കേളകം: വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് വനപാലകർ തിരച്ചിൽ നടത്തി. ഞായറാഴ്ച രാത്രി 11നാണ് വെണ്ടേക്കും ചാലിലെ എനിക്കാട്ട് മാമച്ചന്റെ വീടിന് സമീപത്ത് രണ്ടിടങ്ങളിലായി പുലിയെ കണ്ടത്.
ടാപ്പിങ് നടത്തിയ ശേഷം മടങ്ങുമ്പോഴാണ് മാമച്ചൻ പുലിയെ കണ്ടത്. സമീപവാസിയായ വീട്ടമ്മയും പുലിയെ കണ്ട് അലമുറയിട്ടതോടെ നാട്ടുകാരും ഓടിക്കൂടി.
സംഭവസ്ഥലത്തേക്ക് കുതിച്ച നാട്ടുകാരുടെ മുന്നിലൂടെയാണ് പുലി നടന്നുനീങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം സമീപ പ്രദേശമായ പൊയ്യ മലയിലും നാട്ടുകാർ പുലിയെ കണ്ടിരുന്നു. വിവരം അറിയിച്ചെങ്കിലും പുലിയെ കാട്ടുപൂച്ചയാക്കാനാണ് വനപാലകർ ശ്രമിച്ചതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
വനപരിധിയിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെ ജനവാസ കേന്ദ്രത്തിലാണ് പുലിയുടെ വിഹാരം. പുലിഭീതിമൂലം കൃഷിസ്ഥലത്ത് പോകാനോ റബർ ടാപ്പിങ് നടത്താനോ കുട്ടികളെ സ്കൂളിലയക്കാനോ ഭയപ്പെടുകയാണ് പ്രദേശവാസികൾ.
പുലിയെ കണ്ട വെണ്ടേക്കുംചാലിൽ വനംവകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചു. പുലിയെ കണ്ട സ്ഥലത്ത് കാമറ സ്ഥാപിക്കണമെന്നും നിരീക്ഷണം നടത്തണമെന്നും കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടതോടെയാണ് നടപടി.
കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ സുധീർ നരോത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പാറയ്ക്കൽ ജെയ്സന്റെ സ്ഥലത്താണ് കാമറ സ്ഥാപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. മഹേഷ്, ബീറ്റ് ഓഫിസർ പി.വി. സജിത്ത്, വാർഡ് മെംബർ ബിനു മാനുവൽ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സജീവൻ പാലുമി, ടോമി പുളിക്കക്കണ്ടം, മറ്റ് വനംവകുപ്പ് ജീവനക്കാർ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിലാണ് കാമറ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസവും സമീപ പ്രദേശമായ മീശക്കവലയിൽ പുലിയെ കണ്ടിരുന്നു.
ഇരിട്ടി: തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നിരന്തരമായി പുലിയെ കണ്ടതായുള്ള അഭ്യൂഹം നാട്ടുകാരെ ഭീതിയിലാക്കുന്നു.
ഒരു മാസത്തിനിടയിൽ ഇരു പഞ്ചായത്തുകളിലേയും വിവിധഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചതാണ് ഭീതിയേറ്റുന്നത്. ഇവിടങ്ങളിൽ പരിശോധന നടത്തി കാമറ സ്ഥാപിച്ചെങ്കിലും പുലിയെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും വനം വകുപ്പിന് ഇതുവരെ കിട്ടിയിട്ടുമില്ല.
തിങ്കളാഴ്ച പുലർച്ചെ മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴിയിലും പുലിയെ കണ്ടതായി അഭ്യൂഹം ഉണ്ടായി. ടാപ്പിങ് തൊഴിലാളിയായ കാരായി രവീന്ദ്രനാണ് മുടക്കോഴി പി.പി.ആർ മെമ്മോറിയൽ സ്കൂളിന് സമീപത്തെ റബർ തോട്ടത്തിൽ പുലിയെ കണ്ടതെന്ന് പറയുന്നത്.
100ഓളം റബർ മരങ്ങൾ ടാപ്പ് ചെയ്തതിനുശേഷം തോട്ടത്തിലെ ഇറക്കമുള്ള ഭാഗത്തേക്ക് ഇറങ്ങുന്നതിനിടയിൽ ശബ്ദം കേട്ട് ലൈറ്റ് അടിച്ചു നോക്കിയപ്പോഴാണ് പുലിയെ കണ്ടതെന്നാണ് പറയുന്നത്. 15 അടി ദൂരത്തിൽ പുലിയെ കണ്ട് ഭയന്ന് രവീന്ദ്രനും ഒപ്പം ഉണ്ടായിരുന്ന തൊഴിലാളിയും പിന്നോട്ടുമാറി രക്ഷപ്പെടുകയായിരുന്നു. നേരം വെളുത്ത ശേഷമാണ് ബാക്കിയുള്ള റബർ മരങ്ങൾ ടാപ്പ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
വനം വകുപ്പിന്റെ ദ്രുതകർമ സേന മേഖലയിൽ പരിശോധന നടത്തി. ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ ശശികുമാർ ചെങ്ങൽ വീട്ടിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം. രാജൻ, ഫോറസ്റ്റർമാരായ വൈ. ഷിബു മോൻ, രാമചന്ദ്രൻ കാരക്കാട്, ചന്ദ്രൻ, വേണു എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി.
കാൽപാദം അടയാളം വ്യക്തമായി തിരിച്ചറിയാൻ കഴിയാഞ്ഞതിനാൽ വന വകുപ്പ് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും നിരീക്ഷണം ശക്തമാക്കാനും തിരുമാനിച്ചു. രണ്ട് ദിവസം മുമ്പ് തില്ലങ്കേരി- കാവുംപടി മുക്കിൽ പുലിയെ കണ്ടിരുന്നു. ഈ ഭാഗത്തുനിന്ന് അര കിലോമീറ്റർ മാത്രം ദൂരമേ ഇപ്പോൾ പുലിയെ കണ്ടതായി പറയുന്ന സ്ഥലത്തേക്കുള്ളു.
കേളകം: കഴിഞ്ഞ ഒരാഴ്ച മുമ്പ് പൊയ്യമലയിലും, ചൊവ്വാഴ്ച വെണ്ടേക്കുംചാലിലും പുലിയെ ജനവാസ മേഖലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ, ബോധപൂർവം വന്യമൃഗങ്ങളെ ജനവാസ മേഖലയിലേക്ക് ഇറക്കിവിട്ട് കർഷകരെ പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തുന്നതെന്ന് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആരോപിച്ചു.
വനമേഖലയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള പ്രദേശത്ത് പോലും അക്രമകാരികളായ പുലി, കടുവ തുടങ്ങിയ മൃഗങ്ങൾ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം വിഹരിക്കുന്നത് ഇതിന്റെ ഉദാഹരണമാണ്. മറ്റു പലയിടങ്ങളിൽനിന്നും പിടികൂടിയ ഇത്തരം വന്യമൃഗങ്ങളെ പ്രദേശത്ത് തുറന്നുവിടുന്നതാകാം ഇതിന് കാരണം എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
നാട്ടുകാരുടെ ഈ ആരോപണത്തിന് ബലം കൂട്ടുന്നതാണ് ആഴ്ചകളായി ഈ പ്രദേശത്തെ പുലി സാന്നിധ്യം. നിലവിൽ തന്നെ കാട്ടുപന്നി ,കുരങ്ങ്, മയിൽ, മുള്ളൻ പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ഉപദ്രവം മൂലം കർഷകർ കൃഷി ഉപേക്ഷിക്കുകയും പലായനം ചെയ്യുന്നതും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടയിലാണ് മനുഷ്യരെ ആക്രമിക്കുന്ന ഇത്തരം വന്യമൃഗങ്ങളുടെ സാന്നിധ്യവും പ്രദേശത്ത് ഉണ്ടാവുന്നത്. വനംവകുപ്പിലെ ഉദ്യോഗസ്ഥർ മലയോര മേഖലയിലെ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർത്ത് അവരെ കുടിയിറക്കി വനം വളർത്താനുള്ള ഫണ്ടുകൾ കൈപ്പറ്റിയിരിക്കുന്നതിനാലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കിഫയുടെ ജില്ല കമ്മിറ്റി പ്രതിനിധികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.