കേളകം: രാമച്ചിയിലും ശാന്തിഗിരിയിലെ ജനവാസ കേന്ദ്രങ്ങളിലും ജനം കടുവ ഭീതിയിൽ. കടുവയെ പിടികൂടാൻ കുട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നിടങ്ങളിൽ ടാപ്പിങ് തൊഴിലാളികൾ കടുവയുടെ മുന്നിൽപെട്ട സംഭവങ്ങളുണ്ടായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രശ്നം ഗൗരവമായെടുക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ച റബർ തോട്ടത്തിലെത്തിയ ടാപ്പിങ് തൊഴിലാളി വളർകോട് ബിജു ആണ് ഒടുവിലായി കടുവയെ കണ്ടത്.
ദിവസങ്ങൾക്കു മുമ്പ് ശാന്തിഗിരിയിലെ മുരിക്കിങ്കരിയിൽ കടുവയും കുഞ്ഞുങ്ങളും റോഡിൽ നിൽക്കുന്നത് കണ്ടതും ടാപ്പിങ് തൊഴിലാളികളായിരുന്നു. ശാന്തിഗിരിയിലും സമീപ പ്രദേശമായ രാമച്ചിയിലും കടുവയും പുലിയും വളർത്ത് മൃഗങ്ങളെ പിടികൂടുന്നതും പതിവായതായിട്ടുണ്ട്.
ദിവസങ്ങൾക്കുമുമ്പ് ശാന്തിഗിരിയിലെ വീടിന്റെ ഉമ്മറപ്പടിയിലെത്തിയ കടുവ വളർത്തു നായെ പിടികൂടിയിരുന്നു. ശാന്തിഗിരി ഗവ. എൽ.പി സ്കൂളിന്റെ പരിസരത്തെ റബർ, കശുമാവ് തോട്ടങ്ങളിൽ കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകപ്പ് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, കടുവയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.
ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിലെ കാലാങ്കി മേലോത്തുംകുന്ന് ഭാഗങ്ങളിൽ മൂന്ന് ദിവസമായി രാപ്പകൽ വ്യത്യാസമില്ലാതെ കാട്ടാനകൾ ഇറങ്ങുന്നു. കർണാടക വനത്തിൽനിന്ന് ഇറങ്ങുന്ന കാട്ടാനക്കൂട്ടം കശുമാവിൻ തോട്ടങ്ങളിലെത്തി കശുവണ്ടികൾ മുഴുവൻ നശിപ്പിക്കുന്നു.
സീസണിൽ പ്രതീക്ഷയോടെ കാത്തിരുന്ന കർഷകർക്കാണ് ഇതോടെ തിരിച്ചടിയാകുന്നത്. കശുമാവ് കുലുക്കി അതിലെ പഴവും കശുവണ്ടിയും തിന്നുന്ന ആനക്കൂട്ടം കർഷകന് വലിയ നാശമാണ് വരുത്തുന്നത്. കൃഷി നശിപ്പിക്കാത്തതിനാൽ വനം വകുപ്പിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുകയുമില്ല. 10ൽ അധികം കുടുംബങ്ങളുടെ കൃഷിയിടത്തിലാണ് ആന നാശം വിതച്ചത്. ആനയിറങ്ങുന്ന ഭീതിമൂലം ബാക്കിയുള്ള കശുവണ്ടി ശേഖരിക്കാൻ പോകാനാകാത്ത അവസ്ഥയാണ്.
സെബാസ്റ്റ്യൻ കേളിമറ്റം, ഷിജു ഓരത്തേൽ, ഫിലിപ്പ് പഴയമഠത്തിൽ, ചാക്കോ ചേക്കാത്തടത്തിൽ, സജി ചക്കാലക്കുന്നേൽ, ബെന്നി കയ്യുന്നപ്പാറ, ആന്റണി പൊയ്കയിൽ, ചാക്കോ ഏറാട്ട്പറമ്പിൽ, രാജൻ, എൽദോ, ജോസ് എന്നിവരുടെ കൃഷിത്തോട്ടത്തിലാണ് ആനയിറങ്ങി വിളകൾ നശിപ്പിച്ചത്. ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങളും വാഴയും ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.
കർണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് കാലാങ്കി മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണ്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച വൈദ്യുതി വേലികൾ അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ പ്രവർത്തനരഹിതമായത് വന്യമൃഗങ്ങൾ എളുപ്പത്തിൽ കൃഷിയിടങ്ങളിൽ പ്രവേശിക്കാൻ കാരണമായി. പടക്കംപോലും കൈവശം ഇല്ലാതെ ആനയെ തുരത്താൻ എത്തിയ വനപാലകർക്ക് നാട്ടുകാർ പണം മുടക്കി പടക്കം വാങ്ങി നൽകേണ്ട ഗതികേടാണ്.
ആനക്കൂട്ടത്തെ താൽക്കാലികമായി വനത്തിലേക്ക് തുരത്തിയെങ്കിലും ജനം രാത്രിയിലും ഉറങ്ങാതെ കൃഷിക്ക് കാവലിരിക്കുകയാണ്. കൃഷി വകുപ്പും ത്രിതല പഞ്ചായത്തും ചേർന്ന് വിഭാവനം ചെയ്ത 50 കി.മീറ്റർ വനാതിർത്തി സോളാർ വേലി നിർമാണം അനിശ്ചിതമായി നീളുകയാണ്.
ശ്രീകണ്ഠപുരം: മടമ്പം കൈവെട്ടിച്ചാലിൽ ക്ഷീരകർഷകയെ കാട്ടുപന്നി ആക്രമിച്ചു. നൂറ്റിയാനിക്കുന്നേൽ ലൈസ സജിക്കാണ് (47) കാട്ടുപന്നിയുടെ കുത്തേറ്റത്. കഴിഞ്ഞ ദിവസം പശുക്കൾക്ക് പുല്ല് കൊണ്ടുവരാൻ സമീപത്തെ തോടിനോട് ചേർന്ന പുൽക്കൃഷിയിടത്തിലേക്ക് പോയതായിരുന്നു.
ഇതേസമയം തോട്ടിലുണ്ടായിരുന്ന കാട്ടുപന്നി ചാടിവീണ് ആക്രമിക്കുകയായിരുന്നു. ഇടത് കാൽമുട്ടിനാണ് പരിക്കേറ്റത്. മേഖലയിലെ തോട്ടിൻ കരകളിലും റബർത്തോട്ടങ്ങളിലെല്ലാം കാട്ടുപന്നിക്കൂട്ടം തമ്പടിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മേഖലയിൽ കപ്പ കൃഷിയും മറ്റ് വിളകളുമെല്ലാം പന്നികൾ നശിപ്പിക്കുന്നതും പതിവാണ്.
കേളകം: രാമച്ചിയിൽ കടുവയെ കണ്ടതായി ടാപ്പിങ് തൊഴിലാളിയായ വളറുകോട്ട് ബിജു പറഞ്ഞു. ചൊവ്വാഴ്ച പുലർച്ച 5.30 ഓടെയാണ് തോട്ടത്തിൽ ടാപ്പിങ്ങിനായി എത്തിയപ്പോൾ അകലെ നിന്നും കടുവയെ കണ്ടത്. ഉടൻ റബർ ടാപ്പിങ് ഉപേക്ഷിച്ച് തിരികെ പോയെന്നും ബിജു പറഞ്ഞു. എന്നാൽ, പ്രദേശത്ത് വനപാലകർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശാന്തിഗിരി, രാമച്ചി ഭാഗങ്ങളിൽ നിരവധി തവണ ടാപ്പിങ് തൊഴിലാളികളും നാട്ടുകാരും കടുവയും പുലിയെയും കണ്ടിട്ടുണ്ട്. പ്രദേശത്ത് കടുവ സാന്നിധ്യം പതിവാകുമ്പോൾ കൂട് സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.