പാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരി ബലിയപട്ടം ടൈൽസിന് സമീപം നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും ഓട്ടോറിക്ഷയും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
കാർ യാത്രക്കാരനായ ആലക്കോട് സ്വദേശി ജിനീഷിനെ (21) കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു കാറിലെ യാത്രക്കാരായ നരിക്കോട്, മുതുകുട സ്വദേശികളായ അഖിൽ (19), റനീഷ് (19), നവനീത് (20) എന്നിവർ പാപ്പനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
അപകടത്തിൽപെട്ട ഓട്ടോറിക്ഷ ഡ്രൈവർക്കും സ്കൂട്ടർ യാത്രക്കാരനും നിസ്സാര പരിക്കേറ്റു. ബുധനാഴ്ച രാവിലെ 9.30നാണ് തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ നാലു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ പറ്റി. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പാതക്കരികിലെ തോട്ടിലേക്കാണ് മറിഞ്ഞത്. എന്നും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലത്തുണ്ടായ അപകടത്തെത്തുടർന്ന് അൽപ സമയം ഗതാഗത തടസ്സമുണ്ടായി. തുടർന്ന് വളപട്ടണം പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.