പാപ്പിനിശ്ശേരി: മനുഷ്യാവകാശ സംഘടനയുടെ പേരില്‍ വ്യാജ രസീത് അച്ചടിച്ച് പിരിവിനിറങ്ങിയ മൂന്നംഗസംഘത്തെ കണ്ണപുരം എസ്.ഐ വി.ആര്‍. വിനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കുറുമാത്തൂര്‍ ചൊറുക്കള മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ചാണ്ടിക്കരി പുത്തന്‍വീട്ടില്‍ സി.പി. ഷംസുദീന്‍(43), ശ്രീകണ്ഠപുരം നിടിയേങ്ങ സ്വദേശികളായ വില്ലേജ് ഓഫിസിന് സമീപത്തെ ഷൈനി കോട്ടേജില്‍ കെ.വി. ഷൈജു എന്ന മണി(45), മീത്തലെ വീട്ടില്‍ മോഹനന്‍(48) എന്നിവരാണ് പിടിയിലായത്.
ഹ്യൂമന്‍ റൈറ്റ്‌സ് ഡെമോക്രാറ്റിക് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടനയുടെ പേരിലാണ് രസീത് അച്ചടിച്ച് കല്യാശ്ശേരി മാങ്ങാട് ലക്‌സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്റര്‍, ബക്കളം പാർഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ പിരിവിനെത്തിയത്.
ആദ്യം പാർഥാസ് കണ്‍വെന്‍ഷന്‍ സെന്ററിനെയാണ് ഇവര്‍ സമീപിച്ചത്. തങ്ങള്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവരും നിര്‍ധനരെ സഹായിക്കുന്നവരുമാണെന്നാണ് പരിചയപ്പെടുത്തിയത്. വന്‍ തുകയാണ് സംഭാവനയായി ആവശ്യപ്പെട്ടത്.
പാർഥാസില്‍നിന്ന് ഇവര്‍ എത്തിയത് മാങ്ങാട് ലക് നോട്ടിക്കയിലേക്കാണ്. ഈ കാര്യം പാർഥാസില്‍നിന്ന് ലക്‌സോട്ടിക്കയിലേക്ക് വിവരം കൈമാറി. നിര്‍ധന രോഗിയുടെ ആശുപത്രി ബിൽ അടക്കുന്നതിന് 10,000രൂപ വേണമെന്നാണ് ഇവര്‍ ലക്‌സോട്ടിക്കയിലെത്തി ആവശ്യപ്പെട്ടത്.
എന്നാല്‍, ഇത്രയും തുക നല്‍കാന്‍ ആവില്ലെന്നു പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു നിര്‍ധനക്ക് തയ്യല്‍ മെഷീന്‍ വാങ്ങി നല്‍കുന്നതിനുള്ള പകുതി തുക തരണമെന്നായി. പകുതി തുക പാർഥാസില്‍നിന്ന് നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.
ഇതോടെ ലക്‌സോട്ടിക്ക അധികൃതര്‍ മൂന്നുപേരെയും തടഞ്ഞുവെച്ച് കണ്ണപുരം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്തെത്തി. കണ്ണപുരം പൊലീസെത്തിയാണ് മൂന്നു പേരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.