കണ്ണൂർ: ധനനഷ്ടത്തിനും മാനഹാനിക്കും പുറമെ ആളുകളുടെ ജീവനെടുത്തും ഓൺലൈൻ തട്ടിപ്പ് ജില്ലയിലും ശക്തം. സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ട് ജീവനൊടുക്കിയ അഞ്ചുകണ്ടി സ്വദേശിനിയുടെ കൈയിൽനിന്ന് അവസാന നിമിഷവും സംഘം മൂന്നു ലക്ഷമാണ് സ്വന്തമാക്കിയത്. പണം കൈമാറിയ അക്കൗണ്ട് നമ്പറും ഫോൺ നമ്പറുമെല്ലാം അന്വേഷിച്ചപ്പോഴാണ് എല്ലാം വ്യാജമെന്ന് വ്യക്തമായത്.
ഇതോടെ അന്വേഷണ സംഘവും നിസ്സഹായരായി. ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാൽ 1930 എന്ന നമ്പറിൽ വിവരമറിയിക്കണമെന്ന് കണ്ണൂർ സിറ്റി അസി. കമീഷണർ ടി.കെ. രത്നാകരനും സൈബർ സെൽ ഇൻസ്പെക്ടർ കെ. സനിൽകുമാറും അറിയിച്ചു.
ജില്ലയിൽ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസവും ഒട്ടേറെ പരാതികളാണ് വരുന്നത്. പത്തും ഇരുപതും ലക്ഷമാണ് പലർക്കും നഷ്ടപ്പെടുന്നത്. പയ്യന്നൂർ സ്വദേശിക്ക് 16 ലക്ഷമാണ് ഒരാഴ്ചക്കിടെ നഷ്ടപ്പെട്ടത്. യുവതികളുടെ പ്രൊഫൈൽ ചിത്രമുള്ള ഫോണിൽവന്ന് വിഡിയോ ചാറ്റ്, ശേഷം ബ്ലാക്ക്മെയിലിങ്, വൈദ്യുതി ബിൽ അടക്കാനുള്ള തീയതി അറിയിച്ച് ലിങ്ക് അയക്കൽ, ഗൂഗിളിൽ വ്യാജ കസ്റ്റമർ നമ്പർ നൽകുക തുടങ്ങി ഒട്ടേറെ വഴികളാണ് ഓൺലൈൻ തട്ടിപ്പിനുള്ളത്. കബളിപ്പിക്കപ്പെട്ട് പണം നഷ്ടപ്പെട്ടതിലുള്ള മാനഹാനി കണക്കിലെടുത്ത് ചിലർ പരാതി നൽകുന്നില്ല.
ജ്വല്ലറി ജീവനക്കാരിയായ 32കാരി മരിച്ചത് ജൂൺ 15ന്. പയ്യാമ്പലത്തെ ബേബി ബീച്ചിൽ മരിച്ച നിലയിലായിരുന്നു കണ്ടത്. ഓൺലൈൻ തട്ടിപ്പിൽ എട്ടുലക്ഷം രൂപ നഷ്ടപ്പെട്ടതിൽ മനംനൊന്താണ് മരണം. ഫോൺ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ ആഴം മനസ്സിലായത്. തൊഴിലവസരം വാഗ്ദാനം ചെയ്ത് അജ്ഞാത നമ്പറിൽനിന്ന് ഒരു വാട്സ്ആപ് സന്ദേശമാണ് ഇവർക്ക് ആദ്യം ലഭിച്ചത്.
വീട്ടിലിരുന്ന് പ്രത്യേകിച്ച് ചെലവൊന്നുമില്ലാതെ പണമുണ്ടാക്കാവുന്ന തൊഴിൽ പരിചയപ്പെടുത്തി വ്യാജപേരിലുള്ള സന്ദേശമായിരുന്നു അത്. രണ്ടോ മൂന്നോ യൂട്യൂബ് ലിങ്ക് തന്നിട്ട് ലൈക്കടിക്കാനായിരുന്നു നിർദേശം. അതിനുള്ള ചെറിയൊരു പ്രതിഫലവും ഉടൻ യുവതിയുടെ അക്കൗണ്ടിലിട്ടു നൽകി വിശ്വാസം നേടിയെടുത്തു. ചെറിയ തുക അങ്ങോട്ട് നൽകി ലാഭം ലഭിക്കുന്ന ജോലികളാണ് പിന്നീട് നൽകിയത്.
പതിനായിരവും ഇരുപതിനായിരവും കടന്ന് അരലക്ഷം നിക്ഷേപിച്ച് ഒരു ലക്ഷം കിട്ടുന്ന ടാസ്കിലെത്തി കാര്യങ്ങൾ. നിക്ഷേപിച്ച തുകക്കൊപ്പം അധികമായി കിട്ടുന്ന തുകയും യുവതിയുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തതിന്റെ രേഖകളും കാണിച്ചു നൽകി. ഉടൻ പണം പിൻവലിക്കരുതെന്ന നിബന്ധനയും ‘അജ്ഞാത സ്ത്രീ’ മുന്നോട്ടുവെച്ചു.
ഇങ്ങനെ പലതവണയായി എട്ടുലക്ഷം രൂപയാണ് സംഘം കൈക്കലാക്കിയത്. മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പും മൂന്നുലക്ഷം ഇങ്ങനെ തട്ടിയെടുത്തു. ക്രെഡിറ്റ് ചെയ്തതായി കാണിച്ച മെസേജ് എല്ലാം വ്യാജം. ഇത് തിരിച്ചറിഞ്ഞതോടെയാണ് ഇവർ കടലിൽ ചാടിയത്. ഒരു പരാതിയെങ്കിലും നൽകിയിരുന്നെങ്കിൽ മരണം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.