പാപ്പിനിശ്ശേരി, വേളാപുരം-മാങ്കടവ്- പറശ്ശിനിക്കടവ് റോഡ് അടച്ചു:പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി, വേളാപുരം-മാങ്കടവ്- പറശ്ശിനിക്കടവ് റോഡ് അടച്ചു. അടിപ്പാതക്ക് വേണ്ടി ആക്ഷൻ കമ്മിറ്റി ഹൈകോടതിയിലേക്ക്. കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിക്കുന്നതെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞത്.
ദേശീയ പാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി വേളാപുരത്ത് അടിപ്പാതവേണമെന്ന ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിഷേധം നിലനിൽക്കേയാണ് ദേശീയപാത അധികൃതർ മാങ്കടവ് റോഡ് അടച്ചത്. ദിനംപ്രതി വിദ്യാർഥികളടക്കം ആയിരക്കണക്കിന് ആൾക്കാർ സഞ്ചരിക്കുന്ന റോഡാണ് ബദൽ സംവിധാനം ഏർപ്പെടുത്താതെ അടച്ചത്.
റോഡ് പ്രവൃത്തി നടക്കുന്ന പ്രദേശത്തുകൂടി വളരെ യാതനയോടെയാണ് നാട്ടുകാർ കടന്നു പോകുന്നത്. നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള വികസനമാണ് ഇവിടെ നടക്കുന്നതെന്നാണ് ആക്ഷേപം. വേളാപുരം ഹൈവേയിൽ അടിപ്പാത അനുവദിക്കാത്തതുമൂലം അരോളിയിലെ റേഷൻ കട, വളരെ പ്രശസ്തമായ പാലോട്ട് വലിയകാവ്, പാപ്പിനിശ്ശേരി വില്ലേജ് ഓഫിസ്, അരോളി ഗവ. ഹൈസ്കൂൾ, കല്ലേക്കൽ ജുമാ മസ്ജിദ്, ഇർഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നാടാച്ചേരി കാവ്, വാചാക്കൽ എൽ.പി സ്കൂൾ എന്നീ പ്രദേശത്തേക്കുള്ള യാത്രയാണ് തടസ്സപ്പെടുന്നത്.
മാങ്കടവ് പറശ്ശിനിക്കടവ് റൂട്ടിൽ ഇപ്പോൾ 12 ഓളം ബസുകൾ സർവീസ് നടത്തി വരുന്നു. ബസുകൾക്ക് പുറമെ കാർ, ലോറി, ഇരുചക്രവാഹനങ്ങൾ എന്നിവ മൂന്നു കിലോമീറ്ററോളം ചുറ്റി കീച്ചേരി കവല വഴി പാലോട്ടുകാവു റോഡ് വഴിയാണ് ഇപ്പോൾ മാങ്കടവിലേക്കും പറശ്ശിനിക്കടവിലേക്കും പോയി വരുന്നത്.
ഇതുവഴി യാത്ര പോകുന്നത് കൂടുതൽ പ്രയാസമായതിനാൽ ബസുകൾ ഒഴിവാക്കാനോ, നിർത്താനോ ആണ് ബസ് ഉടമകൾ പറയുന്നത്. ഹൈവേ അധികൃത അടിപ്പാത അനുവദിച്ച് ജനങ്ങളുടെ യാത്ര സൗകര്യം സുഗമമാക്കണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അധികൃതരോട് ആവശ്യപ്പെട്ടു. വേളാപുരത്ത് അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭം ദിനം പ്രതി ശക്തിപ്രാപിച്ചുവരുകയാണ്.
ഇതിനകം ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും കേന്ദ്രമന്ത്രിയെയും ജില്ല കലക്ടറെയും ദേശീയപാത അധികൃതരെയും സന്ദർശിച്ച് അടിപ്പാതക്കായി നിവേദനങ്ങളും പരാതികളും ബോധിപ്പിച്ചിട്ടുണ്ട്.
അധികാരികളിൽ നിന്ന് അനുകൂല സമീപനം ഇതേ വരെ ഇല്ലാത്ത സാഹചര്യത്തിൽ ഹൈകോടതിയിൽ കേസ് നൽകേണ്ടുന്ന കാര്യങ്ങൾ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടിയെടുത്തു കഴിഞ്ഞു. ഏറ്റവും അടുത്തദിവസം തന്നെ ഹൈകോടതിയിൽ പരാതി സമർപ്പിക്കും. ഇതിനാവശ്യമായ ചെലവുകൾ സ്വരൂപിച്ചു കഴിഞ്ഞെന്നാണ് കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നാണ് ആക്ഷൻ കമ്മിറ്റി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.