തലശ്ശേരി: മാഹി -തലശ്ശേരി ബൈപാസ് പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച് തലശ്ശേരി സബ് കലക്ടർ ഓഫിസിൽ കെ. മുരളീധരൻ എം.പിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നിർമാണ പ്രവർത്തനത്തിൽ വേഗത കുറവുണ്ടെന്ന് എൻ.എച്ച്.ഐ ഉദ്യോഗസ്ഥരെ അറിയിച്ചു. മറ്റു സ്ഥലങ്ങളിൽ നടക്കുന്ന നിർമാണം ദ്രുതഗതിയിലാണെന്നും എം.പി സൂചിപ്പിച്ചു.
ഏറ്റെടുക്കൽ പൂർത്തിയാക്കി സമ്മതപത്രം കൈമാറുന്നത്തിനുള്ള കാലതാമസം എൻ.എച്ച്.ഐ അധികൃതർ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര തുക നൽകുന്ന കാര്യത്തിൽ എൻ.എച്ച്.ഐയിൽനിന്നും വേണ്ടത്ര നടപടി ഉണ്ടായിട്ടില്ലെന്ന് എൽ.എ തഹസിൽദാർ അറിയിച്ചു. സ്ഥലമെടുപ്പ് പൂർത്തിയാക്കാനുള്ള എല്ലാ സഹായവും സബ് കലക്ടർ യോഗത്തിന് ഉറപ്പുനൽകി. ഹൈവേയിലുള്ള മാഹി അഴിയൂർ ഭാഗത്തെ റെയിൽവേ മേൽപാലം നിർമാണത്തിന്റെ അന്തിമഘട്ടത്തിൽ ട്രെയിൻ ഗതാഗതത്തിന് വരുത്തേണ്ട നിയന്ത്രണങ്ങൾ അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് റെയിൽവേക്ക് കത്ത് നൽകിയതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
20ന് തിരുവനന്തപുരത്ത് നടക്കുന്ന റെയിൽവേ വിളിച്ച എം.പിമാരുടെ യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. നിട്ടൂർ ബാലത്തിൽ പാലം നിർമിക്കുന്ന കാര്യം എം.പി ഉന്നയിച്ചപ്പോൾ ഇതുസംബന്ധിച്ച് തീരുമാനം ഡൽഹിയിൽനിന്നാണ് ഉണ്ടാകേണ്ടതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സർവിസ് റോഡ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് എരഞ്ഞോളി വില്ലേജിൽ അനുവദിച്ച നഷ്ടപരിഹാര തുക പുന:പരിശോധിക്കുമെന്ന് റവന്യൂ അധികൃതർ യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ സബ് കലക്ടർ അനുകുമാരി, ദേശീയപാത റീജനൽ ഓഫിസർ ബി.എം. മീണ, പ്രോജക്ട് ഡയറക്ടർ നിർമൽ സാട്ടെ, ചീഫ് കൺസൽട്ടൻറ്, ഇ.കെ.കെ ഡയറക്ടർ, എൽ.എ തഹസിൽദാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.