ശ്രീകണ്ഠപുരം: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള പൈതൽ റിസോർട്ട് അടഞ്ഞുകിടന്ന് നശിക്കുന്നു. ഇതുവഴി ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് സർക്കാറിന് വർഷം തോറും ഉണ്ടാകുന്നത്. മൂന്നുകോടി രൂപ ചെലവിൽ വിനോദ സഞ്ചാര വകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നിർമിച്ച കെട്ടിടങ്ങളാണ് അടഞ്ഞുകിടക്കുന്നത്.
പൈതൽമലയിൽ സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് രണ്ട് വലിയ കെട്ടിടങ്ങളൊരുക്കിയത്. മനോഹരമായ രീതിയിൽ രൂപകൽപന ചെയ്ത 20 മുറികളും റസ്റ്റാറന്റും ഉൾപ്പെടുന്നതാണ് റിസോർട്ട്.
പണി പൂർത്തിയായിട്ടും നിസ്സാര കാരണങ്ങൾ പറഞ്ഞ് കെട്ടിടം തുറന്നുകൊടുക്കുന്നത് ഏറെ വൈകിപ്പിച്ചു. തുടർന്ന് 2011ൽ അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് റിസോർട്ട് ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ നല്ല രീതിയിലാണ് പ്രവർത്തിച്ചത്. സ്വദേശികളും വിദേശികളുമടക്കം കാഴ്ച്ച കാണാനെത്തിയപ്പോൾ റിസോർട്ടിൽ നല്ല തിരക്കും വരുമാനവുമുണ്ടായി.
പിന്നീട് നടത്തിപ്പിൽ വീഴ്ചകൾ സംഭവിച്ചതോടെ സ്വകാര്യ വ്യക്തിക്ക് പാട്ടവ്യവസ്ഥയിൽ നൽകി. മാട്ടേൽ ഗ്രൂപ്പാണ് നടത്തിപ്പിനായി ഏറ്റെടുത്തത്. പ്രതിമാസം 1,25,000 രൂപ നിരക്കിൽ 10 വർഷത്തേക്കാണ് നടത്തിപ്പിന് നൽകിയത്. പിന്നീട് ഇവർ ദുബൈ മലയാളിക്ക് അനൗദ്യോഗികമായി റിസോർട്ട് കൈമാറിയതായുള്ള ആക്ഷേപവും ഉയർന്നു. കോവിഡിനെ തുടർന്ന് 2020 മാർച്ചിൽ പൂട്ടിയ റിസോർട്ട് പിന്നീട് തുറന്നിട്ടില്ല.
നടത്തിപ്പിനെടുത്തവർ ലക്ഷക്കണക്കിന് രൂപ സർക്കാറിന് നൽകാനുണ്ട്. 1.20 കോടി രൂപ നവീകരണത്തിനായി അനുവദിച്ച് ടെൻഡറായെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം പണി തുടങ്ങാൻ സാധിച്ചിട്ടില്ല. നടത്തിപ്പുകാരുമായുള്ള തർക്കം പരിഹരിച്ച് പാട്ടക്കരാർ പുതുക്കിയാലേ റിസോർട്ട് തുറന്നുപ്രവർത്തിക്കാൻ കഴിയൂ.
പൈതൽമല, ഏഴരക്കുണ്ട്, കാഞ്ഞിരക്കൊല്ലി, പാലക്കയംതട്ട് തുടങ്ങിയ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ ഒഴുക്കാണ്. കുടുംബാംഗങ്ങളുമായെത്തുന്നവർ വൻതുക നൽകി നാമമാത്ര സ്വകാര്യ റിസോർട്ടുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സ്വകാര്യ റിസോർട്ടുകളിൽ ആവശ്യത്തിന് മുറികൾ കിട്ടാത്ത സാഹചര്യവും ഉണ്ട്. ഇത്തരമൊരു അവസ്ഥയുള്ളപ്പോഴാണ് സർക്കാർ റിസോർട്ട് നശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.