കേളകം: കരിയം കാപ്പ് ജനവാസ മേഖലയിൽ കടുവഭീതി ഒഴിയുന്നില്ല. ചൊവ്വാഴ്ച പുലർച്ചയും മേഖലയിൽ കടുവയെ കണ്ടു. എന്നാൽ, വ്യാപക തിരച്ചിലിലും കണ്ടെത്താനായില്ല. കടുവയെ പിടിക്കാൻ കൂടുതൽ കൂടുകൾ സ്ഥാപിച്ചു. ചൊവ്വാഴ്ച പുലർച്ച ശാന്തിഗിരി കപ്പേളയുടെ സമീപം കടുവയെ വനം വകുപ്പ് നൈറ്റ് പട്രോളിങ് സംഘം കണ്ടെത്തിയെങ്കിലും പിന്നീടുള്ള തിരച്ചിലിൽ കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാപിച്ച രണ്ട് കൂടുകൾക്ക് പുറമെ ഇവിടെയും വനം വകുപ്പ് കൂട് സ്ഥാപിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ രാത്രി വരെ മയക്കുവെടി വിദഗ്ധർ ഉൾപ്പെടെ വനം വകുപ്പ് ദൗത്യ സംഘം കരിയം കാപ്പ്, നാരങ്ങത്തട്ട്, പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ആന മതിൽ അതിർത്തിയിലും തിരച്ചിൽ നടത്തി.
ഞായറാഴ്ച് രാത്രി വനംവകുപ്പ് വിരിച്ച വലയിൽ നിന്നും അതിവിദഗ്ധമായി കടുവ രക്ഷപ്പെട്ടിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ച്ചയും രണ്ടിടങ്ങളിലാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. കൊട്ടിയൂർ റെയിഞ്ച് ഓഫീസർ സുധീർ നരോത്തിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ നിന്നെത്തിയ റാപ്പിഡ് റസ്പോൺസ് ടീം ഉൾപ്പെടെ നൂറിലധികം വനപാലകരാണ് തിരച്ചിൽ നടത്തിയത്. വയനാട്ടിൽ നിന്നെത്തിയ മയക്കുവെടി വിദഗ്ധസംഘവും പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തി.
വെള്ളമറ്റം റോയിയുടെ കൃഷിയിടത്തിന്റെ താഴ്വാരത്തും മറ്റുമായി മൂന്നിടങ്ങളിലാണ് വനം വകുപ്പ് സംഘം കൂടും കാമറയും സ്ഥാപിച്ചത്. കേളകം പഞ്ചായത്ത് പ്രസിഡന്റ് അനീഷ്, പഞ്ചായത്തംഗങ്ങളായ സജീവൻ പാലുമ്മി, ഷാന്റി സജി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും അധികൃതർക്ക് സഹായവുമായെത്തി. പ്രദേശത്ത് രാത്രി കാല നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.
ദിവസങ്ങളായി ജനവാസ മേഖലയിൽ ചുറ്റിക്കറങ്ങുന്ന കടുവയെ പിടികൂടുന്നതിൽ പരാജയപ്പെട്ട വനം വകുപ്പിനെതിരെ ജനരോഷം പുകയുന്നു. ഞായറാഴ്ച് എട്ടു മണിക്കൂർ കൺമുമ്പിലുണ്ടായിരുന്ന കടുവയെ അധികൃതർ രക്ഷപ്പെടാൻ അനുവദിക്കുകയായിരുന്നെന്ന് കർഷക സംഘടന നേതാക്കൾ പറയുന്നു.
മയക്കുവെടിക്ക് മുമ്പ് പടക്കമെറിഞ്ഞത് കടുവയെ വിരട്ടിയോടിക്കാനായിരുന്നെന്ന് നാട്ടുകാർ പറയുന്നു. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പ്രതിഷേധം തെരുവിലെത്തിയിട്ടില്ല. എന്നാൽ, വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടാക്കുന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി.
കണ്ണൂർ: കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കേളകം പഞ്ചായത്തിലെ ആറാം വാര്‍ഡ് അടക്കാത്തോട് ടൗണ്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. കടുവയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സെഷന് 144 വകുപ്പ് പ്രകാരം മാര്‍ച്ച് 21നു വൈകീട്ട് അഞ്ച് വരെയാണ് നിരോധനാജ്ഞ നീട്ടിയതെന്ന് എ.ഡി.എം കെ. നവീന്‍ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.