മാഹി: പ്രവൃത്തി പൂർത്തിയായിവരുന്ന മുഴപ്പിലങ്ങാട്-മാഹി ബൈപാസ് റോഡിൽ ഓണാഘോഷത്തിന് മുന്നോടിയായി വിദ്യാർഥികൾ നടത്തിയ അതിസാഹസിക അഭ്യാസപ്രകടനങ്ങൾക്ക് നാമമാത്ര പിഴയീടാക്കിയതായി നാട്ടുകാർ. നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തിയ ഏഴു പേരിൽനിന്ന് ന്യൂ മാഹി പൊലീസ് 5,000 രൂപ മാത്രമാണ് പിഴയീടാക്കിയത്. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാത്തത് ഇത്തരം പ്രവൃത്തികൾക്ക് വളമാകുമെന്നാണ് ആരോപണം.
പ്രവൃത്തി പൂർത്തിയായി വരുന്ന ബൈപാസ് റോഡിലാണ് യുവതലമുറയുടെ സാഹസിക ‘കലാപരിപാടികൾ’ 26ന് നടന്നത്. ദൃശ്യങ്ങൾ പകർത്താൻ പ്രഫഷനൽ ഫോട്ടോഗ്രാഫറെയും കൂട്ടിയാണ് ഇവർ അഭ്യാസത്തിനെത്തിയത്.
ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായാണ് സാഹസിക പ്രകടനങ്ങൾ നടന്നത്. മരണക്കിണറുകളെപ്പോലും വെല്ലുന്ന സ്കൂൾ, കോളജ് വിദ്യാർഥികളുടെ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള അഭ്യാസപ്രകടനങ്ങൾ ജനങ്ങളിൽ അത്ഭുതവും ഭയപ്പാടുമുണ്ടാക്കി. ഡോർ പകുതി തുറന്നുവെച്ച് ശരീരഭാഗങ്ങൾ പുറത്തേക്കിട്ടായിരുന്നു കാർ റേസിങ്ങ്.
പലർക്കും ഡ്രൈവിങ് ലൈസൻസ് ഇല്ലായിരുന്നുവെന്ന സൂചനയുണ്ട്. നിയമവിരുദ്ധമായ ഈ അതിസാഹസിക അഭ്യാസ പ്രകടനങ്ങളെ നിയമപാലകർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന പരാതി വ്യാപകമാണ്. പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും അറിയിച്ചിട്ടും അധികൃതർ ഇക്കാര്യം ആഴത്തിൽ അന്വേഷിക്കുക പോലുമുണ്ടായില്ലെന്നാണ് പരാതി.
ബൈപാസിന്റെ ഈസ്റ്റ് പള്ളൂർ, മങ്ങാട്, കവിയൂർ ഭാഗങ്ങളിൽ, വൻ അപകടം ക്ഷണിച്ചുവരുത്താനിടയുള്ള ഇത്തരം അഭ്യാസ പ്രകടനങ്ങൾ പല ദിവസങ്ങളിലും അരങ്ങേറുന്നുണ്ടെന്ന പരാതിയുണ്ട്. നാദാപുരം, പയന്തോങ്ങ്, വട്ടോളി, കുറ്റ്യാടി ഭാഗങ്ങളിലെ വിദ്യാർഥികളാണ് ഓണാഘോഷത്തിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയത്. മുന്പ്, ഇത്തരം പ്രകടനത്തിനിടെ സ്കൂട്ടർ അപകടത്തിൽപെട്ട് രണ്ടു പേർക്ക് സാരമായ പരിക്കേറ്റിരുന്നു.
റോഡ് സുരക്ഷ നിയമങ്ങൾ കർശനമായി നടപ്പാക്കിവരുന്ന ഘട്ടത്തിലാണ് ഗതാഗതം ഇതുവരെ തുടങ്ങിയിട്ടില്ലാത്ത ബൈപ്പാസ് റോഡിൽ ട്രാഫിക് നിയമങ്ങൾ വെല്ലുവിളിച്ച് അഭ്യാസ പ്രകടനങ്ങൾ നടക്കുന്നത്. കാമറ അടക്കമുള്ള നിരീക്ഷണ ഉപാധികൾ ഈ റോഡിൽ നിലവിലില്ലാത്തതാണ് ഇവർക്ക് വളമാകുന്നത്. പട്രോളിങ് ഉൾപ്പെടെ നടത്തി ഇത്തരം അപകടകരമായ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.