പാനൂർ: കീഴ്മാടം - കുന്നോത്തുപറമ്പ് റോഡ് പ്രവൃത്തി എന്ന് പൂർത്തിയാവുമെന്നറിയാതെ നാട്ടുകാർ. രണ്ടുവർഷം മുമ്പ് ആരംഭിച്ച പ്രവൃത്തി പൂർത്തിയാവാത്തതിനാൽ ദുരിതത്തിലായത് ആയിരങ്ങൾ. മൂന്നുവർഷം അറ്റകുറ്റപ്പണികൾ നടത്താതിരുന്ന റോഡിൽ പൊതുഗതാഗതം നിലച്ച മട്ടാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി നടത്തിയാൽപോലും അടുത്ത കാലവർഷത്തിന് മുമ്പേ പ്രദേശത്തെ ഗതാഗതദുരിതം തീരുമെന്ന വിശ്വാസം അധികൃതർക്കും നാട്ടുകാർക്കുമില്ല.
കിഫ്ബി പദ്ധതി പ്രകാരം കെ.ആർ.എഫ്.ബിയുടെ മേൽനോട്ടത്തിലാണ് നിർമാണം ആരംഭിച്ചത്. മെക്കാഡം ടാറിങ്ങാണ് കീഴ്മാടം - കുന്നോത്തുപറമ്പ് റോഡിൽ 12.5 കിലോമീറ്റർ ചെയ്യേണ്ടത്. ഈ പദ്ധതിയുടെ കരാർ ഏറ്റടുത്തത് പേരാവൂർ കെ.കെ ബിൽഡേഴ്സാണ്. 28.99 കോടി രൂപയുടെ വൻ പദ്ധതിയാണിത്. പദ്ധതിയുടെ കാലാവധി 24 മാസമാണ്.
പ്രവൃത്തി ആരംഭിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും കടവത്തൂർ മുതൽ കല്ലിക്കണ്ടി വരെയുള്ള നാലു കിലോമീറ്റർ റോഡുപണി ആരംഭിക്കാൻ പോലും കഴിഞ്ഞിട്ടില്ല. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സാങ്കേതികതയിൽ തട്ടിയാണ് പ്രവൃത്തി നീണ്ടുപോകുന്നത്. കല്ലിക്കണ്ടിക്കടുത്ത പ്രൈമറി വിദ്യാലയത്തിന്റെ റോഡരികിലെ ഭാഗം പൊളിക്കാൻ അനുമതി കിട്ടിയിട്ടില്ല. കൂടാതെ റോഡരികിലെ മൂന്ന് ആരാധനാലയങ്ങളും മദ്റസയും തടസ്സമായിരുന്നു. ഒരു ആരാധനാലയവും മദ്റസയും വഖഫ് ബോഡിന്റെ കീഴിലാണ്. ഇതിന് സർക്കാർ തലത്തിലാണ് അനുമതി ലഭിക്കേണ്ടത്. വികസനത്തിന് തടസ്സം നിൽക്കുന്നില്ലെന്ന് മറ്റ് രണ്ട് ആരാധനാലയങ്ങളുടെയും കമ്മിറ്റി ഭാരവാഹികൾ പറയുന്നു. കൂത്തുപറമ്പ് എം.എൽ.എ കെ.പി. മോഹനൻ മുൻകൈയെടുത്ത് സമവായ ശ്രമം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.
പ്രാഥമിയൊരോഗ്യ കേന്ദ്രം, മൃഗാശുപത്രി, വില്ലേജ് ഓഫിസ്, തൃപ്രങ്ങോട്ടൂർ എൽ.പി സ്കൂൾ, പാറേമ്മൽ യു.പി സ്കൂൾ, തെണ്ടപ്പറമ്പ് എൽ.പി സ്കൂൾ, കടവത്തൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കടവത്തൂർ എൽ.പി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഈ വഴിയിലാണ് സ്ഥിതി ചെയ്യുന്നത്. രജിസ്ട്രാർ ഓഫിസ്, പഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ തുടങ്ങിയ നിരവധി സർക്കാർ ഓഫിസുകളും സ്ഥിതി ചെയ്യുന്നത് കല്ലിക്കണ്ടി ടൗണിലാണ്. ഈ പ്രധാന ടൗണിലേക്കുള്ള സഞ്ചാരമാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. ഈ റോഡിൽകൂടി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങൾ പലപ്പോഴും കുഴിയിൽ വീഴുന്നത് പതിവാണ്. ബസ് സർവിസ് ഈ റോഡിൽ പൂർണമായും നിലച്ചു.
ഓട്ടോറിക്ഷ-ടാക്സി സർവിസ് ഈ പ്രദേശത്ത് ലഭിക്കാറില്ല. പ്രവൃത്തി പൂർത്തിയാക്കാത്തതിൽ റോഡ് ഫണ്ട് ബോർഡിനെതിരെ ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ. അലി തലശ്ശേരി ലീഗൽ സർവിസ് അതോറിറ്റിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.