പാപ്പിനിശ്ശേരി: ദേശീയപാതയിൽ നീക്കം ചെയ്യാത്ത കെട്ടിടാവശിഷ്ടം അപകടക്കെണിയൊരുക്കുന്നു. പാതക്കരികിലെ കെട്ടിടങ്ങൾ പൊളിച്ചപ്പോൾ നീക്കം ചെയ്യാതെ കിടക്കുന്ന വലിയ കോൺക്രീറ്റ് പില്ലറുകളിൽ വാഹനങ്ങൾ ഇടിച്ചുകയറിയാണ് അപകടമുണ്ടാകുന്നത്.
ഏറെ തിരക്കേറിയതും നിരവധി വാഹനാപകടങ്ങളുമുണ്ടാകുന്ന വേളാപുരം കവലയാണ് അപകടമേഖല. കൂടാതെ സമീപത്തെ സീബ്രാ വരകൾ ചേരുന്ന സ്ഥലത്ത് കോൺക്രീറ്റ് മാലിന്യം നിറഞ്ഞതിനാല്‍ കാൽനടക്കാരെയും വലക്കുകയാണ്.
നൂറുകണക്കിന് വിദ്യാർഥികളും യാത്രക്കാരും റോഡ് മുറിച്ചുകടക്കുന്ന സ്ഥലത്ത് മാലിന്യക്കൂമ്പാരം തള്ളിനിൽക്കുന്നതായതിനാൽ മുറിച്ചുകടന്നു പോകാൻ മാർഗമില്ല. നിരവധി അപകടങ്ങളാണ് മേഖലയിലുണ്ടാകുന്നത്.
റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ അവശിഷ്ടങ്ങളിൽ തട്ടി വിദ്യാർഥികളും യാത്രക്കാരും വീഴുന്നതും പതിവാണ്. കൂടാതെ പാതക്കരികിൽതന്നെ നിക്ഷേപിച്ച കോൺക്രീറ്റ് തൂണിന്റെ അവശിഷ്ടങ്ങളിൽ തട്ടി ഇരുചക്ര വാഹനങ്ങള്‍ രാത്രി അപകടത്തിൽപെടുന്നതും പതിവാണ്.
നാല് റോഡുകള്‍ കൂടിച്ചേരുന്ന സംഗമ കേന്ദ്രമാണ് വേളാപുരം കവല. കൂടാതെ അതേ സ്ഥലത്ത് ഇരുഭാഗത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഓട്ടോ സ്റ്റാൻഡും നിലവിലുണ്ട്.
അതിനിടയിലാണ് കോൺക്രീറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരവും നാട്ടുകാരെ ഏറെ വലക്കുന്നത്. അപകടങ്ങൾക്ക് വിനയാകുന്ന കെട്ടിടാവശിഷ്ടം അടിയന്തരമായും നീക്കം ചെയ്യണമെന്നാണ് സമീപ പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.