പാപ്പിനിശ്ശേരി: വലിയ ലക്ഷ്യങ്ങളോടെ കോടികൾ മുടക്കി നവീകരിച്ച പാപ്പിനിശ്ശേരി -പിലാത്തറ റോഡ് ഹൈടെക് ആയപ്പോൾ യാത്രക്കാർക്ക് ലഭിച്ചത് മരണപാത. 2018 നവംബർ 24ന് ഉദ്ഘാടനം കഴിഞ്ഞത് മുതൽ നൂറിലേറെ പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
വാഹനാപകടങ്ങൾ നൂറുകണക്കിന്. പരിക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നവർ നിരവധി. അടിക്കടിയുണ്ടാകുന്ന വാഹനാപകടവും മരണവും കാരണം കെ.എസ്.ടി.പി റോഡ് യാത്രക്കാരുടെ നെഞ്ചിടിപ്പേറ്റുകയാണ്.
അഞ്ചുവർഷം മുമ്പ് റോഡ് തുറന്നുകൊടുത്തപ്പോൾ ഒരാഴ്ചക്കുള്ളിൽ ബസപകടത്തിൽ അഞ്ചുപേരുടെ ജീവനാണ് ഒറ്റയടിക്ക് റോഡിൽ പൊലിഞ്ഞത്. തുടർന്ന് വാഹനാപകടങ്ങളുടെ പരമ്പര തന്നെ ആരംഭിച്ചു.
റോഡിൽ പൊലിഞ്ഞു വീഴുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ എണ്ണത്തിന് കണക്കില്ല. അഞ്ചുവയസ്സുകാരൻ നഴ്സറി കുട്ടിയടക്കം റോഡിൽ പൊലിഞ്ഞു. കഴിഞ്ഞമാസം പാപ്പിനിശ്ശേരി ഹാജി റോഡിന് സമീപം കടയിലേക്ക് പാഞ്ഞുകയറിയ കാർ കടയുടമയുടെ ജീവനെടുത്തിരുന്നു.
പാപ്പിനിശ്ശേരിക്കും കണ്ണപുരത്തിനും ഇടയിലെ അഞ്ച് കി.മീറ്റർ ദൂരം യാത്രക്കാരുടെ കണ്ണീർപാതയാണ്. ഒട്ടേറെ അപകടങ്ങളാണ് ഈ മേഖലയിൽ നടന്നത്. കെ.എസ്.ടി.പി റോഡിലെ അപകടത്തിൽ ഇതുവരെ ഗുരുതരമായി പരിക്കേറ്റവർ ആയിരത്തോളം പേർ വരും.
അപകടങ്ങളും മരണവും തുടർക്കഥയാകുന്നതല്ലാതെ ശാശ്വത പരിഹാരം കാണാൻ അധികൃതർ ഗൗരവം കാണിക്കുന്നില്ല. കെ.എസ്.ടി.പി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തെങ്കിലും പാതയിലെ കാമറകളും സിഗ്നൽ സംവിധാനവും ഇന്നും പ്രവർത്തിക്കുന്നില്ല. അപകടം കുറക്കാൻ സെമിനാർ അടക്കമുള്ള ബോധവത്കരണ പരിപാടികൾ നടത്തിയിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല.
21 കി.മീറ്റർ ദൈർഘ്യമുള്ള റോഡ് 120 കോടിയോളം രൂപ ചെലവിട്ടാണ് നവീകരിച്ച് അഞ്ചുവർഷം മുമ്പ് തുറന്നുകൊടുത്തത്. റോഡിന്റേയും മേൽപാലങ്ങളുടെയും അപാകം ഇപ്പോഴും കൂടുതൽ ഭാഗങ്ങളിൽ വ്യാപിച്ച് യാത്ര ദുസ്സഹമാക്കുകയാണ്.
പിലാത്തറ മുതൽ പാപ്പിനിശ്ശേരി വരെ റോഡ് പരിശോധിച്ചാൽ എണ്ണിയാൽ ഒടുങ്ങാത്ത കുഴികളാണ് വാഹനയാത്രക്കാരെ വരവേൽക്കുന്നത്.
പാപ്പിനിശ്ശേരി, പാപ്പിനിശ്ശേരി വെസ്റ്റ്, കരിക്കൻകുളം, കൊട്ടപ്പാലം, ഇരിണാവ്, കെ. കണ്ണപുരം, കണ്ണപുരം, കൊവ്വ പ്പുറം, താവം, തുടങ്ങിയ വിവിധ ഭാഗങ്ങളിലായി റോഡുകളിൽ നിറയെ കുഴികളാണ്. പല സ്ഥലത്തും മീറ്ററുകളുടെ ദൂരത്തിൽ റോഡാകെ അടർന്ന് പോയിട്ടുണ്ട്. റോഡിൽ പരക്കെയുള്ള കുഴികളും ഡ്രൈവർമാരെ പേടിപ്പെടുത്തുകയാണ്.
ദേശീയപാത വികസന പ്രവൃത്തികൾക്കിടയിൽ ചരക്കുലോറികളും ദീർഘദൂര യാത്രക്കാരും പിലാത്തറ മുതൽ വളപട്ടണം ദേശീയപാത വരെ എത്തുന്നതിനായി കെ.എസ്.ടി.പി റോഡാണ് കൂടുതൽ ആശ്രയിക്കുന്നത്. ദേശീയപാത ഒഴിവാക്കിയാൽ ഏഴു കി.മീറ്ററോളം ദൂരം കുറഞ്ഞുകിട്ടുന്നതും വാഹന യാത്രക്കാരെ കെ.എസ്.ടി.പി റോഡിനെ സ്വീകാര്യമാക്കുന്ന പ്രധാന ഘടകമാണ്.
കെ.എസ്.ടി.പി റോഡ് വളരെ വൈകിയാണ് പൊതു മരാമത്ത് വകുപ്പ് ഏറ്റെടുത്തത്. എന്നാൽ, പാലത്തിന്റെ മേൽനോട്ടം ആർക്കെന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പമാണ്. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതിനെ തുടർന്ന് 2022 ഡിസംബറിൽ 75 ലക്ഷം രൂപ ചെലവിട്ട് റോഡിന്റെ പലഭാഗത്തും പുനർ ടാറിങ് നടത്തിയിരുന്നു.
എന്നാൽ, ആ ഭാഗമടക്കമാണ് ഇപ്പോൾ തകർന്നു കിടക്കുന്നത്. സ്ലാബില്ലാത്ത ഓവുചാലുകളും അപകടം വിളിച്ചു വരുത്തുന്നു.
കെ.എസ്.ടി.പി റോഡിൽ വാഹനാപകടങ്ങൾ കുറക്കാൻ 2021 ഫെബ്രുവരിയിൽ 31 കാമറകൾ സ്ഥാപിച്ച് സേഫ്റ്റി കോറിഡോർ ആക്കി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് മുമ്പ് 2020 വരെ നടന്ന വാഹനാപകടങ്ങളെക്കുറിച്ചുള്ള പഠനവും നടത്തി. ഇതിനായി നാറ്റ് പാക് സമഗ്ര റോഡ് സുരക്ഷ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എന്നിട്ടെന്തായി എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. കാമറകൾ പ്രവർത്തിക്കുന്നുണ്ടോ എന്നുപോലും ആർക്കും അറിയില്ല.
പരിശോധിക്കാൻ സംവിധാനമില്ല. എന്നാൽ, നിത്യേന അമിത വേഗത്തിലോടുന്ന വാഹനങ്ങൾ അപകടങ്ങളുടെ പരമ്പര സൃഷ്ടിക്കുകയാണ്. ഇതുവരെ കാമറകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടില്ല.
തിങ്കളാഴ്ച അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സംഭവം യാത്രക്കാരെയും പ്രദേശവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർക്ക് നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ചതഞ്ഞ് ചുളുങ്ങി ലോറിക്കടിയിൽ പെട്ട കാർ കണ്ട് നാട്ടുകാർ അമ്പരന്നു. ഞെരിഞ്ഞമർന്ന കാറിനുള്ളിൽനിന്നും ഓരോരുത്തരെയും പുറത്തെടുക്കുമ്പോൾ ഒരാൾക്കെങ്കിലും ജീവനുണ്ടാകുമെന്ന് ജനം കരുതിയെങ്കിലും വെറുതെയായി.
തെരുവുവിളക്കുപോലും തെളിയാത്ത റോഡിൽ രക്ഷാപ്രവർത്തനവും വെല്ലുവിളിയായി. സമീപത്തെ പെട്രോൾ പമ്പിലെ നേരിയ വെളിച്ചം മാത്രമായിരുന്നു രക്ഷ. ഓടിക്കൂടിയ ജനങ്ങൾ മൊബൈൽ തെളിച്ച് വെളിച്ചം പരത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.