മ​ണ്ണി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​യ കോ​റ​ളാ​യി ദ്വീ​പ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു

കോറളായി ദ്വീപിലെ കരയിടിച്ചിൽ: നടപടി സ്വീകരിക്കുമെന്ന് മന്ത്രി

കണ്ണൂർ: ആയിരത്തോളംപേരുടെ ജീവിതത്തിന് ഭീഷണിയായി മണ്ണിടിഞ്ഞ് ഇല്ലാതാകുന്ന കോറളായി ദ്വീപിലെ കരയിടിച്ചിൽ തടയാൻ സർക്കാർ ഇടപെടൽ. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ദ്വീപ് പുഴയോരം സന്ദർശിച്ച മന്ത്രി എം.വി. ഗോവിന്ദൻ പ്രദേശവാസികൾക്ക് ഉറപ്പുനൽകി.

സംരക്ഷണഭിത്തി നിർമിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ ജലസേചന വകുപ്പിന് മന്ത്രി നിർദേശം നൽകി. കോറളായി പാലം നിർമിക്കുമ്പോൾ പുഴയിൽ കൂട്ടിയിട്ട മണ്ണ് നീക്കംചെയ്തിട്ടില്ലെന്ന് നാട്ടുകാർ മന്ത്രിയെ അറിയിച്ചു. അത് പരിശോധിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദ്വീപിനെ പുഴ വിഴുങ്ങുന്നത് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു.

വളപട്ടണം പുഴയിൽ വെള്ളം കയറുന്നത് കോറളായി ദ്വീപിലെ 160 കുടുംബങ്ങളുടെ സ്വത്തിനും ജീവിതത്തിനും ഭീഷണിയാണ്. കനത്ത മഴയിൽ ഇക്കുറിയും ദ്വീപിൽ മണ്ണിടിയാൻ തുടങ്ങിയിരുന്നു. 2007 മുതൽ 75 ഏക്കറോളം ഭൂമിയാണ് ദ്വീപിന് ചുറ്റും നഷ്ടമായത്.

15 വർഷംമുമ്പ് ഏകദേശം 275 ഏക്കർ സ്ഥലമുണ്ടായിരുന്നു. മണ്ണിടിച്ചിൽ സംബന്ധിച്ച് പരാതി ഉണ്ടാകുമ്പോൾ അധികൃതർ നൽകുന്ന ഉറപ്പുകൾ പലപ്പോഴും പാഴ്വാക്കാവുന്നതായി ജനങ്ങൾക്ക് പരാതിയുണ്ട്. പാമ്പുരുത്തി, തേർളായി ദ്വീപുകളിലും സമാന പ്രശ്നമുണ്ടായപ്പോൾ കരിങ്കൽഭിത്തി കെട്ടി പരിഹരിച്ചിരുന്നു.

കരയിടിച്ചിൽ രൂക്ഷമായതോടെ നിരവധിപേർ ദ്വീപ് വിട്ടുപോകാൻ തുടങ്ങിയിരുന്നു. കരയുടെ വിസ്തീർണം ചുരുങ്ങുന്നതിനാൽ നിർമാണ പ്രവൃത്തികളടക്കം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിൽ മന്ത്രിയുടെ ഉറപ്പ് പ്രതീക്ഷയോടെയാണ് പ്രദേശവാസികൾ കാണുന്നത്.

മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിഷ്‌ന, സ്ഥിരം സമിതി അധ്യക്ഷൻ എം. രവി, വാർഡ് അംഗം എ.പി. സുചിത്ര, തഹസിൽദാർ കെ. ചന്ദ്രശേഖരൻ, ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയർ ടി.എം. ശരത് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.