കേളകം: മലയോരത്തെ വ്യാപാരകേന്ദ്രങ്ങളിൽ ഞെട്ടലുളവാക്കി കേളകത്ത് ജ്വല്ലറിയിൽ കവർച്ചശ്രമവും മണത്തണയിലെ മലഞ്ചരക്കുകടയിൽ കവർച്ചയും നടന്നു. ഇരുസംഭവങ്ങൾക്കു പിന്നിലും ഒരേ സംഘമെന്നാണ് സൂചന.
തിങ്കളാഴ്ച പുലർച്ചയാണ് കേളകത്തെ ബിന്ദു ജ്വല്ലറിയിലും മണത്തണയിലെ എൻ.കെ ട്രേഡേഴ്സിലും കവർച്ചക്കാർ കയറിയത്.
എൻ.കെ ട്രേഡേഴ്സിൽനിന്ന് 30,000ത്തിലധികം രൂപയും അര ക്വിൻറലിലേറെ കുരുമുളകും മോഷണം പോയെങ്കിലും ബിന്ദു ജ്വല്ലറിയിൽനിന്ന് ഉരുപ്പടികളൊന്നും നഷ്ടപ്പെട്ടിട്ടില്ല.
കേളകം പൊലീസ് സ്റ്റേഷനിൽനിന്ന് 350 മീറ്റർ മാത്രം അകലെയുള്ള ബിന്ദു ജ്വല്ലറിയിൽ പുലർച്ച രണ്ടരയോടെയും മണത്തണയിൽ 3.30ഓടെയുമായിരുന്നു സംഭവം. അഞ്ചംഗ സംഘത്തിെൻറയും നീളംകൂടിയ കറുത്ത കാറിെൻറയും സാന്നിധ്യമാണ് രണ്ടിടങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ലഭിച്ചിട്ടുള്ളത്. ഇരു സ്ഥാപനങ്ങളിലെയും ഷട്ടറുകൾ സമാന രീതിയിലാണ് തകർത്തിട്ടുള്ളത്. കറുത്തതും നീളമേറിയതുമായ കാർ ഇന്നോവയാകാമെന്നാണ് പൊലീസ് നിഗമനം. രണ്ടിടങ്ങളിലും ഷട്ടറുകളുടെ മധ്യഭാഗം ഉയർത്തിയാണ് സംഘം അകത്തുകയറിയത്.
കേളകത്തെ ജ്വല്ലറിയിൽ കയറിയ സംഘം ലോക്കർ കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പുലർച്ച ഷട്ടർ തകർത്തത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ജ്വല്ലറിയിൽ പരിശോധന നടത്തിയ പൊലീസ് നായ് പിന്നീട് അടക്കാത്തോട് റോഡിലൂടെ 250ഓളം മീറ്റർ ദൂരം സഞ്ചരിച്ചതിൽനിന്ന് കവർച്ചസംഘത്തിെൻറ വാഹനം പ്രദേശങ്ങളിലൊക്കെ സഞ്ചരിച്ചതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സമീപത്തെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഉടൻ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.