കേളകം (കണ്ണൂർ): മലയോര ജനതയെ ഭീതിയിലാഴ്ത്തിയ കടുവയെ മയക്കുവെടി വെച്ചു പിടികൂടിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ചത്തു. കരിയംകാപ്പിൽനിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവയാണ് ചത്തത്. മലയോര മേഖലകളായ നാരങ്ങത്തട്ട്, കരിയംകാപ്പ്, യക്ഷിക്കോട്ട, അടക്കാത്തോട് എന്നീ ജനവാസ മേഖലകളിൽ ദിവസങ്ങളോളം വിഹരിച്ചിരുന്ന കടുവയെ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് വനംവകുപ്പ് മയക്കുവെടി വെച്ച് പിടിച്ചത്.
തുടർന്ന് കണ്ണവത്തെ കൊട്ടിയൂർ റേഞ്ച് ഓഫിസിലെത്തിച്ച് നിരീക്ഷണത്തിലിരിക്കെ രാത്രി ഒമ്പതോടെയാണ് ചത്തത്. പരിക്കുകളോടെ ക്ഷീണിതനായി കാണപ്പെട്ട കടുവക്ക് മുഖത്തും നെഞ്ചിലും മുറിവുകളും പഴുപ്പോടുകൂടിയ വ്രണങ്ങളുമുള്ളതായി വെറ്ററിനറി ഓഫിസർമാരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അനീമിയയുള്ളതായും കണ്ടെത്തിയെങ്കിലും ചികിത്സക്കിടെ ചത്തു. വ്യാഴാഴ്ച വൈകീട്ട് സാഹസിക പരിശ്രമങ്ങൾക്കൊടുവിലാണ് മയക്കുവെടിവെച്ച് കൂട്ടിലാക്കി പ്രാഥമിക നിരീക്ഷണത്തിനായി കണ്ണവം വനം ആസ്ഥാനത്ത് എത്തിച്ചത്.
അടക്കാത്തോടിന് സമീപം കരിയംകാപ്പിലെ വെള്ളമറ്റം റോയിയുടെ വീടിന് സമീപത്തുനിന്നാണ് കടുവയെ വെടിവെച്ചത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ പ്രകാരം വെള്ളിയാഴ്ച പോസ്റ്റ് മോർട്ടം നടത്തുമെന്ന് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസർ സുധീർ നരോത്ത് അറിയിച്ചു. ആഴ്ചകൾക്കു മുമ്പ് കൊട്ടിയൂരിൽ കെണിയിൽ കുടുങ്ങിയ കടുവയും തൃശൂർ മൃഗശാലയിലേക്കെത്തും മുമ്പ് ചത്തിരുന്നു.
കേളകം: മലയോരത്തെ ജനവാസ മേഖലയിൽ ദിവസങ്ങളോളം വിഹരിക്കുന്നതിനിടെ വനംവകുപ്പ് പിടികൂടിയ കടുവയും ചത്തു. നാരങ്ങത്തട്ട്, കരിയം കാപ്പ്, യക്ഷിക്കോട്ട, അടക്കാത്തോട് എന്നീ ജനവാസ മേഖലകളിലൂടെ വിഹരിച്ചിരുന്ന കടുവയെ വ്യാഴാഴ്ചയാണ് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടച്ചത്. എന്നാൽ മണിക്കൂറുകൾക്കകം കടുവ ചത്തു. ആഴ്ചകൾക്ക് മുമ്പ് കൊട്ടിയൂരിൽ കെണിയിൽ കുടുങ്ങിയ കടുവയും തൃശൂർ മൃഗശാലയിലേക്കെത്തും മുമ്പ് ചത്തിരുന്നു.
പരിക്കുകളോടെ ക്ഷീണിതനായി കാണപ്പെട്ട കടുവക്ക് മുഖത്തും നെഞ്ചിലും മുറിവുകളും പഴുപ്പോടുകൂടിയ വ്രണവും അനീമിയയുമുള്ളതാവാം മരണകാരണമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. എന്നാൽ രണ്ടാംതവണയും വനംവകുപ്പ് പിടികൂടിയ കടുവ ചത്തതിൽ മൃഗസ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്. മയക്കുവെടി വെച്ച് പിടികൂടുന്നതിൽ ശാസ്ത്രീയമായ പഠനം നടത്തണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം.
ശരീരത്തിലേറ്റ പരിക്കുകൾ കൊണ്ടാവാം കാടുവിട്ട് ജനവാസ മേഖലയിലേക്ക് കടുവയിറങ്ങിയതെന്ന് സംശയിക്കുന്നുവെന്ന് കണ്ണൂർ ഡി.എഫ്.ഒ. വൈശാഖ് ശശിധരൻ പറഞ്ഞു. നേരത്തെ കൊട്ടിയൂരിൽ കമ്പിവേലിയിൽ കുടുങ്ങി പിടികൂടിയ കടുവ മയക്കുവെടിവെച്ച് പിടികൂടിയെങ്കിലും ചത്തിരുന്നു.
രണ്ടു തവണ ഗൺ പോയന്റിൽ നിന്ന് രക്ഷപ്പെട്ട കടുവയെ വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സാഹസിക പരിശ്രമങ്ങൾക്കൊടുവിൽ മയക്ക് വെടിവെച്ച് കൂട്ടിലാക്കി നിരീക്ഷണത്തിനായി കണ്ണവം വനം ആസ്ഥാനത്ത് എത്തിച്ചത്.
അടക്കാത്തോടിന് സമീപം കരിയം കാപ്പിലെ വെള്ളമറ്റം റോയിയുടെ വീടിന് സമീപത്ത് നിന്നാണ് കടുവയെ മയക്കുവെടിവെച്ചത്. പ്രാഥമിക പരിശോധനകൾക്കുശേഷം നെയ്യാർ ടൈഗർ റിസർവിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ രാത്രിയോടെയാണ് ചത്തത്. മൃഗസംരക്ഷണ വകുപ്പിലെ ഡോ. അരുൺ സത്യൻ, ഡോ. ആർ. രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്.
ആ ദൗത്യവും വിഫലം
കുറച്ചു ദിവസങ്ങളായി കടുവയെ മയക്കു വെടിവെച്ച് പിടികൂടുന്നതിനായി വനപാലകസംഘം കടുവക്കായി തിരച്ചിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരക്കാണ് കടുവയെ കരിയം കാപ്പ് പ്രദേശത്ത് കണ്ടെത്തുന്നത്. ചിറക്കുഴി ബാബുവിന്റെ കൃഷിയിടത്തിലാണ് ആദ്യം കടുവയെ കണ്ടെത്തിയത്.
ഇവിടെ കടുവയെ വളഞ്ഞ വനപാലകസംഘം മയക്കുവടി വെക്കാൻ ശ്രമിച്ചെങ്കിലും കടുവ രക്ഷപ്പെട്ടു. തുടർന്ന് പൊട്ടനാനി സണ്ണിയുടെ കൃഷിയിടത്തിന് സമീപത്തെ തോട്ടിലെത്തിയ കടുവയെ വനം വകുപ്പ് സംഘം വളഞ്ഞ് 3.30ഓടെ വെടിവെക്കുകയായിരുന്നു. തുടർന്ന് വലയിലാക്കിയ ശേഷം എടുത്തുകൊണ്ടുവന്ന് കൂട്ടിൽ കയറ്റി മയക്കം വിട്ട് ഉണരാനുള്ള ഇഞ്ചക്ഷൻ നൽകിയശേഷം കണ്ണവം ഫോറസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോയി.
കണ്ണൂർ ഡി.എഫ്.ഒയുടെ നിർദേശപ്രകാരം റാപ്പിഡ് റസ്പോൺസ് ടീം, കൊട്ടിയൂർ, കണ്ണവം, തളിപ്പറമ്പ്, ആറളം വൈൽഡ് ലൈഫ് റെയിഞ്ച് സ്റ്റാഫുകളും വാച്ചർമാരും അടങ്ങുന്ന അറുപത് അംഗ സംഘമാണ് ദൗത്യം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.