കൊളവല്ലൂർ കുടുംബക്ഷേമ ഉപകേന്ദ്രം

വികസനം കാത്ത് കൊളവല്ലൂർ കുടുംബക്ഷേമ ഉപകേന്ദ്രം

പാനൂർ: കണ്ണങ്കോട്ടെ കൊളവല്ലൂർ കുടുംബക്ഷേമ ഉപകേന്ദ്രം ശാപമോക്ഷം തേടുന്നു. കുന്നോത്തുപറമ്പ് പഞ്ചായത്ത് 12ാം വാർഡായ കണ്ണങ്കോട് സ്ഥിതിചെയ്യുന്ന കുടുംബക്ഷേമ ഉപകേന്ദ്രമാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കാതെ നോക്കുകുത്തിയാവുന്നത്. 12ാം വാർഡിലാണെങ്കിലും മൂന്നു വാർഡുകൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

ഒരു ജൂനിയർ പ്രൈമറി ഹെൽത്ത് നഴ്സിന് താമസിക്കാനുള്ള ഫാമിലി ക്വാർട്ടേഴ്സും അതോടൊപ്പം ചെറിയ ഓഫിസ് റൂം എന്നിവയാണ് നിലവിൽ കെട്ടിടത്തിലുള്ള സൗകര്യം.

എന്നാൽ, റോഡ് വികസനത്തിന് മുൻഭാഗത്തെ മതിൽ പൊളിക്കുകയും കനത്ത മഴയിൽ വെയിറ്റിങ് ഷെഡ് തകരുകയും ചെയ്തതോടെ ഉപകേന്ദ്രം സാധാരണ നിലയിൽ പ്രവർത്തിക്കാതായി. താമസിക്കാൻ അത്യാവശ്യ സൗകര്യം പോലുമില്ലാതായതോടെ നഴ്സിന്റെ സേവനവും ലഭിക്കാതായി. നിലവിൽ വാക്സിനേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകാൻ പരിമിതിയുണ്ട്. ഇതിന് പരിഹാരമായി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചുറ്റുമതിലും ഗേറ്റും പുനഃസ്ഥാപിക്കൽ, വെയിറ്റിങ് ഷെഡ് പുനർനിർമാണം, മറ്റു മെയിൻറനൻസ് പ്രവർത്തനങ്ങൾ എന്നിവക്കായി നാലുലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ടെൻഡർ നടപടികളും പൂർത്തിയായി. ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല.

ഉടൻ നിർമാണപ്രവർത്തനങ്ങൾ തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ നിലവിൽ കുടുംബക്ഷേമ ഉപകേന്ദ്രമായ ഇവിടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ ആയി ഉയർത്തേണ്ടതുണ്ട്. നാഷനൽ ഹെൽത്ത് മിഷനിൽനിന്നും ഇതിനായുള്ള അംഗീകാരം നേടുകയും ഏഴുലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ ആയി ഉയർത്തിയാൽ കൂടുതൽ സേവനങ്ങൾ ഇവിടെ ഏർപ്പെടുത്താൻ കഴിയും. ഇതിന് നിലവിലുള്ള കെട്ടിടത്തോട് ചേർന്നു പുതിയ കെട്ടിട നിർമാണം ആവശ്യമാണ്.

കൂടുതൽ തുക നിർമാണത്തിന് ആവശ്യമാണെന്ന് പഞ്ചായത്ത് അസി. എൻജിനീയർ അറിയിച്ചതിനെത്തുടർന്ന് 2022 -23 വർഷത്തെ പദ്ധതിയിൽ അഡീഷനൽ തുക ലഭ്യമാക്കാമെന്ന് ഉറപ്പുനൽകുയും ചെയ്തിട്ടുണ്ട്. കണ്ണങ്കോട്ടെ കുടുംബക്ഷേമ ഉപകേന്ദ്രം ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ ആയി ഉയർത്തിയാൽ പ്രദേശത്തെ ജനങ്ങൾക്ക് വലിയ അനുഗ്രഹമാകുമെന്നും സ്ഥലം എം.പി കെ. മുരളീധരന് ഈ സ്ഥാപനത്തിന്റെ കൂടുതൽ പുരോഗതിക്കായുള്ള പ്ലാൻ അടങ്ങിയ നിവേദനം നൽകിയിട്ടുണ്ടെന്നും വാർഡ് അംഗം ഫൈസൽ കൂലോത്ത് പറഞ്ഞു.

Tags:    
News Summary - Kolavallur Family Welfare Sub Center awaiting development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.