കേളകം: നവീകരണത്തിെൻറ പാതയിലുള്ള ആറളം ഫാം നേഴ്‌സറിയിലേക്ക് ഒരിടവേളക്ക് ശേഷം ആനക്കൂട്ടം തിരിഞ്ഞതോടെ ഒറ്റരാത്രികൊണ്ടുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. 15 ലക്ഷത്തോളം മുടക്കി നേഴ്‌സറിയെ കാട്ടാന ഭീഷണിയിൽ നിന്നും രക്ഷിക്കാൻ സ്ഥാപിച്ച വൈദ്യുത കമ്പി വേലി ആനക്കൂട്ടം തകർത്തു. വേലിക്ക് സമീപമുള്ള കൂറ്റൻ തെങ്ങ് കമ്പിവേലിക്ക് മുകളിലേക്ക് മറച്ചിട്ടാണ് ആനക്കൂട്ടം വേലിയെ വൈദ്യുതി ലൈനിൽ നിന്ന് വേർപ്പെടുത്തിയത്. വിതരണത്തിനായി മുളപ്പിക്കാൻ നട്ട 200 ഓളം ചെറുതെങ്ങിൻ തൈകൾ നശിപ്പിച്ചു. ഒരു കട്ടിയാന ഉൾപ്പെടെ അഞ്ച് ആനകളാണ് നേഴ്‌സറിക്കുള്ളിലേക്ക് നിയന്ത്രണങ്ങൾ തകർത്ത് കടന്നത്.
മാതൃസസ്യങ്ങൾ ഉൾപ്പെടെ വളർത്തി നേഴ്‌സറിയെ പ്രഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിനാണ് വൻ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഫാമിൽ നിന്നുള്ള നടീൽ വസ്തുക്കൾ ആവശ്യക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഇരിട്ടിയിൽ 'തണൽ' എന്ന പേരിൽ മിനി സൂപ്പർ മാർക്കറ്റ് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കുറഞ്ഞ ദിവസം കൊണ്ട് തന്നെ ലക്ഷങ്ങളുടെ വിൽപനയാണ് ഇവിടെ നടന്നത്. നേഴ്‌സറിയുടെ നാശം ഇപ്പോഴത്തെ പ്രവർത്തനങ്ങളെയെല്ലാം താളം തെറ്റിക്കും. അതിനാൽതന്നെ ആനക്കൂട്ടം തകർത്ത വൈദ്യുതി വേലി നന്നാക്കാനുള്ള ഊർജ്ജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഫാമിെൻറ മൂന്ന്, നാല് ബ്ലോക്കുകളിൽ കഴിഞ്ഞ രാത്രി മാത്രം 60 ഓളം തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്. ഇതോടൊപ്പം കശുമാവും കവുങ്ങുമെല്ലാം വ്യാപകമായി തകർത്തിട്ടുണ്ട്. പതിനഞ്ചിലധികം ആനകൾ ഫാമിെൻറ കൃഷിയിടത്തിലുണ്ടെന്ന് ഫാം തൊഴിലാളികൾ പറഞ്ഞു. നേരത്തെ രാത്രിയായിരുന്നു ആന ഭീഷണിയെങ്കിൽ ഇപ്പോൾ പകൽ സമയങ്ങളിലാണ് കൃഷിയിടത്തിൽ എത്തുന്നത്. വനാതിർത്തിയിലെ തകർന്ന ആനമതിലിെൻറ ഭാഗത്തുകൂടിയാണ് ആനക്കൂട്ടം ഫാമിനുള്ളിലേക്ക് പ്രവേശിച്ചത്.
വന്യമൃഗങ്ങൾ ഫാമിലേക്കും ജനവാസകേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ വളയംചാൽ മുതൽ പൊട്ടിച്ചി പാറവരെ പത്തര കിലോമീറ്റർ ആനമതിൽ നിർമാണത്തിന് അനുവദിച്ചിരിരുന്നു. 22 കോടിരൂപ അനുവദിച്ചിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ടെൻഡർ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. റെയിൽ ഫെൻസിങ്ങിന് മൂന്ന് കോടിരൂപയും ട്രഞ്ചിങ്ങിനും ഇലക്ട്രിക്ക് ഫെൻസിങ്ങിനുമായി ഒരു കോടിയിലധികം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. വനം വകുപ്പിന് കീഴിൽ വന്യമൃഗങ്ങളെ ഓടിക്കുന്നതിനുള്ള ദ്രുതകർമ്മ സേനയുടെ യൂനിറ്റും അനുവദിച്ചിട്ടുണ്ടെങ്കിലും ആന ശല്യത്തിന് അറുതി ഉണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.