കേളകം: മലയോരത്ത് വരൾച്ച രൂക്ഷമാവുന്നതിന്റെ നേർക്കാഴ്ചയാണ് ആറളത്തെ കക്കുവ പുഴയുടെ ഇപ്പോഴത്തെ അവസ്ഥ. ആറളം വനത്തിൽ നിന്ന് ഉദ്ഭവിച്ച് ആറളം ഫാമിനെയും സമീപ ഗ്രാമങ്ങളെയും ജലസമൃദ്ധമാക്കി ബാവലി പുഴ വഴി വളപട്ടണം പുഴയിലേക്ക് ഒഴുകുന്ന ഈ പുഴയിൽ ഇപ്പോൾ ചെറിയ ചെറിയ കുഴികളിൽ കാൽപാദം നനക്കാനുള്ള വെള്ളം മാത്രം. മുൻവർഷങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ചാലുകൾ പോലെ ഒഴുകിയിരുന്ന സ്ഥാനത്താണ് ഈ സ്ഥിതി. മലയോരത്തെ പ്രധാന പുഴകളിലെല്ലാം നീരൊഴുക്ക് നേർത്തു. കക്കുവ പുഴ വറ്റിയതോടെ ആദിവാസികൾ താമസിക്കുന്ന ആറളം ആദിവാസി പുനരധിവാസമേഖല രൂക്ഷമായ കുടിവെള്ളക്ഷാമത്തിലാണ്.
ആറളം ഫാം, വിയറ്റ്നാം, കക്കുവ, കൊക്കോട്, ആറളം, കീഴ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പുഴയുടെ നീരൊഴുക്കിനെ ആശ്രയിച്ചാണ് വീടുകളിലെ കിണറുകളിൽ ജലനിരപ്പും ഉണ്ടായിരുന്നത്. നിലവിൽ പുഴ വരണ്ടതിനാൽ ജനവാസ മേഖലകളിലെ കിണറുകളും, കുളങ്ങളും വരണ്ട് തുടങ്ങി. പുഴ മുറിഞ്ഞതിന്റെ കെടുതികളിലാണ് കക്കുവയുടെ തീരഗ്രാമങ്ങളും ആറളം ഫാമും.
വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴയോരത്ത് സ്ഥാപിച്ച പദ്ധതിയുടെ പ്രവർത്തനം താളംതെറ്റിയതോടെ പ്രദേശത്തെ പുനരധിവാസ കുടുംബങ്ങൾ ദുരിതത്തിലായി. ഫാം ബ്ലോക്ക് ഏഴിലും, പതിനൊന്നിലും, പതിമൂന്നിലും സ്ഥാപിച്ച് കുടിവെള്ള പദ്ധതികളുടെയും പ്രവർത്തനം താളംതെറ്റി. ജലനിധി പദ്ധതികളുടെ പ്രവർത്തനം നിലച്ചതോടെ പുഴകളിലും, തോടുകളിലും കുഴികളെടുത്താണ് പ്രദേശവാസികൾ മലിന ജലം ഉപയോഗിച്ച് ദാഹമകറ്റുന്നത്. കുടിവെള്ള ക്ഷാമം മൂലം പുഴയോരം താവളമാക്കിയവരുമുണ്ട്.
ആറളത്തെ 3500 കുടുംബങ്ങൾക്ക് കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി അഞ്ചര കോടി ചെലവിലാണ് ജലനിധി പദ്ധതി നടപ്പാക്കിയത്.
പുനരധിവാസ മേഖലയിലെ ആറിടങ്ങളിലായി എട്ട് പദ്ധതികളാണ് നടപ്പാക്കിയത്.അഞ്ചര കോടി രൂപ ചെലവിൽ പുനരധിവാസ മേഖല ബ്ലോക്ക് ഏഴിൽ ഒന്നും, ഒമ്പത് ബ്ലോക്കിൽ വളയഞ്ചാൽ, കാളികയം, 10ാം ബ്ലോക്കിലെ കോട്ടപ്പാറ, കാളിപ്പാറ, പതിനൊന്ന് പന്ത്രണ്ട് പതിമൂന്ന് ബ്ലോക്കുകളിൽ ഓരോ പദ്ധതികളുമാണ് നടപ്പാക്കിയത്. ഈ പദ്ധതികളൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.