തലശ്ശേരി: തീരദേശ ചരിത്രം പറയുന്ന നഗരത്തിലെ തായലങ്ങാടി പെട്ടെന്ന് അങ്ങാടിമുക്കായി മാറിയപ്പോൾ കണ്ടുനിന്നവർ അമ്പരന്നു. സിനിമ ചിത്രീകരണത്തിന്റെ ഭാഗമായാണ് തായലങ്ങാടി പ്രദേശം അങ്ങാടിമുക്കായി മാറ്റിയത്. തായലങ്ങാടി ജുമുഅത്ത് പള്ളിയോട് ചേർന്നുള്ള പാണ്ടികശാല പ്രദേശമാണ് ജോയ് മാത്യു - ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ ഒരുക്കുന്ന സിനിമക്ക് അങ്ങാടി മുക്കായി സജ്ജീകരിച്ചത്. വെള്ളിയാഴ്ച സന്ധ്യക്ക് സിനിമയുടെ ചിത്രീകരണം തുടങ്ങി.
കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ജാഫർ ഇടുക്കി, മനോജ്, ആന്റണി വർഗീസ് എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങൾ. ജില്ലയിലെ പ്രധാന നഗരങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. ഒരു ത്രില്ലർ ചിത്രമാണിതെന്നും രണ്ടുമാസം ഷൂട്ടിങ് ഉണ്ടായിരിക്കുമെന്നും തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യു 'മാധ്യമ'ത്തോട് പറഞ്ഞു. തലശ്ശേരിക്കുപുറമെ കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, ഗൂഡല്ലൂർ, കോഴിക്കോട് എന്നിവിടങ്ങളിലും ചിത്രീകരണമുണ്ടാകും.
തലശ്ശേരി കടൽപാലത്തോട് ചേർന്നുള്ള തീരദേശത്ത് നവീകരണത്തിനുശേഷം നടക്കുന്ന രണ്ടാമത്തെ സിനിമ ചിത്രീകരണമാണിത്. ടൊവിനോ തോമസ് നായകനായി അഭിനയിച്ച 'തല്ലുമാല' സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചതും ഇവിടെയായിരുന്നു. സിനിമ ചിത്രീകരണത്തിന് പ്രധാന ലൊക്കേഷനായി മാറുകയാണ് മലബാറിലെ ചരിത്ര പ്രാധാന്യമുള്ള തലശ്ശേരി തീരപ്രദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.