പാപ്പിനിശ്ശേരി: കോവിഡ് കാലത്ത് നടക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ പാപ്പിനിശ്ശേരി പഞ്ചായത്തിൽ ഒരുക്കിയ പല ബൂത്തുകളിലും ഏക വാതിൽ സംവിധാനമെന്ന് പരാതി. ബൂത്തിൽ കയറാൻ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വരിയും വോട്ട് ചെയ്ത് പുറത്തിറങ്ങാൻ മറ്റൊരു വഴിയും വേണം. എന്നാൽ, അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ എല്ലാ ബൂത്തിലും ഒരു വാതിലിലൂടെ മാത്രമേ വോട്ട് ചെയ്യുന്നതിന് പ്രവേശിക്കാനും പുറത്തിറങ്ങാനും വഴിയുള്ളൂ. കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തുമ്പോൾ സാമൂഹിക അകലം പാലിക്കുന്നതിന് ക്രമീകരണം നടത്താതെ ബൂത്തുകൾ ക്രമീകരിച്ചതിനെതിരെ തെരഞ്ഞെടുപ്പ് ചുമതലെക്കത്തിയ ഉദ്യോഗസ്ഥരിൽതന്നെ പ്രതിഷേധമുണ്ട്.
ഇതോടൊപ്പം അഴിയുള്ള മുറികളായതിനാൽ രഹസ്യസ്വഭാവത്തോടെ വോട്ട് രേഖപ്പെടുത്താൻപോലും പറ്റാതെ പ്രത്യേക മറ ഒരുക്കേണ്ട അവസ്ഥയും ചില ബൂത്തുകളിലുണ്ട്. സമാന അവസ്ഥതന്നെയാണ് പഞ്ചായത്തിലെ വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ഉള്ളത്. അടുത്തടുത്ത ക്ലാസ് മുറികളിൽപോലും ബൂത്തുകൾ സ്ഥാപിച്ചതും സുഗമമായ വോട്ടെടുപ്പിന് തടസ്സം സൃഷ്ടിക്കും. ഇതേ രീതിയിൽ കല്യാശ്ശേരി പഞ്ചായത്തിൽ തീരെ സൗകര്യമില്ലാത്ത വിദ്യാലയങ്ങളിൽപോലും നാലു ബൂത്തുകൾ വരെ ഒരുക്കിയതും കോവിഡ് കാലത്തെ വോട്ടെടുപ്പ് മാനദണ്ഡങ്ങൾക്കു വിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.