പാനൂർ: നാദാപുരം അരീക്കര കുന്നിൽ പ്രവർത്തിക്കുന്ന ബി.എസ്.എഫ് കേന്ദ്രത്തിലേക്ക് പതിനായിരത്തോളം രൂപയുടെ പച്ചക്കറികളുടെ ഓർഡർ നൽകി വ്യാപാരിയെ കബളിപ്പിച്ചതായി പരാതി. പുത്തൂരിലെ പച്ചക്കറി വ്യാപാരിയായ പൊയിലൂർ പള്ളിച്ചാലിലെ പ്രകാശനാണ് തട്ടിപ്പിനിരയായത്. പ്രകാശന്റെ പരാതിയിൽ കൊളവല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പുത്തൂർ ഓവുപാലത്തിന് സമീപം പച്ചക്കറി കട നടത്തുന്ന പ്രകാശന് കഴിഞ്ഞദിവസം വാട്സ്ആപ്പിലൂടെയാണ് പതിനായിരത്തോളം രൂപയുടെ പച്ചക്കറിക്ക് ഓർഡർ ലഭിച്ചത്. തിരികെ വിളിച്ചപ്പോൾ ഹിന്ദിയിലാണ് മറുപടി ലഭിച്ചത്. അരീക്കരക്കുന്നിലെ ബി.എസ്.എഫ് കേന്ദ്രത്തിലേക്കാണ് പച്ചക്കറിയെന്ന മറുപടിയും ലഭിച്ചു.
സന്ദീപ് റാവുത്തറെന്ന ജവാനാണെന്നാണ് പറഞ്ഞത്. ഓർഡർ പ്രകാരമുള്ള പച്ചക്കറികൾ തലശ്ശേരിയിൽനിന്നും വാങ്ങി എത്തിച്ച് ജവാനെ ബന്ധപ്പെട്ടപ്പോൾ സാധനങ്ങൾ കേന്ദ്രത്തിൽ എത്തിക്കാനും തുക നൽകാനായി എ.ടി.എം കാർഡ് വാട്സ്ആപ്പിൽ അയക്കാനും ആവശ്യപ്പെടുകയായിരുന്നു.
ഫോൺ പേ, ഗൂഗ്ൾ പേ, അക്കൗണ്ട് നമ്പർ എന്നിവ നൽകാമെന്ന് പറഞ്ഞെങ്കിലും എ.ടി.എം കാർഡ് തന്നെ അയക്കാൻ നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് സുഹൃത്തിന്റെ എ.ടി.എം കാർഡിെൻറ കോപ്പി അയച്ചുകൊടുക്കുകയായിരുന്നു. അൽപസമയത്തിനകം അക്കൗണ്ടിലുണ്ടായിരുന്ന 24 രൂപ നഷ്ടപ്പെട്ടെന്ന വിവരമാണ് ലഭിച്ചത്. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് കൊളവല്ലൂർ പൊലീസിലും ബി.എസ്.എഫ് കേന്ദ്രത്തിലും പരാതി നൽകിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.