കേളകം: ആറളത്ത് മങ്കി മലേറിയ മൂലം നാല് കുരങ്ങുകൾ ചത്ത സ്ഥലത്ത് നടത്തിയ പരിശോധനയിൽ മലേറിയ കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി. മലേറിയ പരത്തുന്ന കൊതുകുകളുടെ കൂത്താടികളെ ജില്ല വെക്ടർ ബോൺ ഡിസീസ് കൺട്രോൾ സംഘം കണ്ടെത്തി.
അതേസമയം, മലേറിയക്ക് കാരണമായ പ്ലാസ്മോഡിയം സൂക്ഷ്മാണുവിനെ ലഭിച്ചില്ല. പരിശോധന ഇനിയും തുടരും. കീഴ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം, ആറളം കുടുംബരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തെ രണ്ടു പേരുടെയും വന്യ ജീവി സാങ്കേതത്തിലെ 11 ജീവനക്കാരുടേയും മലേറിയ പരിശോധന ഫലം നെഗറ്റീവാണ്. ആറളത്ത് മങ്കി മലേറിയ മൂലം നാലു കുരങ്ങുകൾ ചത്ത സംഭവത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണ്.
ആറളംഫോറസ്റ്റ് സ്റ്റേഷന് അടുത്തുള്ള ആറളം ഫാമിന്റെ ബ്ലോക്ക് ഒമ്പതിൽ വളയംചാൽ അംഗൻവാടിയിൽ നടത്തിയ മലേറിയ പരിശോധന ക്യാമ്പിൽ പങ്കെടുത്ത എല്ലാവരുടെയും പരിശോധന ഫലവും നെഗറ്റീവാണ്.
ജില്ല വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫിസർ ഡോ.കെ.കെ. ഷിനിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ ബയോളജിസ്റ്റ് സി.പി. രമേശൻ, അസിസ്റ്റന്റ് എന്റമോളജിസ്റ്റ് സതീഷ്കുമാർ, ഇൻസെക്റ്റ് കലക്ടർ യു. പ്രദോഷൻ, ശ്രീബ ഫീൽഡ് വർക്കർ പ്രജീഷ്, കീഴ്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുന്ദരം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. കണ്ണൻ, ഷാഫി കെ. അലി എന്നിവരുമുണ്ടായിരുന്നു. ആറളത്ത് ജില്ല മെഡിക്കൽ സംഘം നേരത്തെയും പരിശോധന നടത്തിയിരുന്നു.
ആറളം വന്യജീവി സാങ്കേതത്തിന്റെ ഭരണകാര്യ കെട്ടിടത്തിന് സമീപം കഴിഞ്ഞയാഴ്ചയാണ് നാലു കുരങ്ങുകളുടെ ജഡം കാണപ്പെട്ടത്. വയനാട് കുപ്പാടിയിലെ വനം വകുപ്പിന്റെ ലാബിൽ നടന്ന പരിശോധനയിലാണ് മങ്കി മലേറിയ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.