കണ്ണൂർ: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ പുതുവർഷം ആഘോഷിച്ച് കണ്ണൂർ. ജനുവരി രണ്ടുവരെ രാത്രി 10 മുതൽ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പുതുവർഷാഘോഷത്തിനായി ബീച്ചുകളിലും പാർക്കുകളിലും ആളുകൾ കൂട്ടംകൂടുന്നത് തടയാൻ കർശന നടപടിയാണ് പൊലീസ് സ്വീകരിച്ചത്. പൊലീസ് നിയന്ത്രണങ്ങൾ അതേപടി പാലിച്ചാണ് ജനങ്ങൾ ഇത്തവണ പുതുവർഷം ആഘോഷിച്ചത്. രാത്രി ബീച്ചുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെത്തിയവരെ പൊലീസ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയച്ചു. രാത്രി 10ഓടെ പയ്യാമ്പലം, മുഴപ്പിലങ്ങാട്, ചാലിൽ, ധർമടം ബീച്ചുകളിൽനിന്നും നഗരത്തിൽനിന്നും ആളുകൾ മടങ്ങി.
പുതുവർഷം പുലരുവോണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ശനിയാഴ്ച രാവിലെ അഞ്ചുവരെ ആളുകൾ കൂടാനിടയുള്ള സ്ഥലങ്ങളിൽ പരിശോധനയുണ്ടായി. കൂട്ടംകൂടരുതെന്ന സർക്കാർ നിർദേശം ജനം ഏറ്റെടുത്തു. നഗരത്തിൽ മദ്യപിച്ച് കറങ്ങിനടന്ന ചിലരെ പൊലീസ് താക്കീത് നൽകി വിട്ടയച്ചു. അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസമായി. മത്സരിച്ചുള്ള വാഹനയോട്ടവും റൈഡർമാരുടെ ബൈക്ക് അഭ്യാസ പ്രകടനങ്ങളും ഇത്തവണയുണ്ടായില്ല. ശനിയാഴ്ച രാവിലെ ആറിന് പറശ്ശിനിക്കടവിലേക്ക് പോവുകയായിരുന്ന വടകര സ്വദേശികളായ രണ്ടുപേർ പാപ്പിനിശ്ശേരി ചുങ്കത്ത് വാഹനാപകടത്തിൽ മരിച്ചതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. പൊതുസ്ഥലങ്ങളിലെ പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്റ്റേഷന് എസ്.എച്ച്.ഒമാര്‍ക്ക് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആർ. ഇളങ്കോ നിർദേശം നല്‍കിയതിനെ തുടർന്ന് അനൗൺസ്മെന്റ് അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതിയവരെ മാത്രമാണ് അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാൻ അനുവദിച്ചത്. മൊബൈൽ പട്രോളിങ് വാഹനങ്ങൾ ഞായറാഴ്ച വരെ പരിശോധന തുടരും. സിറ്റി പരിധിയിലെ ക്രമസമാധാന പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് സഹായമായി.
സാധാരണ പുതുവർഷ ദിനത്തിൽ പുലരുവോളം സഞ്ചാരികൾ ബീച്ചുകളിൽ ചെലവഴിക്കാറുണ്ട്. പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിൽ പുതുവർഷം പോലെയുള്ള ആഘോഷ ദിവസങ്ങളിൽ 15,000ത്തിലേറെ സഞ്ചാരികളെത്താറുണ്ട്. ഇതിന്റെ നാലിൽ ഒന്നുമാത്രമേ വെള്ളിയാഴ്ച എത്തിയുള്ളൂ. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പുതുവർഷ ദിനത്തിൽ പകലും സഞ്ചാരികളുടെ എണ്ണം നന്നായി കുറഞ്ഞു. പയ്യാമ്പലത്ത് ടൗൺ പൊലീസ് സ്ട്രൈക്കിങ് ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്.
രാത്രി നിരോധനം നിലനിൽക്കുന്നതിനാൽ ഇത്തവണ വിനോദസഞ്ചാരികളുടെ എണ്ണം കുറവായിരുന്നെന്ന് ബർണശ്ശേരി ബേബി ബീച്ചിലെ റിസോർട്ട് ഉടമ ജിത്തു പറഞ്ഞു. ജില്ലയിൽ വിവാഹത്തിനും മറ്റുമായി എത്തിയവരാണ് നഗരത്തിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനുണ്ടായത്.
പുതുവർഷത്തിൽ രാത്രി വൈകിയുള്ള ഡി.ജെ, നിശ പാർട്ടികൾ പാടില്ലെന്ന് ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പൊലീസ് നിർദേശം നൽകിയിരുന്നു. പ്രാദേശികമായ പുതുവർഷാഘോഷങ്ങളും ഇത്തവണ കാര്യമായി ഉണ്ടായില്ല.
പുതുവത്സര ദിനങ്ങളിലെ ക്രമസമാധാന ഡ്യൂട്ടിക്കായി കണ്ണൂര്‍ സബ് ഡിവിഷന് പരിധിയില്‍ 230 പൊലീസ് ഓഫിസര്‍മാരെയും തലശ്ശേരി സബ് ഡിവിഷന് പരിധിയില്‍ 148 പേരെയും കൂത്തുപറമ്പില്‍ 105 പേരെയും നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.