കേളകം: അടയ്ക്കാത്തോട് ജനവാസമേഖലയില് ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടിക്കാനുള്ള ദൗത്യം വനം വകുപ്പിന്റെ മെല്ലെപ്പോക്ക് നയംമൂലം പരാജയപ്പെട്ടു. കരിയംകാപ്പിലെ കൃഷിയിടത്തിനോട് ചേർന്ന കൊക്ക പോലുള്ള സ്ഥലത്ത് ഞായറാഴ്ച രാവിലെ 11ഓടെയാണ് കടുവ എത്തി നിലയുറപ്പിച്ചത്. കടുവ ജനവാസ കേന്ദ്രത്തിലുണ്ടെന്ന് ഉറപ്പുവരുത്തിയ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് അധികൃതർ സമീപത്ത് നിരീക്ഷണം ഏർപ്പെടുത്തി മേലധികാരികളെ അറിയിക്കുകയായിരുന്നു. രാവിലെ 11ന് കണ്ടെത്തിയ കടുവയെ മയക്കുവെടിവെക്കാൻ വിദഗ്ദർ എത്തിയത് വൈകീട്ട് ആറ് മണിയോടെയാണ്.
ഇതിനിടെ കണ്ണൂർ ഡി.എഫ്.ഒയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം സമീപത്ത് കൂട്ടംകൂടിനിന്ന ആളുകളെ ഒഴിപ്പിച്ച ശേഷം കടുവ നിലയുറപ്പിച്ച ഭാഗത്തേക്ക് പോയ മാത്രയിൽ കടുവ മുകളിലേക്ക് ചാടിയെത്താൻ ശ്രമം നടത്തി. ഇതോടെ സംഘം പിന്നോട്ടേക്ക് മാറിയശേഷം ദൗത്യം ആരംഭിച്ചു. മയക്കുവെടി വെക്കാനുള്ള ആറംഗസംഘത്തോടൊപ്പം വനപാലകരും ചേർന്ന് സ്ഥലത്ത് ദീർഘനേരം പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. രാത്രി ഏഴരയോടെ ദൗത്യ സംഘം കടുവ താവളമാക്കിയ തോട്ടിലൂടെ പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കിയും നടത്തിയ തിരച്ചിലും വിഫലമായി. രണ്ട് ദിവസമായി പ്രദേശത്തെ ജനവാസ മേഖലയിൽ വട്ടമിട്ട കടുവയെ പിടികൂടാനാവാതെ വനം വകുപ്പ് ദൗത്യം പരാജയപ്പെട്ടതോടെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.
പിടികൂടുന്ന കടുവയെ കൊണ്ടുപോകാനായി കൂടും തയാറാക്കിയിരുന്നു. കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നത് കാണാൻ പ്രദേശത്ത് നിരവധി ആളുകളും എത്തിയിരുന്നു. കടുവ കടന്നുപോകാതിരിക്കാൻ വലവിരിച്ച് കാവൽനിന്ന വനപാലകരെ കബളിപ്പിച്ച് കടുവ ‘മുങ്ങിയതിന്റെ’ നടുക്കത്തിലാണ് നാരങ്ങത്തട്ട്, കരിയം കാപ്പ്, അടക്കാത്തോട് നിവാസികൾ. പ്രദേശത്ത് കണ്ടെത്തിയ കടുവ അവശനാണെന്നാണ് നിഗമനം.
ശനിയാഴ്ച കരിയം കാപ്പിലെ ചിറക്കുഴിയിൽ ബാബുവിന്റെ വീടിന് സമീപം കണ്ടെത്തിയ കടുവ പിന്നീട് ജനവാസ മേഖലയിലൂടെ കടന്ന് റബർ തോട്ടത്തിലെത്തി അപ്രത്യക്ഷമാവുകയായിരുന്നു. രണ്ട് സംഘങ്ങളായി വനം വകുപ്പും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച രാവിലെ 10.30ഓടെ വെള്ളമറ്റം റോയിയുടെ വീടിന് സമീപത്ത് കടുവയെ കണ്ടത്. കടുവ ചിറക്കുഴി ബാബുവിന്റെ കൃഷിയിടത്തിന്റെ അതിരിലുള്ള കാടുമൂടിയ തോട്ടിൽ വിശ്രമം തുടങ്ങി. വനം ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞു കാവൽ നിന്നു. പ്രദേശത്തേക്ക് ആളുകൾ എത്തുന്നത് തടഞ്ഞു. 144 പ്രഖ്യാപിച്ചിരുന്നു എങ്കിലും ജനങ്ങൾ കൂട്ടമായി എത്തിയിരുന്നു.
സണ്ണി ജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, ബ്ലോക്ക് പഞ്ചായത്തംഗം ബൈജു വർഗീസ് തുടങ്ങിയവർ പ്രദേശത്ത് എത്തി. കടുവയെ എന്തുചെയ്യുമെന്ന കാര്യത്തിൽ തീരുമാനം വനം വകുപ്പ് എടുത്തില്ല. തുടർന്ന് സണ്ണി ജോസഫ് എം.എൽ.എ വനം മന്ത്രി ശശീന്ദ്രനെയും കലക്ടർ, ഡി.എഫ്.ഒ എന്നിവരെയും ബന്ധപ്പെട്ടു. കടുവയെ പിടികൂടി പ്രദേശത്ത് നിന്ന് ഒഴിവാക്കണമെന്നുള്ള ജനങ്ങളുടെ ആവശ്യം എം.എൽ.എ ഉന്നത വനം അധികൃതരെ അറിയിച്ചു. എന്നാൽ, മയക്കുവെടി വെക്കാൻ വിദഗ്ധരെ ലഭ്യമല്ലെന്ന വിശദീകരണമാണ് ആദ്യം ലഭിച്ചത്. പിന്നീട് കാസർകോട്ടുനിന്നും വിദഗ്ധരെത്തും എന്ന അറിയിപ്പു വന്നു. പിന്നീട് വയനാട്ടിൽനിന്ന് വിദഗ്ധരെത്തും എന്നായി. തീരുമാനമാകാതെ വന്നതോടെ ജനങ്ങൾ ബഹളംകൂട്ടി. വയനാട്ടിൽ നിന്നുള്ള മയക്കുവെടി വിദഗ്ധർ അഞ്ച് മണിയോടെ എത്തുമെന്ന് അറിയിപ്പുണ്ടായി. കണ്ണൂർ ഡി.എഫ്.ഒ സ്ഥലത്തെത്തി. കടുവയെ വലയിട്ടു പിടിക്കാമെന്ന നിർദേശം ഉയർന്നെങ്കിലും വനം വകുപ്പ് പ്രതികരിച്ചില്ല.
അഞ്ച് മണിയോടെ കടുവയെ കൊണ്ടുപോകുന്നതിനുള്ള കൂട് നാരങ്ങാത്തട്ടിലെ കൃഷിയിടത്തിൽ എത്തിച്ചു. എന്നാൽ, 5.30 മണിയായിട്ടും വിദഗ്ധർ എത്തിയില്ല. രാത്രിയായാൽ പിടികൂടാൻ കഴിയാത്തവിധം ദുഷ്കരമായ സ്ഥലത്താണ് കടുവയുള്ളതെന്ന സാഹചര്യം കൂടി കണക്കു കൂട്ടിയ ജനം പ്രതിഷേധം ശക്തമാക്കി. ജീവനോടെയോ അല്ലാതെയോ കടുവയെ പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന് ജനം ആവശ്യപ്പെട്ടു.
5.45ന് വിദഗ്ധരെത്തി. മയക്കുവെടിവെക്കാനുള്ള നടപടി ആരംഭിച്ചു. തിരച്ചിൽ നടത്തി. കടുവയെ കണ്ടെത്താനാവാതെ വന്നതോടെ ദൗത്യം പരാജയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.