പാപ്പിനിശ്ശേരി: ജീവനക്കാർക്ക് ശമ്പളവും ഉൽപന്നങ്ങളുടെ സംഭരണവുമില്ലാതെ പൊതുമേഖല സ്ഥാപനമായ ഹോർട്ടികോർപ് പ്രവർത്തനം അവതാളത്തിൽ. ഉൽപന്നങ്ങൾ വാങ്ങാൻ പണമില്ലാത്തതിനാൽ വിഷുവിനോടനുബന്ധിച്ച് എല്ലാ ശാഖകളും അടച്ചിട്ടു. മാങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോർട്ടികോര്‍പ് ജില്ല ശാഖ അടച്ചുപൂട്ടൽ വക്കിലാണ്.
വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന 26 തൊഴിലാളികളുടെയും ആറു ജീവനക്കാരുടെയും ശമ്പളം നാലു മാസത്തോളമായി മുടങ്ങിക്കിടക്കുകയാണ്. തുടക്കത്തിൽ 20ലധികം ഔട്ട്ലെറ്റുകളുണ്ടായിരുന്നതിൽ ഇപ്പോൾ ആറെണ്ണം മാത്രമാണ് ബാക്കിയുള്ളത്. അതും ഉൽപന്നങ്ങളില്ലാത്തത്തിനാല് ഏതു സമയവും അടച്ചുപൂട്ടൽ വക്കിലാണ്. ബാവുപ്പറമ്പ്, പച്ചന്നൂർ മൂന്ന്, കൂത്തുപറമ്പ്, ബക്കളം, ചെമ്പംതൊട്ടി, പാച്ചേനി, തലശ്ശേരി, പാനൂർ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളാണ് സമീപകാലത്ത് പൂട്ടിയത്. ലാഭകരമല്ലാത്തവയാണ് പൂട്ടിയതെന്നാണ് അധികൃതർ പറയുന്നത്.
വിതരണക്കാർക്ക് തുക വർഷങ്ങളായി അനുവദിക്കാത്തതിനാൽ ലക്ഷക്കണക്കിന് തുക കുടിശ്ശികയാണ്. അതിനാൽ വിതരണക്കാർ ഉൽപന്നങ്ങൾ തുടർന്ന് നൽകാത്തതും തകർച്ചക്ക് കാരണമായി. ഇവിടെനിന്നും വിൽപന നടത്തിവരുന്ന വിറ്റുവരവ് തുകകൾ മുഴുവനായും ഹെഡ് ഓഫിസിൽ അടക്കുകയാണ് ചെയ്തുവരുന്നത്. ജീവനക്കാരുടെ ശമ്പളവും വാങ്ങിയ ഉൽപന്നങ്ങളുടെ വിലയും ഹെഡ് ഓഫിസിൽനിന്നും നേരിട്ടാണ് നൽകുന്നത്. ജീവനക്കാരുടെ ശമ്പളവും അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
കൃഷിവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർക്ക് ജില്ല മാനേജർ അധിക ചുമതലയുണ്ട്. 2021-22ൽ 2.80 കോടി വിൽപന നടത്തിയപ്പോൾ 2022-23ൽ 1.84 കോടി വിൽപനയാണുണ്ടായത്. ഈ സാമ്പത്തിക വർഷം 2.11 ലക്ഷം വിൽപനയുണ്ടായി. കൃഷിക്കാർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നതിനും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള പച്ചക്കറികൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഹോർട്ടികോർപ് ആരംഭിച്ചത്. അടച്ചുപൂട്ടൽ നേരിടുന്ന ഇത്തരം സ്ഥാപനത്തെ നിലനിർത്താൻ സർക്കാർ ബജറ്റിൽ പ്രത്യേക ഫണ്ട് കണ്ടെത്തണമെന്നാണ് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആവശ്യം.
നാട്ടിലെല്ലാവരും വിഷു ആഘോഷിച്ചപ്പോൾ മക്കൾക്ക് വസ്ത്രം വാങ്ങാനോ നല്ല ഭക്ഷണം കഴിക്കാനോ പറ്റാത്ത സ്ഥിതിയായിരുന്നെന്നും നാലുമാസത്തോളം ശമ്പളം കിട്ടാതെയെങ്ങനെ കുടുംബം പുലർത്തുമെന്നും തൊഴിലാളികളും ജീവനക്കാരും ചോദിക്കുന്നു.
സ്ഥാപനം ലാഭത്തിൽ പ്രവർത്തിച്ചാൽ മാത്രമേ ശമ്പളവും അനുകൂല്യവും കൃത്യമായി നൽകാൻ നിർവാഹമുള്ളൂവെന്നും അതിനായി ജീവനക്കാരും താൽപര്യമെടുക്കണമെന്നും കോഴിക്കോട് റീജനൽ മാനേജർ ടി.ആർ. ഷാജി പറഞ്ഞു.
ഹോർട്ടികോർപ് എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ കഴിഞ്ഞ മാസം പണിമുടക്കും സമരവും നടത്തിയിരുന്നു. ഹോർട്ടികോർപ് മാനേജ്മെന്റിന്റെ നടപടികളും തൊഴിലാളിവിരുദ്ധ സമീപനങ്ങളുമാണ് ജീവനക്കാരെ സമരത്തിലേക്ക് നയിക്കുന്നതെന്ന് ഭരണാനുകൂല സംഘടന തന്നെ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.