പാപ്പിനിശ്ശേരി: സി.എൻ.ജി വാഹനമുടമകൾ ഇന്ധനം നിറക്കാൻ വട്ടം കറങ്ങേണ്ട അവസ്ഥ. കാറും ഓട്ടോറിക്ഷയുമൊക്കെയായി നൂറുകണക്കിന് വാഹനങ്ങളാണ് ജില്ലയിലുള്ളത്. സാധാരണക്കാരുടെ ടാക്സിയായ ഓട്ടോ മാത്രം അഞ്ഞൂറിലേറെ. എന്നാൽ, ഇന്ധനം നിറക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ദുരവസ്ഥയാണ് ഡ്രൈവർമാർക്ക്.
സി.എൻ.ജി പമ്പുകളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമായതിനാൽ ഏറെ നേരം കാത്തുനിൽക്കണം. ജില്ലയിലെ ആദ്യത്തെ സി.എൻ.ജി പമ്പാണ് കണ്ണൂർ സെൻട്രൽ ജയിന്റെ പരിധിയിയിൽ പ്രവർത്തിക്കുന്ന പള്ളിക്കുന്നിലേത്. 2021 ജൂലൈ 31നാണ് സി.എൻ.ജി പ്രവർത്തനമാരംഭിച്ചത്. ദിനംപ്രതി 2500 കിലോവരെ സി.എൻ.ജി വിൽപന നടത്തുന്നുണ്ട്.
ഇപ്പോൾ സി.എൻ.ജി വണ്ടികളുടെ എണ്ണവും വർധിച്ചു. കൂത്തുപറമ്പ്, മട്ടന്നൂർ, വിളയങ്കോട്, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലാണ് ജില്ലയിൽ പമ്പുകൾ ഉള്ളത്. പയ്യന്നൂരുകാർക്ക് പത്തും ഇരുപതും കിലോമീറ്റർ സഞ്ചരിച്ച് വിളയങ്കോട് എത്തണം. പിന്നെയുള്ളത് കാസർകോട് ജില്ലയിലെ ചെറുവത്തൂരാണ്. മലയോര മേഖലയിലുള്ളവർ മട്ടന്നൂരിനെയാണ് ആശ്രയിക്കുന്നത്.
കിലോമീറ്ററുകൾ സഞ്ചരിച്ചുവേണം ഇന്ധനം നിറക്കാൻ. തലശ്ശേരിയിലും പന്തക്കലിലും പമ്പുകളിൽ സി.എൻ.ജി നിറക്കാനായി സംവിധാനം ഒരുക്കിയിട്ട് മാസങ്ങളായെങ്കിലും ഇന്ധനം മാത്രമെത്തിയില്ല. ഓട്ടൊ ഡ്രൈവർമാർ മണിക്കൂറുകളോളം ക്യൂ നിന്നാണ് സി.എൻ.ജി നിറക്കുന്നത്. ഇത് വരുമാന നഷ്ടമുണ്ടാക്കുന്നുണ്ട്. കണ്ണൂരിൽ ചില സാഹചര്യങ്ങളിൽ അമ്പതോളം ഓട്ടോകൾ ദേശീയപാതയിൽ ക്യൂനിൽക്കേണ്ടുന്ന സാഹചര്യം ഉണ്ടാകുന്നതായി ഓട്ടോ ഡ്രൈവർമാർ പറയുന്നു.
കൂടുതൽ സി.എൻ.ജി ഗ്യാസ് പമ്പുകൾ ജില്ലയിൽ വേണമെന്നാണ് ആവശ്യമെങ്കിലും ഗ്യാസ് സ്റ്റേഷൻ തുറക്കാൻ പമ്പുടമകൾ അപേക്ഷിക്കാത്തതും ഒരു കാരണമാണെന്ന് കണ്ണൂർ ജോയൻറ് ആർ.ടി.ഒ പറയുന്നു.
200 മുതൽ 250 കി.ഗ്രാം കംപ്രസ് ചെയ്ത ഇന്ധനമാണ് വാഹനങ്ങളിൽ അടിച്ചുവരുന്നത്. കൂടുതൽ വാഹനങ്ങളിൽ കംപ്രസ്ഡ് ഇന്ധനം അടിക്കുമ്പോഴും വലിയ വാഹനങ്ങളിൽ ഇന്ധനം നിറച്ചു കഴിഞ്ഞാൻ പിന്നീട് ചെറിയ വാഹനങ്ങളിൽ നിറക്കുമ്പോൾ ഗണ്യമായ കുറവു വരാനുള്ള സാധ്യതയുള്ളതായി ഡ്രൈവർമാർക്ക് പരാതിയുണ്ട്.
സി.എൻ.ജിക്ക് (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) ശേഷമെത്തിയ വൈദ്യുതി വാഹനങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണന നൽകുമ്പോൾ സി.എൻ.ജിയെ അവഗണിക്കുന്നതായും പരാതിയുണ്ട്. ഇന്ധനലഭ്യതയില്ലാത്തതിനാലാണ് മിക്കവരും ഇപ്പോൾ വൈദ്യുതി വാഹനത്തിന്റെ പിന്നാലെയാണ് ഓടുന്നത്. വൈദ്യുതി വാഹനത്തിനാണെങ്കിൽ ചാർജിങ് സ്റ്റേഷന് പുറമെ സ്വന്തം വീട്ടിൽ വെച്ചും ചാർജ് ചെയ്യാനുള്ള സാധ്യതയുണ്ട്.
ജില്ലയിൽ ഒരു സി.എൻ.ജി സ്റ്റേഷൻ ഉള്ളപ്പോൾ തന്നെ ഏതാണ്ട് ജില്ലയിലുടനീളം ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുത്തിരുന്നു.
കൂടുതൽ പ്രദേശങ്ങളിൽ ഗ്യാസ് സ്റ്റേഷൻ തുറക്കുമെന്നാണ് പലരും പ്രതീക്ഷിച്ചതെങ്കിലും ഒന്നുമായില്ല. സി.എൻ ജി വാഹനം പെട്രോളിലും ഓടിക്കാമെന്ന സൗകര്യമുണ്ട്. പെട്രോളിൽ ഓടുന്നത് സാമ്പത്തിക നഷ്ടമാണെന്നാണ് കീച്ചേരിയിലെ സി.എൻ.ജി ഓട്ടോ ഡ്രൈവർ ടി. സലീം പറയുന്നു.
സി.എൻ.ജി വാഹനങ്ങൾ മാർക്കറ്റിൽ ഇറക്കിയതുതന്ന പരിസ്ഥിതി സൗഹൃദ ബദൽ വാഹന ഇന്ധനം എന്ന നിലക്കാണ്. പ്രകൃതിവാതകത്തിൽ പെടുന്ന ഇന്ധനം പരിസ്ഥിതി മലിനീകരണം ഗണ്യമായി ഇല്ലാതാക്കാനുമുള്ള ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചത്. എന്നാൽ, ഇതിന്റെ നേട്ടം മനസിലാക്കി വാഹനങ്ങൾ നിരത്തിലിറങ്ങിയ വാഹന ഉടമകൾ നട്ടം തിരിയുന്ന അവസ്ഥയാണ്. ഇവരുടെ പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
‘‘പരിസ്ഥിതി മലിനീകരണമില്ലാത്തതും ജോലിചെയ്യാൻ സൗകര്യവുമുള്ള സി.എൻ.ജി ഓട്ടോ വളരെ പ്രതീക്ഷയോടെയാണ് സ്വന്തമാക്കിയത്. എന്നാൽ ഗ്യാസ് നിറക്കാൻ പോയാൽ ഉച്ചവരെയുള്ള ജോലി പോക്കാണ്. കൂടുതൽ പമ്പുകളിൽ സി.എൻ.ജി സംവിധാനം ഏർപ്പെടുത്തണം’’
വേണു പാക്കൻ, സി.എൻ.ജി ഓട്ടോ ഡ്രൈവർ, കീച്ചേരി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.