കണ്ണൂർ: ജില്ലയില്‍ ബസ് റൂട്ട് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസ് റൂട്ടുകള്‍ അനുവദിക്കാനും കെ.എസ്.ആര്‍.ടി.സിയുടെ രാത്രികാല സർവിസുകള്‍ പുനഃസ്ഥാപിക്കാനും ജില്ല വികസനസമിതി യോഗം നിര്‍ദേശം നല്‍കി. രാത്രികാലങ്ങളില്‍ കണ്ണൂര്‍, തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇരിട്ടി ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ആരംഭിക്കാൻ യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അഴീക്കല്‍ -കണ്ണൂര്‍ റൂട്ടില്‍ പുലര്‍ച്ചെയും രാത്രിയുമുണ്ടായിരുന്ന സര്‍വിസ് പുനരാരംഭിക്കണം.
പഴയങ്ങാടി -കാസര്‍കോട് റൂട്ടിലെ സര്‍വിസ് പുനഃസ്ഥാപിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും യോഗം നല്‍കി. ജില്ലയിലെ ബസ് സര്‍വിസ് കുറവുള്ള റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് ഹ്രസ്വദൂര റൂട്ട് അനുവദിക്കാന്‍ ലഭിച്ച അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കുമെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. പുതിയ അപേക്ഷകള്‍ ലഭിച്ചാല്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ.എസ്.ടി.പി റോഡുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാത്തത് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതായി എം. വിജിന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രീപേഡ് ഓട്ടോ കൗണ്ടര്‍ പുനഃസ്ഥാപിക്കണമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ പറഞ്ഞു. സ്വകാര്യ സന്നദ്ധ സംഘടനകള്‍ക്ക് പ്രീപേഡ് സംവിധാനം നല്‍കാന്‍ പറ്റില്ലെന്ന റെയില്‍വേ നിര്‍ദേശം പരിഗണിച്ച് പൊലീസുമായി ബന്ധപ്പെട്ട് പ്രീപേഡ് സംവിധാനം പുനഃസ്ഥാപിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
മേലെചൊവ്വ, പുതിയതെരു ഭാഗങ്ങളിലെ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറക്കുന്നതിനുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.ഏഴിമല നേവല്‍ അക്കാദമിക്കായി പുനരധിവസിപ്പിക്കപ്പെട്ട കുറെ പേര്‍ക്ക് പട്ടയം ലഭിക്കാനുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ടി.ഐ. മധുസൂദനൻ എം.എൽ.എ പറഞ്ഞു.
ചിറക്കല്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ കുണ്ടന്‍ചാല്‍ ലക്ഷംവീട് കോളനിയിലെ 60ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മണ്ണ് പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ ജനറല്‍ അറിയിച്ചു. ജില്ലയിലെ അർബുദരോഗികളുടെ മുടങ്ങിയ പെന്‍ഷന്‍ ഓണത്തിനുമുമ്പ് നല്‍കാന്‍ നടപടിയെടുത്തതായി കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അറിയിച്ചു. കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.