പാപ്പിനിശ്ശേരി: അടിക്കടി കുഴികൾ നിറയുന്ന പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ ഇപ്പോൾ മിക്കസ്ഥലത്തും ചെറിയ ‘ടാർ കൂനകൾ’ രൂപപ്പെടുന്നു. കുഴികൾ അടക്കാൻ ഉപയോഗിച്ച ടാറാണ് വെയിലിന്റെ കാഠിന്യം കൂടിയപ്പോൾ ഉയർന്നുപൊങ്ങി വാഹനയാത്രക്ക് ഭീഷണിയാവുന്നത്. ഇത് ഇരുചക്രവാഹനങ്ങൾക്കും മറ്റും വലിയ അപകടകെണിയാണ്. ഇതിനകം നിരവധി ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നതായി സമീപ വാസികൾ പറഞ്ഞു.
പതിവായി കുഴികൾ അടക്കാൻ പല പൊടിക്കൈകൾ പ്രയോഗിച്ചപ്പോഴാണ് പുതിയ രീതിയിൽ ‘ടാർ കൂനകൾ’ പാലത്തിൽ ഉയർന്നുവന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവയിൽ കയറുമ്പോൾ അപകടഭീഷണിയിലാവുന്നു. വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുമ്പോൾ നിയന്ത്രണംവിട്ട് അപകടത്തിൽപെടുന്ന അവസ്ഥയാണിപ്പോഴുള്ളത്. കഴിഞ്ഞ വർഷം പത്തിലധികം തവണയാണ് കുഴികളടച്ചത്. വീണ്ടും മിക്ക സ്ഥലത്തും താമസിയാതെ കുഴികൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം ടാർക്കൂനകളാണ് പുതിയതെരു ടൗണിലും രൂപപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പ് ഇത്തരം കൂനയിൽ തെന്നിവീണ് പിറകിൽവന്ന ലോറിയിടിച്ച് യുവാവ് മരണപെട്ടിരുന്നു. രാത്രിയിൽ വെളിച്ചമില്ലാത്ത അവസ്ഥയും അപകടം വർധിപ്പിക്കുന്നു. പാപ്പിനിശ്ശേരി മേൽപാലത്തിൽ മാത്രം മുപ്പതോളം തെരുവുവിളക്കുകൾ ഉണ്ടെങ്കിലും ഒന്നും പ്രകാശിക്കുന്നില്ല.
പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡ് തുറന്നുകൊടുക്കുമ്പോൾ 2018ൽ ആണ് സൗരവിളക്കുകൾ പാലത്തിൽ സ്ഥാപിച്ചത്. എന്നാൽ അവക്ക് രണ്ടു മാസത്തെ ആയുസ്സ് മാത്രമാണുണ്ടായത്. നാല് വർഷം കഴിഞ്ഞിട്ടും അവ അറ്റകുറ്റ പ്പണി നടത്താൻ പോലും സാധിച്ചിട്ടില്ല.
ഇതുകാരണം പാലത്തിലെ അപകടക്കൂനകൾ രാത്രിയിൽ ഇരുചക്ര വാഹനങ്ങളെയാണ് വലിയ കെണിയിൽ വീഴ്ത്തുന്നത്. ഇവ അടിയന്തരമായി നീക്കം ചെയ്യാത്തപക്ഷം മഴക്കാലത്ത് വാഹാനാപകടങ്ങൾ പെരുകാനും അപകടമരണം വരെ ഉണ്ടാകാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.