കുടിശ്ശിക കേളകം ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴില്‍ മാത്രം ലഭിക്കാനുള്ളത് 10 ലക്ഷത്തിലധികം രൂപയാണ്. കേളകം ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ 282 ആദിവാസി കുടുംബങ്ങളില്‍ നൂറ്റിമുപ്പതോളം കുടുംബങ്ങളില്‍നിന്നുമാണ് ഈ തുക ലഭിക്കാനുള്ളത്. 10 ലക്ഷം രൂപയില്‍ മൂന്നു ലക്ഷത്തോളം രൂപ കുടിശ്ശികമൂലം വന്ന പിഴപ്പലിശയാണ്.
ഏതാനും ചില കുടുംബങ്ങള്‍ മാത്രമാണ് വൈദ്യുതി ബില്‍ കൃത്യമായി അടക്കുന്നത്. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തിന് കീഴില്‍ വരുന്ന പാല്‍ചുരം, നരിക്കടവ്, പൂക്കുണ്ട്, നാനാനിപൊയ്യില്, പെരുന്താനം, ഐ.ടി.സി, വെങ്ങലോടി, കരിയംകാപ്പ്, പന്ന്യാമല തുടങ്ങിയ കോളനികളിലെ കുടുംബങ്ങളാണ് വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയത്.
നിലവില്‍ 130 കുടുംബങ്ങളുടെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ചിരിക്കുകയാണ്. പൂക്കുണ്ട് നരിക്കടവ് കോളനികളിലെ ആദിവാസി കുടുംബങ്ങളുടെ വൈദ്യുതി ബന്ധം ഇപ്പോള്‍ പൂര്‍ണമായും വിച്ഛേദിച്ച നിലയിലാണ്. നിത്യവൃത്തിക്കുപോലും വകയില്ലാതെ കഴിയുന്ന തങ്ങള്‍ക്ക് ഈ ഭീമമായ തുക നല്കി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് ആദിവാസികള്‍ പറയുന്നു.
നിരവധി വിദ്യാര്‍ഥികള്‍ അടക്കമുള്ള കോളനികളില്‍ പടര്‍ന്നിരിക്കുന്ന ഇരുട്ടകറ്റാന്‍ അധികാരികളുടെ ഇടപെടല്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഈ ആദിവാസി കുടുംബങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.