കണ്ണൂർ: ഒന്നരമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം വരും മണിക്കൂറുകളിൽ ആവേശ കൊടുമുടി കയറും. ബുധനാഴ്ച നടക്കുന്ന കലാശകൊട്ടിലേക്ക് പരമാവധി ആളുകളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് മുന്നണികൾ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് പ്രചാരണം തുടങ്ങിയ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജൻ ഒരുദിവസം മുമ്പ് തന്നെ പര്യടനം അവസാനിപ്പിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനും എൻ.ഡി.എ സ്ഥാനാർഥി സി. രഘുനാഥും ചൊവ്വാഴ്ചയും വിവിധയിടങ്ങളിൽ പര്യടനം നടത്തി. മൂന്ന് മുന്നണികളും ദേശീയ നേതാക്കളെ ഇറക്കിയുള്ള റോഡ് ഷോകളും പൊതുയോഗങ്ങളുമായി പ്രചരണത്തിൽ കസറിയിരുന്നു.
വിവിധ മുന്നണികളിലെ അധ്യാപക, യുവജന പോഷക സംഘടനകളും കലാവേദികളും തെരുവുനാടകങ്ങളും നൃത്ത ശിൽപങ്ങളും അവതരിപ്പിച്ചിരുന്നു. തീരദേശത്തും മലയോരത്തും അടക്കം രണ്ടും മൂന്നും വട്ടം പ്രചാരണവുമായി എത്താൻ സ്ഥാനാർഥികൾക്കായി. ന്യൂജൻ ഡി.ജെ നൈറ്റുകളിലൂടെയും ഗാനമേളകളിലൂടെയും പുതുവോട്ടർമാരെ കൈയിലെടുക്കാനായി.
യു.ഡി.എഫിനായി രാഹുൽ ഗാന്ധി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പൊതുസമ്മേളനവും മഹാറാലികളും കുടുംബ സംഗമങ്ങളും നടത്തി.
എൽ.ഡി.എഫിനായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ തുടങ്ങിയവരും എൻ.ഡി.എക്കായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവരും രംഗത്തിറങ്ങി.
ബുധനാഴ്ച കൊട്ടിക്കലാശത്തോടെ ഒന്നരമാസക്കാലം നീണ്ടുനിന്ന പരസ്യപ്രചാരണം അവസാനിച്ച ആശ്വാസത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. ഇനി തെരഞ്ഞെടുപ്പ് ദിനമായ വെള്ളിയാഴ്ച വരെ മൗനപ്രചരണം നടക്കും. അവസാനവോട്ടും പെട്ടിയിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികൾ.
യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന്റെ ജാഥ 3.15ന് കണ്ണൂര്‍ സിറ്റി ഭാഗത്തുനിന്ന് ആരംഭിച്ച് ചേംബര്‍ ഹാള്‍, ഗാന്ധി സര്‍ക്കിള്‍ സ്റ്റേഡിയം കോര്‍ണര്‍ വഴി അഞ്ചിന് മുമ്പായി യോഗശാല ജങ്ഷന് കടന്ന് കാര്‍ഗില്‍ ജങ്ഷന്, പൊലീസ് ക്ലബ്, താവക്കര ഐ.ഒ.സി വഴി റെയില്‍വേ മുത്തപ്പന് ക്ഷേത്രം റോഡ് വഴി 5.30 ന് എസ്.ബി.ഐ ജങ്ഷനില്‍ എത്തി ആറിന് അവസാനിപ്പിക്കും.
എല്‍.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ ജാഥ ബുധനാഴ്ച വൈകീട്ട് 4.15 ന് പുതിയ ബസ് സ്റ്റാൻഡില്‍ നിന്നാരംഭിച്ച് ഐ.ഒ.സി വഴി റെയില്‍വേ മുത്തപ്പന് ക്ഷേത്രം റോഡ് വഴി 4.45ന് പ്ലാസ ജങ്ഷനില്‍ എത്തി മുഴുവന്‍ പ്രവര്‍ത്തകരും കടന്നുപോയതിനു ശേഷം റെയില്‍വേ സ്റ്റേഷന്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാൻഡ്, യോഗശാല ജങ്ഷനിലെത്തി സ്റ്റേഡിയം കോര്‍ണര്‍ വഴി 5.30ന് കാല്‍ടെക്സ്, കെ.എസ്.ആര്.ടി.സി പരിസരത്ത് എത്തി ആറിന് സമാപിക്കും. യോഗശാല റോഡില്‍ നിന്ന് വൈകീട്ട് അഞ്ചിന് യു.ഡി.എഫ് ജാഥ കാര്‍ഗില്‍ ജങ്ഷന് ഭാഗത്തേക്ക് കടന്നുപോയതിനു ശേഷം മാത്രമേ എല്‍.ഡി.എഫ് ജാഥ സ്റ്റേഡിയം കോര്‍ണര്‍ ഭാഗത്തേക്ക് കടക്കുകയുള്ളു.
എൻ.ഡി.എ സ്ഥാനാർഥി സി. രഘുനാഥിന്റെ ജാഥ 4.45 ന് പ്രഭാത് ജങ്ഷനില്‍ നിന്നാരംഭിച്ച് ഫോര്‍ട്ട് റോഡ് വഴി പ്ലാസ ജങ്ഷനില്‍ അഞ്ചിന് എത്തി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്, മുനീശ്വരന്‍ കോവില്‍ വഴി 5.30ന് പഴയ ബസ് സ്റ്റാന്റിലെത്തി ആറിന് അവസാനിപ്പിക്കും. പ്ലാസ ജംങ്ഷനില്‍ എല്‍.ഡി.എഫ് ജാഥ മുഴുവനും 4.45നുള്ളില്‍ കടന്നു പോയി 15 മിനിറ്റിനു ശേഷം മാത്രമേ റെയില്‍വേ സ്റ്റേഷന് റോഡിലേക്ക് പ്രവേശിക്കാന്‍ പാടുള്ളു.
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ പരിസമാപ്തിയായ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 22ന് കണ്ണൂര്‍ അസി. പൊലീസ് കമീഷണറുടെ കാര്യാലയത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് ജാഥയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് അനുവദനീയമല്ല. ജാഥയില്‍ പങ്കു ചേരുന്ന ഇരുചക്രവാഹനങ്ങളില്‍ രണ്ടുപേരില്‍ കൂടുതല്‍ അനുവദനീയമല്ല. കൊട്ടിക്കലാശത്തിന് മുന്നണികള്‍ മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടുകളില്‍ പ്രകടനത്തോടൊപ്പം മാത്രമേ പ്രചരണ വാഹനങ്ങള്‍ സഞ്ചരിക്കാന്‍ പാടുള്ളു.
കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഉച്ചക്ക് മൂന്ന് മുതല്‍ ആറ് വരെ കണ്ണൂര്‍ നഗരത്തില്‍ -പ്രഭാത് ജങ്ഷന്, എസ്.ബി.ഐ ജങ്ഷന്, പ്ലാസ, റെയില്‍വേ സ്റ്റേഷന് റോഡ്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാൻഡ്, യോഗശാല റോഡ്, സ്റ്റേഡിയം കോര്‍ണര്‍, കാല്‍ടെക്സ്, ചേംബര്‍ ഹാള്‍, താവക്കര, ഐ.ഒ.സി എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകളൊഴിവാക്കുന്നതിന് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു.
ഉച്ചക്കു ശേഷം അത്യാവശ്യ വാഹനങ്ങള്‍ മാത്രം നഗരത്തില്‍ പ്രവേശിക്കാം, പുതിയതെരു ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകേണ്ടുന്ന വാഹനങ്ങള്‍ തെക്കീ ബസാര്‍ ധനലക്ഷ്മി താണ വഴി തിരിച്ചുവിടുന്നതാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.